കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ വിജിലന്‍സ് അന്വേഷണത്തിനു കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടു .തിരുവനന്തപുരം അയിരൂരിലാണ് കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതി ഉയർന്നത് .തുടർന്നായിരുന്നു വൈദ്യുതി വിച്ഛേദിച്ചത് .
ഇന്നലെ(21 ജൂലൈ ) യാണ് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടിയുണ്ടായത്. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ഉയരുന്ന പരാതി. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. അതിനിടെ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നു. ഈ സംഭവം ഇടതു സർക്കാരിന്റെ പ്രതിഛായയ്ക്ക് തിരിച്ചടി നേരിട്ടതിനാലാണ് അനേഷണം നടത്താൻ ഉത്തരവുണ്ടായത് .
രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറയുകയായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് ചെയ്തത് .തുടർന്ന് വൈദ്യുതി തകരാർ പരിഹരിക്കാൻ ജീവനക്കാര്‍ തയ്യാറായില്ല. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. പിഞ്ചു കുട്ടികളടക്കം രാത്രിയിൽ ഇരുട്ടിൽ കഴിയേണ്ടിവന്നുവെന്നാണ് പരാതി. അതേസമയം, കുടുംബത്തിനെതിരെ കേസ് കൊടുത്തും പ്രതികാരം ചെയ്യുകയാണ് കെഎസ്ഇബി. മദ്യപിച്ച് എത്തിയതിന് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്ഐആർ ഇട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് കെഎസ്ഇബി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബിയുടെ പരാതി.
അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി മീറ്റർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ ഫീഡർ ഓഫ് ചെയ്തിട്ടു പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി പറയുന്നു. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
Recent Comments