മലയാളികളുടെ പ്രിയ താരമാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ 46 കൊല്ലമായി അദ്ദേഹം മലയാളസിനിമയ്ക്കൊപ്പമുണ്ട്. നടനായും നിര്‍മ്മാതാവായും. മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര് സുധീര്‍കുമാര്‍ എന്നാണ്. കരിയറിന്റെ തുടക്കകാലത്ത് സുധീര്‍കുമാര്‍ എന്ന പേര് തനിക്ക് പാരയായി മാറിയ സംഭവം വിവരിക്കുകയാണ് രാജു.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം സിനിമയില്‍ ചാന്‍സ് തേടി മദിരാശിയിലൂടെ അലയുന്ന കാലം. മൂന്നോ നാലോ സിനിമകളിലും തല കാണിച്ചു. ആയിടെ കലാകൗമുദിക്ക് വേണ്ടി എന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ വന്നത് മണ്മറഞ്ഞ മഹാനടന് നെടുമുടി വേണുവായിരുന്നു.
അദ്ദേഹം എന്നോട് ചോദിച്ചു, സുധീര്‍കുമാര്‍ എന്ന പേര് ഹാസ്യ വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്ന താങ്കള്‍ക്ക് ഒരു തടസ്സമാകില്ലേ? കാരണം ഹാസ്യം ചെയ്യുന്ന നടന്മാര്ക്ക് തമാശ പേരല്ലേ വേണ്ടത്. കുതിരവട്ടം പപ്പു, അടൂര്‍ ഭാസി തുടങ്ങിയവരുടെ പേരുകളും അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു.
മറുപടിയായി ഞാന്‍ പറഞ്ഞു അങ്ങനെയെങ്കില്‍ ‘പരേതന്’ എന്ന് പേരിട്ടോളൂ, അപ്പോള്‍ ആവശ്യത്തിന് കോമഡി ഉണ്ടാകുമല്ലോ. അത് കേട്ട ഉടനെ നെടുമുടി വേണു ചിരിച്ചു.
അന്നത് തമാശ ആയിരുന്നെങ്കില്‍ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കളി കാര്യമായി. ആ ആഴ്ചയിലെ കലാകൗമുദിയില്‍ ഫോട്ടോയും ‘പരേതന്’ എന്ന തലക്കെട്ടോടെ എന്നെക്കുറിച്ചുള്ള വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. ഈ വാര്‍ത്ത വായിച്ച് എന്റെ അമ്മ ഞെട്ടിപ്പോയി. സിനിമക്ക് വേണ്ടി ചാന്‍സ് തേടി മദിരാശിയില്‍ അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ നിരാശനായി ഞാന്‍ ജീവനൊടുക്കിയോ എന്ന് വരെ അമ്മ അന്ന് കരുതിയിക്കണം. പക്ഷെ വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോഴാണ് അമ്മയുടെ തെറ്റിദ്ധാരണ മാറിയത്.
പിന്നീട് ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമക്ക് ശേഷമാണ് മണിയന്‍പിള്ള രാജു എന്ന പേര് എനിക്ക് കിട്ടിയത്. പിന്നീട് ആ പേര് എന്റെ ഐഡന്റിറ്റിയായി മാറുകയായിരുന്നു. രാജു കാന്‍ ചാനലിനോട് പറഞ്ഞു.
Watch Full Video:
Recent Comments