കവിതയിലൂടെയാണ് എനിക്ക് ആ അമ്മയെ പരിചയം. രാത്രിമഴ, ആ പേരിലൊരു കവിത പഠിക്കാനുണ്ടായിരുന്നു. ഹൈസ്കൂള്‍ ക്ലാസിലാണ്. മനഃപാഠമാക്കേണ്ട പതിനാറ് വരികളുണ്ട്. പരീക്ഷയില്‍ മാര്‍ക്ക് വാങ്ങാനായി, അത് ഹൃദിസ്ഥമാക്കുമ്പോള്‍ അറിഞ്ഞില്ല, പില്ക്കാലത്ത് ആ അമ്മയുടെ അഭിമുഖം പകര്‍ത്താന്‍ എനിക്ക് നിയോഗമുണ്ടാകുമെന്ന്.
‘കുങ്കുമ’ത്തിന്റെ ലേഖകനായി പ്രവര്‍ത്തിക്കുന്ന കാലം.
സാഹിത്യകാരന്മാരെ കാണാനും കേള്‍ക്കാനുമുള്ള ഒരവസരവും അന്ന് പാഴാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ, ആ ദിനവും വന്നെത്തി. അമ്മയെത്തേടി ഞാനാ സവിധമണയുകയായിരുന്നു. മുന്‍കൂര്‍ അനുമതി തേടിയിരുന്നു. ഒരു പകല്‍ സമയം. എന്നോടൊപ്പം ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടിയും ഉണ്ടായിരുന്നു.
അമ്മ, പൂമുഖവാതില്‍ തുറന്ന് എത്തിയ നിമിഷം ഇന്നും മങ്ങാതെ, മറയാതെ മനസ്സിലുണ്ട്.
പൂക്കളുള്ള ഒരു ഓഫ്വൈറ്റ് കോട്ടണ്‍ സാരിയും കറുത്ത ബ്ലൗസുമായിരുന്നു വേഷം. ചുണ്ടില്‍ നിറഞ്ഞു തുളുമ്പുന്ന പാല്പുഞ്ചിരി. സ്നേഹപൂര്‍വ്വം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
തടികസേരയില്‍ വലതു കൈമുട്ട് താങ്ങി, താടി കൈപാദത്തിലമര്ത്തി അലസയായി അമ്മ തൊട്ടു മുന്നിലിരിക്കുന്നു.
കവിതയെക്കുറിച്ചല്ല, അമ്മ ആകുലപ്പെട്ടതൊന്നും. പ്രകൃതിയെ കുറിച്ചായിരുന്നു. അതിന്റെ സംരക്ഷണത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.
സൈലന്റ് വാലിയില്‍ ആ അമ്മയും കൂട്ടരും നട്ടുനനച്ച തൈകള്‍, തളിര്‍ത്ത് പൂവിട്ടതും, കായ് ച്ചതും അവിടേയ്ക്ക് പറവകള്‍ വന്നണയുന്നതുമെല്ലാം നേരില്‍ കണ്ടതുപോലെ വിവരിച്ചുതന്നു.
സ്ത്രീസുരക്ഷയിലും അമ്മയ്ക്ക് ആശങ്കകളുണ്ടായിരുന്നു. അതുകൊണ്ടാണ് ‘അഭയ’കേന്ദ്രമൊരുക്കി അമ്മക്കിളിയായി കൂടേറിയത്.
ആ അമ്മയുടെ സ്നേഹവും കനിവും ശബ്ദവും ഇല്ലായിരുന്നെങ്കില്‍, കാട് നമുക്ക് സ്വപ്നമാകുമായിരുന്നു. സ്ത്രീസുരക്ഷ, വിപണിയിലെ വില്പ്പനച്ചരക്ക് ആകുമായിരുന്നു.
ആ അമ്മ കൂടൊഴിയുമ്പോള്‍ അശരണരാകുന്നത് പ്രകൃതിയും പെണ്മനസ്സുമാണ്.
അമ്മേ, മാപ്പ്.
കനവ് കണ്ടതൊന്നും ഞങ്ങള്‍ക്ക് നല്കാനായില്ലല്ലോ.
കെ. സുരേഷ്
Recent Comments