സിനിമാ സെറ്റുകളില്‍ മികച്ച ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മണിയന്‍പിള്ള രാജുവും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയും. മണിയന്‍പിള്ള രാജുവിന്റെ സെറ്റുകളില്‍ പോയിട്ടുള്ളവര്‍ ആ ഭക്ഷണ മാഹാത്മ്യത്തെക്കുറിച്ച് വാതോരാതെ പറയുന്നതും കേട്ടിട്ടുണ്ട്. അതുപോലെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്ന മറ്റൊരു നിര്‍മ്മാതാവും നടനും ഉണ്ണി മുകുന്ദനാണ്.
ഉണ്ണിമുകുന്ദന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യനിര്‍മ്മാണ സംരംഭമായ മേപ്പടിയാന് മുതല്‍ നല്ല ഭക്ഷണം സെറ്റുകളില്‍ വിളമ്പണമെന്ന് ഉണ്ണി വാശി പുലര്‍ത്തുന്നുണ്ട്. ആരോഗ്യ പരിപാലനത്തില്‍ ഏറെ ശ്രദ്ധാലുവായതുകൊണ്ടാവാം ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഉണ്ണി തയ്യാറല്ല. ഏത് സമയത്തും വൈവിദ്ധ്യമായ രുചിവിഭവങ്ങള്‍ ഉണ്ണിയുടെ സെറ്റില്‍ ലഭ്യമാണ്. മേപ്പടിയാന്റെ ഷൂട്ടിംഗില്‍ പങ്കെടുത്ത താരങ്ങളെല്ലാം ഇക്കാര്യം പലതവണ പങ്കുവച്ചിട്ടുണ്ട്. ഷെഫീക്കിന്റെ സെറ്റിലും സ്ഥിതി വ്യത്യസ്തമല്ല.
ചെറിയ പെരുന്നാള്‍ ദിവസം സെറ്റില്‍ ബിരിയാണി വച്ചുകൊടുക്കണമെന്ന് പറഞ്ഞതും ഉണ്ണിയാണ്. പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ക്ക് തലേദിവസംതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു ചെമ്പ് മട്ടന്‍ ബിരിയാണി തന്നെ ലൊക്കേഷനിലെത്തി. ഉണ്ണിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ചെമ്പ് പൊട്ടിച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു. സെറ്റിലുള്ളവര്‍ക്ക് മാത്രമല്ല ഷൂട്ടിംഗ് കാണാന്‍ വന്നവരും ബിരിയാണി കഴിച്ചാണ് സന്തോഷത്തോടെ മടങ്ങിയത്.
Recent Comments