വിവാദമായ മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് മനീഷ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്. സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും, പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യമുള്ളപ്പോഴെല്ലാം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി സിസോദിയയോട് നിര്‍ദ്ദേശിച്ചു.
2023 ഫെബ്രുവരി 26 നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 മാര്‍ച്ച് 9-ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു .2023 ഫെബ്രുവരി 28 ന് അദ്ദേഹം ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.
17 മാസമായി കസ്റ്റഡിയിലാണെന്നും തനിക്കെതിരായ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ ജാമ്യാപേക്ഷ നല്കി. ഇഡിയും സിബിഐയും ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. വിഷയത്തിലെ വാദത്തിനിടെ രണ്ട് കേസുകളിലുമായി ആകെ 493 സാക്ഷികളുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി, വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് അന്വേഷണ ഏജന്‍സികളായ സിബിഐയോടും ഇഡിയോടും ചോദിച്ചിരുന്നു.
Recent Comments