നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായ സംഗീതയ്ക്കൊപ്പം സഹായിയായി എത്തിയതായിരുന്നു ഭര്‍ത്താവ് കൂടിയായ സന്തോഷ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് രണ്ട് കാലുകളുടെയും ചലനശേഷി സന്തോഷിന് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ മത്സരത്തിനുശേഷം സുരേഷ്ഗോപി തന്നെയാണ് സന്തോഷിനെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. പാട്ടുകാരനാണെന്ന് അറിഞ്ഞപ്പോള്‍ ഒരു പാട്ട് പാടാന്‍ പറഞ്ഞു. പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ടാണ് ആലപിച്ചത്. ഗായകനെ സുരേഷ്ഗോപിക്കും ശരിക്കും ഇഷ്ടമായി. സിനിമയില്‍ ഒരു പാട്ട് പാടാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോള്‍ പതിവുപോലെ ശ്രമിക്കാമെന്നൊരു വാക്ക് സുരേഷ്ഗോപി നല്കി. കാവല്‍ എന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ഈ പ്രോഗ്രാം കാണാനിടയായ കാവലിന്റെ സംവിധായകന് നിഥിന് രഞ്ജി പണിക്കരാകട്ടെ സുരേഷ്ഗോപി ശുപാര്‍ശ ചെയ്യുന്നതിനുമുമ്പേ ചിത്രത്തിലെ ഒരു പാട്ട് സന്തോഷിനായി നീക്കിവച്ചു. ഇനിയുള്ള കാര്യങ്ങള്‍ സന്തോഷ് തന്നെ നേരിട്ട് സംസാരിക്കട്ടെ.
‘പാട്ട് പാടാനുള്ള കാത്തിരിപ്പിലായിരുന്നു ഞാനും. പക്ഷേ നാളുകള്‍ നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ഇനി വിളിക്കുമോ എന്നുപോലും ഭയന്നു. അങ്ങനെയിരിക്കെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂരിന്റെ വിളി എത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞ് റിക്കോര്‍ഡിംഗ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും എറണാകുളംവരെ വരണമെന്നും പറയുന്നു. വലിയ സന്തോഷമായി, ഒപ്പം ചെറിയ പേടിയും. കാരണം ത്രോട്ട് ഏറ്റവും പ്രശ്നമായി നില്ക്കുന്ന സമയമായിരുന്നു അത്. സംഗീതയാണ് ധൈര്യം പകര്‍ന്നത്. ബസ്സില്‍ ഞങ്ങള്‍ എറണാകുളത്തെത്തി. സ്റ്റുഡിയോയിലെത്തുമ്പോള്‍ മധു ബാലകൃഷ്ണന് പാടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റിക്കോര്‍ഡിംഗ് നീണ്ടതുകൊണ്ടാവാം മറ്റൊരു സ്റ്റുഡിയോയിലേയ്ക്ക് റിക്കോര്‍ഡിംഗ് മാറ്റിയത്. അവിടെവച്ചാണ് സംഗീതസംവിധായകന് രഞ്ജിന്‍രാജ് അതിമനോഹരമായി പാടിയ ആ പാട്ടിന്റെ റിക്കോര്‍ഡ് ഞാന്‍ കേള്‍ക്കുന്നത്. അത് മൂന്നുതവണ കേട്ടു. അതിനുശേഷം നേരെ ലൈവ് റിക്കോര്ഡിംഗിലേയ്ക്ക് കടക്കുകയായിരുന്നു. സംവിധായകന് നിഥിന് രഞ്ജിപണിക്കര്‍ എല്ലാ പ്രോത്സഹനങ്ങളും തന്ന് ഒപ്പമുണ്ടായിരുന്നു. റിക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ പാട്ട് നന്നായി എന്ന് എല്ലാവരും പറഞ്ഞു.’
Link: https://www.facebook.com/111155237369983/posts/409451350873702/
‘പാട്ട് പക്ഷേ സിനിമയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് മുമ്പേ പറഞ്ഞിരുന്നു. കഥാസന്ദര്‍ഭം അതിന് ചേരുന്നതല്ല. അതുകൊണ്ട് ചിത്രച്ചേച്ചി പാടിയ പാട്ടാണ് ആ സീനില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പറഞ്ഞു. പകരം യൂട്യൂബിലൂടെയാണ് എന്റെ പാട്ട് റിലീസ് ചെയ്തത്. കാവല്‍ റിലീസ് ചെയ്ത ദിവസംതന്നെ ഞാനും തീയേറ്ററിലെത്തി. പാട്ടുരംഗം വന്നപ്പോള്‍ ഒരു ചെറിയ വിഷമം ഉണ്ടാകാതിരുന്നില്ല. എന്റെ പാട്ട് തീയേറ്ററിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ. എന്നാലും നിറഞ്ഞ സന്തോഷമുണ്ട്. ഈ സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചല്ലോ.’ സന്തോഷ് പറഞ്ഞു.
തിരുവനന്തപുരം പാലോട് സ്വദേശിയാണ് സന്തോഷ്. ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപികയായ സംഗീതയാണ് ഭാര്യ. ഇപ്പോള്‍ കഴക്കൂട്ടത്താണ് താമസം. ബികോം കഴിഞ്ഞ് പോളിടെക്നിക്കില്‍നിന്ന് ഡിപ്ലോമ നേടിയ സന്തോഷ് സോഫ്റ്റ് വെയര്‍ ഡവലപ്പറായിട്ടാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ നല്ല അവസരങ്ങള്‍ സിനിമയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്തോഷ് ഇപ്പോഴും.
‘പാട്ട് നന്നായി എന്ന് എല്ലാവരും പറഞ്ഞു, പക്ഷേ സുരേഷ്ഗോപി സാര്‍ മാത്രം ഇനിയും എന്നെ വിളിച്ചിട്ടില്ല. അദ്ദേഹം തിരക്കിലാണെന്നറിയാം. എന്തോ സസ്പെന്‍സ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും കേട്ടു. ആ വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്.’ സന്തോഷ് പറഞ്ഞുനിര്‍ത്തി.
Recent Comments