മലയാള സിനിമാ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. വ്യത്യസ്തമായ മേഖലകളില്‍നിന്ന് സിനിമയിലെത്തിയവരുമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മേഖലയാണ് എഞ്ചിനിയറിങ്ങ്. ഒരു കാലത്ത് എഞ്ചിനിയറിങ്ങ് തോറ്റവരുടെ അവസാന പ്രതീക്ഷ എന്ന ചീത്ത പേര് കൂടി മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. എഞ്ചിനിയേഴ്സ് ദിനമായ ഇന്ന് മലയാള സിനിമയിലെ കുറച്ച് എഞ്ചിനിയര്‍മാരെ പരിചയപ്പെടാം.
1. ശ്രീകുമാരന്‍ തമ്പി
മലയാള സിനിമയിലെ ആദ്യത്തെ എഞ്ചിനിയര്‍ ഒരു പക്ഷേ ശ്രീകുമാരന്‍ തമ്പിയായിരിക്കും. തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് 1965 ലാണ് സിവില്‍ എഞ്ചിനീയറിംഗ് പാസായത്. ഗവണ്മന്റ് സര്‍വ്വീസില്‍ കോഴിക്കോട് അസിസ്റ്റന്റ് ടൗണ്പ്ലാനറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
2. ടി.ജി. രവി
ടി.ജി. രവീന്ദ്രനാഥന്‍ എന്ന ടി.ജി രവി തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് 1969 ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ സ്ഥിര സാന്നിധ്യമായി മാറി.
3. ജയരാജ്
സംവിധായകന് ജയരാജ് തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ ബിരുദം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ താമസം, അദ്ദേഹത്തെ സിനിമയിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരത്തെ അന്തരാഷ്ട്ര ചലച്ചിത്രേത്സവം അതിനുള്ള ഒരു ഉത്പ്രേരകമായി മാറി.
4. ജിഷ്ണു
റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബിരുദം നേടി. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം TATA ലീബെര്ട്ടിലേക്ക് ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെടുകയും ന്യൂഡല്‍ഹിയില്‍ നിയമിക്കപ്പെടുകയും ചെയ്തു.
5. ഇന്ദ്രജിത്ത്
തിരുനെല്‍വേലിയിലെ രാജാസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഇന്ദ്രജിത്ത് സിനിമാ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് സിനിമകളുടെ തിരക്കിലായി ജോലി ഉപേക്ഷിച്ചു.
6. വിനീത് ശ്രീനിവാസന്
മലയാള സിനിമയിലെ എഞ്ചിനിയര്‍മാരുടെ ബ്രാന്റ് അംബാസിഡര്‍. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. അതെ കോളേജില്‍ തന്നെ ഹൃദയം എന്ന സിനിമയും ഷൂട്ട് ചെയ്തു.
7. നിവിന്‍ പോളി
2006-ല്‍ അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (ഫിസാറ്റ്) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ സാങ്കേതിക ബിരുദം നേടി. ക്യാമ്പസ് പ്ലെയ്സ്മെന്റ് വഴി ബാംഗ്ലൂരിലെ ഇന്‍ഫോസിസില്‍ 2006 മുതല്‍ 2008 വരെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു.
8. എം. ജയചന്ദ്രന്
ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. 1992-ല്‍ വസുധ എന്ന ചിത്രത്തിന് പിന്നണി ഗായകനായാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് തന്റെ കരിയര്‍ ആരംഭിച്ചത്.
9. ബേസില്‍ ജോസഫ്
2012-ല്‍ സിഇടി ലൈഫ് എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനേതാവായാണ് ബേസില്‍ ജോസഫ് തന്റെ കരിയര്‍ ആരംഭിച്ചത്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലാണ് ബേസില്‍ ബിരുദം നേടിയത്.
10. അജു വര്‍ഗീസ്
ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ചെന്നൈയിലെ HSBC കമ്പിനിയില്‍ ജോലി ചെയ്തു. പിന്നീട് മലര്‍വാടി ആര്‍ട്സ് ക്ലബില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്റെ കോളേജ് സുഹൃത്തായ വിനീത് ശ്രീനിവാസന് വിളിക്കുകയായിരുന്നു.
11. ടൊവിനോ തോമസ്
കോയമ്പത്തൂരിലെ തമിഴ്നാട് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലാണ് ടൊവിനോ ബിരുദം നേടിയത്. പിന്നീട് കോഗ്നിസന്റ് ടെക്നോളജീസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു.
12. ജേക്സ് ബിജോയ്
രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മ്യൂസിക് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദവും ജേക്സ് ബിജോയ് നേടിയിട്ടുണ്ട്. 2007-ല്‍ ജേക്സ് മലയാളി എന്ന ആല്‍ബം പുറത്തിറക്കി, പിന്നീട് ഹ്രസ്വചിത്രങ്ങള്‍ക്കും പരസ്യ ജിംഗിള്സിനും സംഗീതം നല്കി.
13. അനുമോള്‍
അനുമോള്‍ കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍ നിന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്. ശാലിനി ഉഷ നായരുടെ ‘അകം’ ആണ് ആദ്യ മലയാള സിനിമ. തുടര്‍ന്ന് ദാവീദ് & ഗോലിയാത്ത്, ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി സിനിമകള്‍.
എഞ്ചിനിയര്മാരാല് സമ്പുഷ്ടമായ മലയാള സിനിമയിലെ എഞ്ചിനിയര്‍മാരുടെ പട്ടിക ഇവിടെ തീരുന്നില്ല. അസംഖ്യം എഞ്ചിനിയര്‍മാര്‍ ഓരോ ദിവസവും മലയാള സിനിമയിലേക്ക് കടന്നു വരുന്നു. എല്ലാ എഞ്ചിനിയര്‍മാര്‍ക്കും എഞ്ചിനിയറിങ്ങ് ദിനാശംസകള്‍.
Recent Comments