കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്, നടന് കൃഷ്ണകുമാറിനെ ഞങ്ങള്‍ വിളിച്ചത്. സംസാരത്തിനിടയില്‍ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണകുമാറിന്റെ കാര്യവും കടന്നുവന്നു. അടുത്തിടെ മകള്‍ക്ക് രണ്ട് ചിത്രങ്ങള്‍ നഷ്ടമായ കാര്യം അപ്പോഴാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അതിനുപിന്നില്‍ ചില പൊളിറ്റിക്സ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിനിമയില്‍ മതവും രാഷ്ട്രീയവും കലര്‍ത്താന്‍ പാടില്ലെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ അതന്വേഷിക്കപ്പെടേണ്ടതാണെന്നും ഞങ്ങള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യത്തിലും ഉറച്ചുനിന്നു.
തുടര്‍ന്ന് ഞങ്ങളൊരു അന്വേഷണം നടത്തിയിരുന്നു. പലരേയും വിളിച്ച് സംസാരിച്ചിരുന്നു. അതില്‍ ആരോപണവിധേയരുള്പ്പെടെ ഉണ്ടായിരുന്നു.
അന്വേഷണത്തില്‍നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായ കാര്യം കൃഷ്ണകുമാര്‍ ആരോപിച്ചതുപോലൊരു ‘ഇടപെടല്‍’ നടന്നിട്ടില്ലെന്ന് തന്നെയാണ്. അതിനുപിന്നാലെ കൃഷ്ണകുമാറിനെ വിളിച്ചിരുന്നു. വസ്തുത പറയാന്‍ തുനിഞ്ഞെങ്കിലും ‘അക്കാര്യം പൂര്‍ണ്ണമായും മറന്നുവെന്നുള്ള’ മറുപടിയാണ് കൃഷ്ണകുമാര്‍ നല്‍കിയത്. ചെറിയ തീപ്പൊരിയെങ്കിലും അത് കെട്ടുപോയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളും.
എന്നാല്‍ ഇന്നലെ വൈകുന്നേരം ഒരു പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. വായിച്ചുനോക്കിയപ്പോള്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ ലെറ്റര്‍ഹെഡില്‍ രവി കെ. ചന്ദ്രന്, സി.വി. സാരഥി, ബാദുഷ എന്‍.എം., വിവേക് രാമദേവന്, ശരത് ബാലന് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്തവനയായിരുന്നു അത്.
അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്. ഓപ്പണ്‍ബുക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഭ്രമം എന്ന സിനിമയില്‍നിന്ന് അഹാനയെ ഒഴിവാക്കിയത് ഒരു രാഷ്ട്രീയ പരിഗണനയുടെയും പേരിലല്ല. ക്യാമറാ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം കഥാപാത്രത്തിന് ഒട്ടും അനുയോജ്യയല്ലാത്തതുകൊണ്ട് സംവിധായകന് ഉള്‍പ്പെടെയുള്ളവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. മറ്റുള്ള പ്രചാരണങ്ങള്‍ അസത്യമാണെന്നുമാണ് പ്രസ്താവനയില്‍ കാണുന്നത്.
അതിന് തൊട്ടുമുമ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൃഷ്ണകുമാര്‍ അനുവദിച്ച അഭിമുഖത്തില്‍ അഹാനയെ ഒഴിവാക്കയതിന് കാരണമായി അദ്ദേഹം ഉയര്‍ത്തുന്നത് ‘ബി.ജെ.പികാരനും അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ കാണില്ല’ എന്ന ഗുരുതര ആരോപണമാണ്. അതിന് മറുപടി എന്ന നിലയിലാണ് ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് പ്രസ്താവന ഇറക്കിയത്.
നേരത്തെ പറഞ്ഞല്ലോ, കൃഷ്ണകുമാര്തന്നെ ഉന്നയിച്ച ആരോപണങ്ങളുടെ ചുവടുപിടിച്ച് ഞങ്ങളും പലരെയും വ്യക്തിപരമായി വിളിച്ച് സംസാരിച്ചിരുന്നുവെന്ന്. അതിന്നിന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ട വിവരങ്ങള്‍ പറയാം.
പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രമാണ് ഭ്രമം. പ്രശസ്തമായ ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്കാണത്. അതില്‍ പൃഥ്വിരാജിന്റെ ജോഡിയായി പ്രൊഡ്യൂസറുള്പ്പെടെ നിര്‍ദ്ദേശിച്ച പേര് അഹാനയുടേതായിരുന്നു. സംവിധായകന് അതിനുമുമ്പുവരെ അഹാനയെ അറിയുകയോ അവരുടെ സിനിമ കാണുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ വേറെ ചില താരങ്ങളായിരുന്നു. കാരണം, കഥാപാത്രം അത്ര മെച്ച്വേര്ഡാണ്. എല്ലാവരും അഹാനയെക്കുറിച്ചും അവരുടെ പ്രകടനത്തെക്കുറിച്ചും നല്ലതുമാത്രം പറഞ്ഞപ്പോള്‍ ഡയറക്ടറും സമ്മതം മൂളി. അതിനുമുമ്പ് നിര്‍ബ്ബന്ധമായും ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും വിധേയമാകണമെന്ന് വ്യവസ്ഥ വച്ചിരുന്നു. അതുവരെ ഈ വിവരം മാധ്യമങ്ങളെ അറിയിക്കരുതെന്നും. എന്നാല്‍ അതിനുമുമ്പേ വാര്‍ത്ത ചോര്‍ന്നു. പിന്നീട് ക്യാമറടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനുമായി അഹാനയെ വിളിക്കുമ്പോള്‍ അവര്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. രണ്ടാമൂഴത്തില്‍ അവര്‍ കോവിഡ് ബാധിതയുമായി. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് അഹാന കോസ്റ്റ്യൂം ട്രയലിനെത്തിയത്. അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ സംവിധായകനോ ക്യാമറാമാനോ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിനോ സംവിധാന സഹായികള്‍ക്കോ ഇഷ്ടമായില്ല. തുടര്‍ന്നാണ് അഹാനയെ മാറ്റാന്‍ തീരുമാനിച്ചത്. ഷൂട്ടിംഗ് തുടങ്ങാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ പുതിയൊരു നടിയെ കണ്ടെത്താന്‍ അവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒടുവിലാണ് രാഖിഖന്ന അവര്‍ക്ക് പകരക്കാരിയായി എത്തുന്നത്. ഇതാണ് വാസ്തവം.
സത്യം ഇതായിരിക്കെ സിനിമയിലേയ്ക്ക് രാഷ്ട്രീയത്തേയും അതുവഴി മതത്തേയും കൂട്ടിക്കലര്‍ത്തുന്നത് സദുദ്ദേശത്തോടെയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കാരണം ഏറ്റവും സെന്‍സിറ്റീവായ വിഷയങ്ങളാണ് ഇവര്‍ രണ്ടും. മനസ്സിനെ വേഗത്തില്‍ വിഷലിപ്തമാക്കാനും അതുവഴി വലിയ കലാപങ്ങളിലേയ്ക്ക് നയിക്കാനും അത് വഴിവയ്ക്കും.
സിനിമയെന്നത് ഒരു കലാരൂപമാണ്. കലാകാരന്മാരുടെ കൂട്ടായ്മയാണ്. ഭാവനയും സൃഷ്ടിപരതയുമാണ് അവരെ നയിക്കേണ്ടത്. അതിലേയ്ക്ക് വിഷം ചീറ്റുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടായാലും അത് അക്ഷന്തവ്യമായ അപരാധമാണ്.
കലാകാരന്മാരുടെ ഹാര്‍മണി കൂടിയാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. വടക്കായാലും തെക്കായാലും അതിനൊരു ഐക്യരൂപമേയുള്ളൂ. അസംഖ്യം മനുഷ്യരെ രസിപ്പിക്കുക എന്ന ദൗത്യമാണ് അത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതിനെ കേവലം വിഭാഗീയതകളുടെ പേരില്‍ ഛിന്നഭിന്നമാക്കരുത്.
Recent Comments