ഇടവേള ബാബുവിന് 39 തികഞ്ഞു, ഇക്കഴിഞ്ഞ മെയ് 14 ന്. 39 ബാബുവിന്റെ വയസ്സല്ല. അദ്ദേഹം സിനിമയില്‍ എത്തിയ പ്രായമാണ്. 1982 മെയ് 14 നായിരുന്നു പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത ഇടവേള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബാബുവിന്റെ അരങ്ങേറ്റ ചിത്രം.
മലയാള പത്രങ്ങളില്‍ അന്ന് അരപേജ് പരസ്യമാണ് ഇടവേളയ്ക്കുവേണ്ടി പുതുമുഖങ്ങളെ തേടുന്നു എന്ന വാര്‍ത്തയുമായി ഇറങ്ങിയത്. 2000 ത്തോളം പേര് അപേക്ഷിച്ചു. 20 പേരെ തെരഞ്ഞെടുത്തു. പക്ഷേ രവി എന്ന തന്റെ കഥാപാത്രത്തിന് ഇണങ്ങിയ ഒരാളെ കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു പത്മരാജന്. പത്മരാജനോട് ബാബുവിന്റെ പേര് പറയുന്നത് നടന് ഇന്നസെന്റാണ്. പിന്നീട് ആ പേര് സംവിധായകന് മോഹന്റെ ചെവിയിലുമെത്തി. ഇന്നസെന്റ് നേരിട്ടാണ് ഇരിങ്ങാലക്കുടയിലുള്ള ബാബുവിന്റെ വീട്ടിലെത്തി അച്ഛനോട് സംസാരിച്ച് അവനെയും കൂട്ടി മാട്ടുപെട്ടിയിലേയ്ക്ക് പോയത്. തൊട്ടടുത്ത ദിവസമായിരുന്നു ഷൂട്ടിംഗ്. ആദ്യ ഷോട്ട് തന്നെ ഓക്കെ. അതൊരു നടന്റെ പിറവികൊള്ളലായിരുന്നു.
‘ഇന്നോര്‍ക്കുമ്പോള്‍ എല്ലാം അവിശ്വസനീയമായി തോന്നുന്നു. ഇരിങ്ങാലക്കുടയില്‍ വായ്നോക്കി നടന്നിരുന്ന ഒരു കൗമാരക്കാരന് ഒരു സുപ്രഭാതത്തില്‍ നടനായി മാറുകയാണ്. അതിന് മുമ്പ് വരെ ഒരു സിനിമാഷൂട്ടിംഗ് പോലും കണ്ടിട്ടുണ്ടായിരുന്നില്ല. വന്നുപെട്ടതോ ഒരു കൂട്ടം പ്രതിഭാശാലികളുടെ ഇടയിലേക്ക്. അവരാണെന്നെ മൗള്‍ഡ് ചെയ്തെടുത്തത്. എനിക്കെല്ലാം പറഞ്ഞുതന്നത്. അതൊരു സ്കൂളായിരുന്നു. അവിടുന്ന് പഠിച്ച അറിവുകളായിരുന്നു എന്നെ ഒരു നടനാക്കിയത്.’ ഇരിങ്ങാലക്കുടയിലെ വീട്ടിലിരുന്ന് ഇടവേള ബാബു കാന്‍ ചാനലിനോട് സംസാരിച്ചു.
‘എടുത്ത് പറയേണ്ട പേര് സംവിധായകന് മോഹന്സാറിന്റേതാണ്. എഡിറ്റിംഗിന്റെ കാര്യങ്ങളാണ് അദ്ദേഹം ആദ്യം എന്നെ പഠിപ്പിച്ചത്. എനിക്ക് തോന്നുന്നു ഇന്ന് ജീവിച്ചിരിക്കുന്ന സംവിധായകരില്‍ ഏറ്റവും നല്ല എഡിറ്റിംഗ് സെന്സുള്ള ആളാണദ്ദേഹം. അനാവശ്യ ഷോട്ടുകള്‍ ഒന്നുപോലും വയ്ക്കാറില്ല. എടുത്തവയൊക്കെയും സിനിമയിലുണ്ടാകും.’
‘കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമയാണ് ഇടവേള. ഇന്നും പ്രസക്തമാണ് ആ സിനിമയുടെ വിഷയം. പത്മരാജന് സാറിനെപ്പോലെ ദീര്‍ഘദര്‍ശിയായ ഒരു എഴുത്തുകാരനുമാത്രമേ ഇത്തരം കഥകള്‍ എഴുതാനാകൂ. മോഹന്സാറിനെപ്പോലെ ഉള്‍ക്കാഴ്ചയുള്ള ഒരാള്‍ക്കുമാത്രമേ അതിനെ വിഷ്വലൈസ് ചെയ്യാന്‍ കഴിയൂ. അങ്ങനെ അനവധി പ്രതിഭകള്‍ ആ ചിത്രത്തിന്റെ നിര്‍മ്മിതിക്ക് പിറകിലുണ്ടായിരുന്നു. പ്രതിഭാധനരും അനുഭവസമ്പന്നരും അണിനിരന്ന ഒരു പുതുമുഖതാരചിത്രം. അതായിരുന്നു ഇടവേളയുടെ ഹൈലൈറ്റ്. മലയാളത്തിലിറങ്ങിയ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമാസ്കോപ് ചിത്രംകൂടിയായിരുന്നു അത്. അന്ന് 50 ദിവസം തീയേറ്ററുകളില്‍ ഓടി. അന്ന് ലഭിച്ച ഉപഹാരം ഇന്നുമെന്റെ ചില്ലലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.’
‘എനിക്ക് ഓര്‍മ്മയുണ്ട്, ലൂപ്ഡബ്ബ് ചെയ്ത ചിത്രമായിരുന്നു. വെള്ളയമ്പലത്തിലുള്ള പഴയ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വച്ചായിരുന്നു ഡബ്ബിംഗ്. പിന്നീട് പുതിയ ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ലൂപ് ഡബ്ബിംഗ് പൂര്‍ണ്ണമായും ഒഴിവാക്കി. ആദ്യം മുതല്‍ വീണ്ടും ഡബ്ബ് ചെയ്തു. ആ സിനിമയ്ക്കുവേണ്ടി പത്മരാജന്സാറും കൊടിയേറ്റം ഗോപിയേട്ടനും ജഗദീഷ് ചേട്ടനുമൊക്കെ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? കൃഷ്ണചന്ദ്രനും ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഇടവേളയ്ക്കുവേണ്ടിയാണെന്നാണ് എന്റെ ഓര്‍മ്മ.’
‘നടന് അശോകന്റെയും രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമാണ് ഇടവേള. യഥാര്‍ത്ഥത്തില്‍ അശോകനായിരുന്നില്ല ആ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. പ്രശസ്തനായ ഒരു നിര്‍മ്മാതാവിന്റെ മകനാണ്. ആദ്യഷോട്ടുതന്നെ പതിനഞ്ചോളം ടേക്ക് പോയി. ഒട്ടും ശരിയാകില്ലെന്ന വന്നപ്പോഴാണ് അയാള്‍ക്ക് പകരക്കാരനായി അശോകനെത്തിയത്.’
‘മാട്ടുപ്പെട്ടിയില്‍നിന്ന് ഷൂട്ടിംഗ് തൃശൂരിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. വീടിന്റെ പോര്‍ഷനുകളെല്ലാം അവിടെയാണ് ഷൂട്ട് ചെയ്തത്. ഞാന്‍ പഠിച്ചിരുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. പക്ഷേ അവിടെയുള്ള ആര്‍ക്കും ഞാനാണ് ആ സിനിമയിലെ നായകനെന്ന് അറിയില്ലായിരുന്നു. ആയിടയ്ക്ക് ഞങ്ങളുടെയൊക്കെ മുഖം വച്ചുകൊണ്ടുള്ള പരസ്യം വന്നിരുന്നു. അതിനുശേഷമാണ് കോളേജിലുള്ളവര്പോലും ഇടവേളയിലെ നായകന് ഞാനാണെന്ന് അറിയുന്നത്. ഇടവേള ഇറങ്ങിയശേഷം അക്കാലത്തെ ഒട്ടുമിക്ക കോളേജുകളിലും മുഖ്യാഥിതിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇടവേള ഇറങ്ങിയിട്ട് ഇപ്പോള്‍ 39 വര്‍ഷമായിരിക്കുന്നു. പലരുടെയും ഓര്‍മ്മകളില്‍ ആ ചിത്രമുണ്ട്. പക്ഷേ ഇന്നും അതിന്റെ അവശേഷിപ്പ് ലഭിച്ചത് എനിക്ക് മാത്രമാണ്. ബാബുചന്ദ്രന് എന്ന ഞാന്‍ ഇടവേള ബാബുവായത് അങ്ങനെയാണ്.’
Recent Comments