ഞാന്‍ ആദ്യമായി ലാല്‍ സാറിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് അപ്പു എന്ന ചിത്രത്തിലെ ‘കൂത്തമ്പലത്തില്‍ വച്ചോ കുറുമൊഴി കുന്നില്‍ വച്ചോ…’ എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം മുതല്ക്കാണ്. അത് കോറിയോഗ്രാഫി ചെയ്തത് കുമാര്‍ മാസ്റ്ററും ഞാനുമായിരുന്നു.
അതിനുമുമ്പ് മാധവന് മാസ്റ്ററുടെയും വസന്തന് മാസ്റ്ററുടെയും ഡാന്‍സ് അസിസ്റ്റന്റായി ലാല്‍ സാറിനോടൊപ്പം നിരവധി സിനിമകളില്‍ നൃത്തം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങള്‍ക്കിടെ വലിയ അകലമുണ്ടായിരുന്നു.
മലയാള സിനിമയിലെ ഒരു നായകനടനുമപ്പുറം മോഹന്‍ലാല്‍ എന്ന താരത്തെക്കുറിച്ച് ഒരറിവുകളും എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നില്ല. കോറിയോഗ്രാഫറായി ലാല്‍ സാറിന്റെ സിനിമകളില്‍ സ്ഥിരസാന്നിദ്ധ്യമായി മാറിയപ്പോഴാണ് അദ്ദേഹത്തിന്റെ കഴിവുകളെയും സ്വഭാവ വൈശിഷ്ട്യങ്ങളെയും അടുത്തറിയാന്‍ കഴിഞ്ഞത്.
അപ്പുവിന് പിന്നാലെ ധനം, ഭരതം, കമലദളം, കിലുക്കം, നരസിംഹം, പക്ഷേ, ബാബാകല്യാണി, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, പവിത്രം, യോദ്ധ, മിഥുനം, സ്ഫടികം, വഴിയോരക്കാഴ്ചകള്‍, ചന്ദ്രോത്സവം, നാട്ടുരാജാവ്, താണ്ഡവം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, രാജശില്പി, കിഴക്കുണരും പക്ഷി, ലേഡീസ് ആന്റ് ജെന്റില്മാന്, ഫ്ളാഷ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കളിപ്പാട്ടം, അഭിമന്യു, അദ്വൈതം, ദേവദൂതന്, ആറാം തമ്പുരാന്, രാവണപ്രഭു, മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്, കനല് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തു. ലാല്‍സാറിനുവേണ്ടി കൂടുതല്‍ സിനിമകളില്‍ കോറിയോഗ്രാഫി ചെയ്തിട്ടുള്ളതും ഞങ്ങളായിരിക്കണം.
ഒരു ട്രെയിന്‍ഡ് ഡാന്‍സറല്ല ലാല്‍സാര്‍. എന്നാല്‍ അദ്ദേഹം നൃത്തം ചെയ്യുമ്പോള്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച ഒരാളെപ്പോലെയാണ് തോന്നുക. ഒരു സംഭവം പറയാം.
കമലദളത്തിലെ ‘ആനന്ദ നടനമാടിനാല്…’ എന്ന് തുടങ്ങുന്ന ഗാനരംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. അതിലൊരു കഥക്കിന്റെ പോര്‍ഷനുണ്ട്. ലാല്‍സാറും മോനിഷയുമാണ് രംഗത്ത്. മോനിഷ നല്ലൊരു ക്ലാസിക് ഡാന്‍സറാണ്. എന്നിട്ടും പലതവണ മോനിഷയുടെ ബാലന്‍സ് തെറ്റിയപ്പോള്‍ അവരെ ഒഴിവാക്കി. ആ രംഗത്ത് ലാല്‍സാറിനെ മാത്രം വച്ചു. കൈകാലുകളുടെ ക്രമനിബദ്ധമായ ചലനങ്ങള്‍ക്കൊപ്പം ആറ് തവണ വലംവച്ചുവേണം നില്‍ക്കേണ്ടത്. ടേക്ക് എടുക്കുന്നതിന് മുമ്പായി ഒരു കാര്യം മാത്രമേ ലാല്‍സാല്‍ എന്നോട് ആവശ്യപ്പെട്ടുള്ളൂ. ഓരോ ചുറ്റ് കഴിയുമ്പോഴും അത് കൗണ്ട് ചെയ്യണം. ഞാന്‍ മാറിനിന്ന് കൗണ്ട് ചെയ്തു. ആറാമത്തെ ചുറ്റും കൃത്യമായ ടൈമിംഗില്‍ ആടി നിര്‍ത്തുമ്പോള്‍ സെറ്റ് മുഴുവനും കരഘോഷമായിരുന്നു.
ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അസാമാന്യ നിരീക്ഷണപാടവമുള്ള നടനാണ് ലാല്‍സാര്‍. റിഹേഴ്സല്‍ സമയത്തൊക്കെ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടാകും. മൂവ്മെന്റ്സുകളൊക്കെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ടേക്കിന് വന്ന് നില്ക്കുമ്പോള് ഒരു സംശയവും അവശേഷിപ്പിച്ചിരിക്കില്ല.
കുമാര്‍ മാസ്റ്ററുടെ സഹായിയായിട്ടാണ് എന്റെ തുടക്കം. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് കോറിയോഗ്രാഫി ചെയ്തു. (ശാന്തി, കുമാര്‍ മാസ്റ്ററെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് ആണ്മക്കള്. അക്ഷയ് കുമാറും അഭിഷേകും.) ഒരേസമയം രണ്ട് സിനിമകള്‍ വരുമ്പോള്‍ ലാല്‍സാറിന്റെ പടങ്ങളാണ് ഞാന്‍ ചോദിച്ചുവാങ്ങിയിരുന്നത്. അങ്ങനെ ഞാന്‍ ചെയ്ത ഒരു ലാല്സാര്ചിത്രമാണ് രാവണപ്രഭു.
അതിലെ ‘അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കള് അറിയാതെ…’ എന്നു തുടങ്ങുന്ന ഗാനരംഗം. കോറിയോഗ്രാഫി ചെയ്ത എല്ലാ നൃത്തരംഗങ്ങളും എനിക്ക് ഒരുപോലെ ഇഷ്ടമാണെങ്കിലും എന്റെ ഫേവറൈറ്റ് ‘അറിയാതെ അറിയാതെ…’ തന്നെയാണ്.
ഒരു മികച്ച അഭിനേതാവിനുമപ്പുറം നല്ലൊരു മനുഷ്യസ്നേഹികൂടിയാണ് ലാല്‍സാര്‍. അങ്ങനെയുള്ള നിരവധി സന്ദര്‍ഭങ്ങളും എന്റെ ഓര്‍മ്മയിലുണ്ട്.
മൊഹബത്ത് എന്ന സ്റ്റേജ് പ്രോഗ്രാമുമായി ഞങ്ങള്‍ ഗള്‍ഫ് നാടുകളില്‍ എത്തിയ സമയം. എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് ഞങ്ങളെല്ലാവരും പുറത്തിറങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളൊഴികെ. ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അവളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയിട്ടാവണം എല്ലാ കാര്യങ്ങളും പൂര്‍ത്തിയാകുന്നതുവരെ ലാല്‍സാര്‍ അവരോടൊപ്പം നിന്നു. എന്നിട്ടാണ് പുറത്തിറങ്ങിയത്.
ഞങ്ങള്‍ ഡാന്‍സേഴ്സിന് താമസസൗകര്യം ഒരുക്കിയിരുന്നത് മറ്റൊരു ഹോട്ടലിലായിരുന്നു. ഇതറിഞ്ഞ് ലാല്‍സാര്‍ പരിപാടിയുടെ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി. എല്ലാവര്ക്കും ഒരേ ഹോട്ടലില്‍ താമസസൗകര്യം ഒരുക്കണമെന്നും എല്ലാവരേയും ഒരേപോലെ ട്രീറ്റ് ചെയ്യണമെന്നും അദ്ദേഹം ശഠിച്ചു. അതിനുശേഷമാണ് ഡാന്‍സേഴ്സിനെ ആ ഹോട്ടലിലേയ്ക്ക് മാറ്റിയത്.
ആദ്യമൊക്കെ ബഹുമാനം കലര്‍ന്ന ഭയമായിരുന്നു ലാല്‍സാറിനോട്. അത് പിന്നെ ആദരവായി. ആദരവ് ആരാധനയായി മാറി. ഇന്നും ലാല്‍സാറിന്റെ തികഞ്ഞ ആരാധികയാണ് ഞാന്‍.
Recent Comments