“എമ്പുരാൻ” ഇന്ത്യയിൽ നിലനിൽക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം നൽകുന്ന മികച്ച സിനിമയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത ചില സംഭവങ്ങളെ സിനിമയിൽ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ സന്ദേശം ചിത്രത്തിലുണ്ട്. അതിനാൽ, ആരും അതിനെതിരായി പ്രതികരിക്കേണ്ടതില്ല,”. എന്നും അദ്ദേഹം പറഞ്ഞു.
“സിനിമയെ ഒരു രാഷ്ട്രീയവീക്ഷണത്തോടുകൂടി കാണേണ്ടതില്ല. സിനിമകളിൽ പല പാർട്ടികളേയും വിമർശനം ഉണ്ടാകാറുണ്ട്. അതിനെ സീരിയസ് ആയി എടുക്കാതെ, സിനിമ കാണുന്ന കൗതുകത്തോടെ ആസ്വദിക്കുകയാണ് ശരി,” ഗണേഷ് കുമാർ പത്തനാപുരം ആശിർവാദ് സിനിമ പ്ലക്സിൽ ചിത്രം കണ്ടശേഷം പ്രതികരിച്ചു.
“മലയാള സിനിമയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണിത്. മികച്ച സ്ക്രിപ്റ്റ്, ആക്ഷൻ നിറഞ്ഞ രംഗങ്ങൾ, ലോകമെമ്പാടുമുള്ള ലൊക്കേഷനുകൾ—ഈ എല്ലാം ചേർന്ന് സിനിമയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നു. പടത്തിന് അല്പം നീളം കൂടുതലാണെങ്കിലും അതിന്റെ ആവേശം അപ്രത്യക്ഷമാകില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു.
“ലാലേട്ടന് മാത്രമേ ഇന്ത്യൻ സിനിമയിൽ ഒരു പ്രാദേശിക നടൻ എന്ന നിലയിൽ ഇത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയൂ. ഇത്തരമൊരു ത്രില്ലർ മലയാളത്തിൽ ഒരുക്കാൻ അദ്ദേഹത്തിനേ കഴിയൂ. പൃഥ്വിരാജിന്റെ സംവിധാനവും അത്യന്തം മികവുറ്റതാണെന്ന് സിനിമ കാണുമ്പോൾ മനസിലാകും,” ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
“സിനിമയുടെ ട്രീറ്റ്മെന്റ് വ്യത്യസ്തമാണ്. സാധാരണ സിനിമ കാണുന്ന രീതിയിൽ നോക്കിയാൽ അതിന്റെ സവിശേഷതകൾ മനസ്സിലാകില്ല. ശ്രദ്ധയോടെ കണ്ടാൽ മാത്രമേ അതിന്റെ രസവും ത്രില്ലും അനുഭവപ്പെടൂ,” അദ്ദേഹം പറഞ്ഞു.
Recent Comments