സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് ജനുവരി 17 ന്. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുകൊള്ളുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ചില ക്രമീകരണങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഇതിനെ മുന്‍നിര്‍ത്തി പല അപവാദപ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. അതില്‍ പ്രധാനം ആ ദിവസം ബുക്ക് ചെയ്ത മറ്റു വിവാഹങ്ങളെല്ലാം മാറ്റി വയ്ക്കുമെന്നാണ്. ഇന്നലെ ഇത് സംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതില്‍, ബുക്ക് ചെയ്ത ഒരു വിവാഹങ്ങള്‍ക്കും മാറ്റം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, ഇന്നലെയും ജനുവരി 17 ലേയ്ക്ക് വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം മുന്‍കൂട്ടി ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രമല്ല, പുതുതായി ശീട്ടാക്കിയ കല്യാണങ്ങളും മുടക്കമില്ലാതെ നടക്കുമെന്നുതന്നെയാണ്.
മൂന്ന് ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 11 ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു മോക്ഡ്രില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ചിരുന്നു. കളക്ടര്‍ ആവശ്യപ്പെട്ട പ്രകാരം ആ ചര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ സുരേഷ് ഗോപിയും എത്തിയിരുന്നു. ജനുവരി 17 ന് ബുക്ക് ചെയ്ത ഒരു കല്യാണങ്ങള്‍ക്കും മാറ്റം ഉണ്ടാകരുതെന്ന് അന്നദ്ദേഹം കളക്ടറോടും ദേവസ്വം അഡ്മിനിസ്ട്രേറ്ററോടും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സുരേഷ് ഗോപിക്കെതിരെ വ്യാജ പ്രചരണങ്ങളാണ് ഇപ്പോഴും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഒരു മാനുഷിക പരിഗണനയെങ്കിലും സുരേഷ് ഗോപിയോട് കാട്ടണം. ഒരു നടനും രാഷ്ട്രീയ നേതാവിനുമപ്പുറം അദ്ദേഹം ഒരു പിതാവ് കൂടിയാണ്. സ്വന്തം മകളുടെ വിവാഹം അതിന്റെ എല്ലാ സന്തോഷത്തോടും നടന്നുകാണാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. അതിനൊപ്പം നിന്നില്ലെങ്കിലും, ആ പിതൃമനസ്സിനെയെങ്കിലും നമുക്ക് നോവിക്കാതിരിക്കാം.
Recent Comments