പ്രശസ്ത സംവിധായകന് വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. കാവ്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘വാങ്ക്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജനുവരി 29 ന് വാങ്ക് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതിന് മുന്നോടിയായി തന്റെ സിനിമയെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും കാവ്യ പ്രകാശ് ആദ്യമായി മനസ്സ് തുറക്കുന്നു.
ഉണ്ണി ആര്. എഴുതിയ ഒരു ചെറുകഥയാണ് വാങ്ക്. അത് സിനിമയായി രൂപാന്തരപ്പെട്ടത് എങ്ങനെയാണ്?
അച്ഛനും ഉണ്ണിസാറും ഒരു പ്രോജക്ടിന്റെ ചര്‍ച്ചകളുമായി നടക്കുന്ന സമയം. അന്നാണ് ഞാന്‍ ആദ്യമായി ഉണ്ണിസാറിനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം പല കഥകളും പറഞ്ഞ കൂട്ടത്തില്‍ വാങ്കിന്റെയും കഥ പറഞ്ഞു. കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടമായി. കഥയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഞാനദ്ദേഹത്തോട് ചോദിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ഉണ്ണിസാറാണ് എന്തുകൊണ്ട് എനിക്ക് ഇതൊരു സിനിമയാക്കിക്കൂടാ എന്ന് ആദ്യമായി ചോദിക്കുന്നത്? ആ ചോദ്യത്തില്‍നിന്നാണ് വാങ്ക് എന്ന പ്രോജക്ട് ഉരുത്തിരിയുന്നത്.
വാങ്കിന്റെ തിരക്കഥാക്കൃത്ത് ശബ്ന മുഹമ്മദാണ്. എന്തുകൊണ്ടാണ് ഉണ്ണിയെ ഈ ചുമതല ഏല്‍പ്പിക്കാതിരുന്നത്?
ഒരു സ്ത്രീ എഴുത്തുകാരിയെക്കൊണ്ട് എഴുതിക്കാമെന്നുള്ളതും ഉണ്ണിസാറിന്റെ ആശയമായിരുന്നു. അപ്പോഴാണ് അച്ഛന് ശബ്ന മുഹമ്മദിനെക്കുറിച്ച് പറയുന്നത്. ഞാനും ഉണ്ണിസാറുംകൂടി കൊച്ചിയില്‍ പോയി ശബ്നയെ ചെന്നുകണ്ട് കഥ പറഞ്ഞു. പിന്നീട് ശബ്നയില്നിന്ന് കിട്ടിയ ഫീഡ്ബാക്ക് ഞങ്ങളെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. മുസ്ലീം സമുദായാംഗമാണ് ശബ്ന. അതുകൊണ്ടുതന്നെ ആ മതത്തിന്റെ കള്‍ച്ചര്‍ ആന്റ് പ്രഡിക്ഷനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു. തിരക്കഥാരചനയില്‍ അത് വളരെയേറെ സഹായിച്ചിട്ടുണ്ട്.
മതവുമായി ബന്ധപ്പെട്ട് എന്തിനെ തൊട്ടാലും കൈപൊള്ളുന്ന കാലമാണിത്. അത്തരം ഭയം ഏതെങ്കിലുമുണ്ടോ?
ഇല്ല. ഏതാണ്ട് രണ്ടര വര്‍ഷത്തോളം എടുത്താണ് വാങ്കിന്റെ തിരക്കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരു മതവിഭാഗത്തെയും വേദനപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഈ ചിത്രത്തിലില്ല. എന്നുമാത്രമല്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാനാണ് എന്ന സന്ദേശവും ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്.
ഒരു സ്ത്രീപക്ഷ സിനിമയാണോ വാങ്ക്?
നാല് പെണ്കുട്ടികളിലൂടെയാണ് വാങ്കിന്റെ കഥ പറയുന്നത്. അവരുടെ ഓരോ ആഗ്രഹങ്ങളാണ് ഈ സിനിമ. എന്നുകരുതി ഇതൊരു സ്ത്രീപക്ഷ സിനിമയല്ല. ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന നിരവധി കാര്യങ്ങള്‍ ഈ സിനിമയിലുണ്ട്.
ആ നാല് പെണ്‍കുട്ടികള്‍ ആരൊക്കെയാണ്?
അനശ്വര രാജന്, നന്ദന വര്‍മ്മ, ഗേപിക രമേശ്, മീനാക്ഷി ഉണ്ണി. ഇവരില്‍ ആദ്യത്തെ മൂന്നുപേരും എസ്റ്റാബ്ലിഷ്ഡ് ആക്ടേഴ്സാണ്. മീനാക്ഷിയെ ഒരു ഓഡിഷനിലൂടെയാണ് കണ്ടെത്തുന്നത്. പ്രകടനംകൊണ്ട് നാലുപേരും പരസ്പരം മത്സരിക്കുകയായിരുന്നു. വളരെ വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഈ നാല് ആക്ടേഴ്സും. അതുകൊണ്ടുതന്നെ ചിത്രീകരണ സമയത്ത് സന്തോഷപ്രദമായ സാഹചര്യം സൃഷ്ടിക്കാന്‍ ഞങ്ങളെല്ലാം ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. എന്നു മാത്രമല്ല ഷൂട്ടിംഗിന് മുമ്പ് ഒരു വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചിരുന്നു. കൂളൂര് ജയപ്രകാശ് മാഷിന്റെ നേതൃത്വത്തിലായിരുന്നു വര്‍ക്ക്ഷോപ്പ്. അതും അവരുടെ കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
താരനിരയില്‍ വേറെ ആരൊക്കെയാണുള്ളത്?
വിനീത്, ജോയ് മാത്യു, മേജര്‍ രവി, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, സിറാജുദ്ദീന്, വിജയന് വി. നായര്‍, തെസ്നിഖാന്, ദര്ശന്, സാക്കിബ് എന്നിവരോടൊപ്പം തിരക്കഥാകൃത്ത് ശബ്ന മുഹമ്മദും ഇതില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. അഭിനേതാക്കളെക്കൂടാതെ ടെക്നിക്കല്‍ സൈഡില്‍നിന്നും ഉറച്ച പിന്തുണയാണ് കിട്ടിയിട്ടുള്ളത്. ക്യാമറാമാന് അര്ജുന് രവി, എഡിറ്റര്‍ സുരേഷ്, കോസ്റ്റ്യൂം ഡിസൈനര്‍ ലിജി, ആര്‍ട്ട് ബാവ. പിന്നീട് എടുത്തു പറയേണ്ടത് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന റഫീക്ക് അഹമ്മദ്- ഔസേപ്പച്ചന് കൂട്ടുകെട്ടിനാണ്.
ഈ സിനിമ പൂര്‍ണ്ണമായും ആരെങ്കിലും കണ്ടിരുന്നോ?
ഉണ്ണിസാറും ശബ്നയും പിന്നെ എന്റെ അമ്മയും കണ്ടിരുന്നു.
അമ്മയുടെ അഭിപ്രായം എന്തായിരുന്നു?
നന്നായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അത്യന്തികമായി വിലയിരുത്തേണ്ടത് പ്രേക്ഷകര്‍ തന്നെയാണ്.
അച്ഛനെ സിനിമ കാണിച്ചില്ല അല്ലേ?
കഴിഞ്ഞില്ല, റിലീസിനുവേണ്ടി കാത്തിരിക്കുകയാണ് അച്ഛനും.
അച്ഛന്റെ ശിഷ്യയായിരുന്നോ കാവ്യ?
അല്ല. ഫിലിം മേക്കിംഗാണ് ഞാന്‍ പഠിച്ചത്. പിന്നീട് പല സ്ഥാനപങ്ങളിലും ഇന്റേണ്‍ഷിപ്പ് ചെയ്തു. ഇക്കാര്യത്തില്‍ എന്റെ ഗുരു എന്ന് പറയാവുന്നത് മൃദുലേട്ടനാണ്. ബിടെക്കിന്റെ സംവിധായകന്. അദ്ദേഹത്തിനൊപ്പം നിന്നാണ് ഞാന്‍ സിനിമ പഠിച്ചത്.
Recent Comments