എമ്പുരാൻ’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപി എ. എ. റഹീം ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. സിനിമയുടെ അണിയറപ്രവർത്തകരായ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിവാദങ്ങൾക്കൊടുവിൽ ‘എമ്പുരാൻ’ റീ-എഡിറ്റഡ് വേർഷൻ തീയറ്ററുകളിലെത്തുന്നു. 2 മിനിറ്റ് 8 സെക്കൻഡ് ദൈർഘ്യമുള്ള ചില രംഗങ്ങൾ നീക്കം ചെയ്താണ് പുതിയ പതിപ്പ് പ്രദർശനത്തിനെത്തുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയതോടൊപ്പം, വില്ലന്റെ വിവാദമായ ബജ്രംഗി എന്ന പേരും ചില സ്ഥലനാമങ്ങളും അന്വേഷണ ഏജൻസികളുടെ ബോർഡുകളും മാറ്റി.
അണിയറപ്രവർത്തകർ പുതിയ എഡിറ്റിംഗിന് ശേഷം സിനിമയുടെ ആസ്വാദനമേൽ പ്രതികൂലപ്രഭാവമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ്. മോഹൻലാൽ ഇതിനെ ഒറ്റക്കെട്ടായുള്ള തീരുമാനം എന്നാണ് വിശദീകരിച്ചെങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
വിവാദങ്ങൾക്കിടയിലും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുകയാണ്. റിലീസ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 200 കോടി ക്ലബ്ബിലെത്തി. ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ 100 കോടി കടന്ന സിനിമ, ഇതുവരെ നാലേകാൽ ലക്ഷം ടിക്കറ്റുകൾ വിറ്റതായി റിപ്പോർട്ടുകളുണ്ട്.
Recent Comments