സ്കൂളില്‍ പഠിക്കുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും ഓരോ ഇഷ്ടനായകന്മാരുണ്ടാകും. എനിക്കുമുണ്ടായിരുന്നു ഒരു സൂപ്പര്‍ഹീറോ. കമല്ഹാസന്. എന്റെ കമല്പ്രാന്ത് കൂട്ടുകാര്‍ക്കിടയില്‍പോലും പ്രശസ്തമായിരുന്നു. കമല്സാറിനോടുള്ള ആരാധന മൂത്താണ് ഞാനൊരു സിനിമാനടനായതുപോലും.
രാജീവ് മേനോന് സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് എനിക്ക് കമല്‍ സാറിന്റെ ഇന്റര്‍വ്യൂ പകര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത്. ചാരുഹാസന് സാറിന്റെ 50-ാം വിവാഹവാര്‍ഷിക വേളയില്‍ അദ്ദേഹത്തിനുള്ള ആദരവെന്ന നിലയില്‍ ആ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബൈറ്റ് എടുക്കാനുള്ള ചുമതല രാജീവ്സാര്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എന്റെ കൂടെ വന്നത് മണിരത്നം സാറിന്റെ അസിസ്റ്റന്റായിരുന്ന പ്രിയയും. ഞാനായിരുന്നു ക്യാമറാമാന്. അങ്ങനെയാണ് ആദ്യമായി കമല്‍സാറിന്റെ അടുക്കല്‍ എത്തുന്നത്. മലയാളിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മലയാളത്തിലാണ് സംസാരിച്ചത്. എന്റെ ആരാധന വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം ചിരിച്ചതേയുള്ളൂ. ഇന്റര്‍വ്യൂവിന് മുമ്പായി ബാക്ക് ഗ്രൗണ്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊള്ളട്ടേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ എന്തെങ്കിലും ആശയമുണ്ടെങ്കില്‍ ചെയ്തുകൊള്ളുവാനും അദ്ദേഹം അനുവാദം തന്നു. അവിടെയുണ്ടായിരുന്ന കമല്‍സാറിന്റെ അമ്മയുടെ ഛായാചിത്രം ഞാന്‍ ബാക്ക്ഗ്രൗണ്ടായി വച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായെന്ന് മനസ്സിലായി. അതായിരുന്നു ആദ്യകൂടിക്കാഴ്ച.
പിന്നീട് നടനായശേഷവും ഒരിക്കല്‍ അദ്ദേഹത്തെ കണ്ടു. അച്ചുവിന്റെ അമ്മ കഴിഞ്ഞ് എന്റെ ആദ്യത്തെ തമിഴ് ചിത്രമായ ചിത്തിരം പേശുതടിയുടെ ഷൂട്ടിംഗിനായി ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു. അന്നവിടെ കമല്‍സാറിന്റെ ഒരു പടത്തിന്റെ ഷൂട്ടിംഗും നടക്കുന്നുണ്ടായിരുന്നു. ഞാന്‍ പോയി കമല്‍സാറിനെ കണ്ടു. സ്വയം പരിചയപ്പെടുത്തി. അച്ചുവിന്റെ അമ്മയില്‍ അഭിനയിച്ച കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ അതറിയാമെന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. ഉര്വ്വശിചേച്ചി അതിനുമുമ്പേ ഈ വിവരം കമല്‍ സാറിനോട് പറഞ്ഞിട്ടുണ്ടാവണം. ഞാനൊരു കടുത്ത കമല്‍ ആരാധകനാണെന്നും ചേച്ചി വഴി അദ്ദേഹം അറിഞ്ഞിരിക്കുന്നു.
പിന്നീടൊരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്നു. അതിനുമുമ്പ് മാനേജരില്‍നിന്ന് അനുമതി തേടിയിരുന്നു. അര മണിക്കൂര്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. അത് തീരുമാനിക്കേണ്ടത് കമല്സാറാണെന്ന് മാത്രം മാനേജര്‍ പറഞ്ഞു. മുപ്പത് മിനിറ്റ് മാത്രം തേടിപ്പോയ എന്നെ മൂക്കാല്‍ മണിക്കൂറിലേറെ അദ്ദേഹത്തോടൊപ്പം ചെലവിടാന്‍ അനുവദിച്ചു.
എന്റെ വിവാഹ റിസപ്ഷന് ചെന്നൈയില്‍വച്ചും നടത്തിയിരുന്നു. കമല്‍സാറിനെയും ക്ഷണിച്ചിരുന്നു. അന്നും അദ്ദേഹം വന്ന് എന്നെയും മഞ്ജുവിനെയും അനുഗ്രഹിച്ചു.
അതിനുശേഷം പലവട്ടം തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹംമാത്രം ബാക്കിയായി. ചില സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കാതെയുമിരുന്നില്ല. സമയമാകുമ്പോള്‍ അത് നടക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സുഗീത് സംവിധാനം ചെയ്യുന്ന ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നു ഞാന്‍. അവിടെവച്ചാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്ന വിക്രത്തിന്റെ ടീസര്‍ ഞാന്‍ കാണുന്നത്. ലോകേഷിന്റെ കൈദിയില്‍ ഞാന്‍ കാര്‍ത്തിക്കിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വിളിക്കുമ്പോള്‍ ‘എനിക്കും അതിലൊരു നല്ല വേഷമുണ്ടെ’ന്ന് ലോകേഷ് പറഞ്ഞു. ആകസ്മികമാണെങ്കിലും അന്നെനിക്കുണ്ടായ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.
ദുബായിലെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയില്‍ എത്തിയതിനു പിന്നാലെ ലോകേഷ് വീട്ടില്‍വന്ന് കഥ പറഞ്ഞു. കമല്‍സാറിനൊപ്പമുള്ള ഒരു കഥാപാത്രമാണ്. ലോകേഷും ഒരു കറകളഞ്ഞ കമല്‍ ആരാധകനാണെന്ന് എനിക്കറിയാം. ജൂലൈയിലോ ആഗസ്റ്റിലോ സിനിമ തുടങ്ങിയേക്കും. വിജയ് സേതുപതിയും ഫഹദ് ഫാസിലും താരനിരയിലുണ്ട്. എങ്കിലും കമല്ഹാസന് എന്ന മഹാനടനോടൊപ്പം അഭിനയിക്കാന്‍ എത്തുന്ന ദിവസവും കാത്തിരിക്കുകയാണ് ഞാനിപ്പോള്‍.
കാന്‍ ചാനലുമായുള്ള അഭിമുഖം അവസാനിപ്പിക്കാനൊരുങ്ങുംമുമ്പേ എന്തോ ഓര്ത്തെടുത്തിട്ടെന്നപോലെ നരേന് അനുബന്ധമായി പറഞ്ഞു.
നവാഗതനായ സാക്ക് ഹാരിസ് തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ഞാന്‍ അഭിനയിക്കുന്നു. ജോജുവും ഷറഫുദ്ദീനും ആനന്ദിയും ആത്മീയയുമാണ് മറ്റു താരങ്ങള്‍. ലോക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ആ സിനിമയുടെ ഷൂട്ടിംഗും വൈകാതെ പുനരാരംഭിക്കും. നരേന് പറഞ്ഞുനിര്‍ത്തി.
Recent Comments