മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ഒരു നടനെ പെട്ടെന്ന് തിരഞ്ഞു കണ്ടെത്താന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹം മുമ്പത്തേക്കാള്‍ തിരക്കിലാണെന്നറിയുന്നത്. സിനിമയേക്കാള്‍, വെബ്സീരീസ് രംഗത്താണെന്നുമാത്രം. വെബ്സീരീസ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ആമസോണില്‍ രണ്ട് സീസണുകളിലായി ഏറ്റവുമധികം റേറ്റിംഗ് വരികയും കൂടുതല്‍ ആളുകള്‍ തെരഞ്ഞ് കാണുകയും ചെയ്ത വെബ്സീരീസാണ് ഫാമിലി മാന്‍. അതിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ചത് ഈ ചെറുപ്പക്കാരനാണ്. അതിനുപിന്നാലെ നെറ്റ്ഫ്ളിക്സില്‍ ജൂലൈ 17 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ഫീല്‍സ് ലൈക്ക് ഇഷ്ക്ക് എന്ന വെബ്സീരീസിലും ഈ നടന് ഒരു പ്രധാന വേഷം ചെയ്യുന്നു. മലയാളത്തില്‍നിന്ന് ഇങ്ങനെയൊരവസരം കരഗതമാകുന്ന ആദ്യ നടന്‍കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തെ നിങ്ങള്‍ അറിയും. നീരജ് മാധവ്. നീരജ് മാധവുമായി കാന്‍ചാനല്‍ നടത്തിയ അഭിമുഖത്തില്‍നിന്ന്.
? ആമസോണിലും നെറ്റ്ഫ്ളിക്സിലുമായി സ്വപ്നതുല്യമായ തുടക്കം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള താരമാവുകയാണോ നീരജ് മാധവ്.
ആദ്യ താരമാണോ എന്നൊന്നും എനിക്കറിയില്ല. ഒരുപക്ഷേ ആയിരിക്കാം. അതെന്തുതന്നെയായാലും ഫാമിലിമാന് കിട്ടിയ അഭൂതപൂര്‍വ്വമായ സ്വീകരണം, ഒരു പാന്‍ ഇന്ത്യന്‍ ആക്ടറെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടനല്‍കിയിട്ടുണ്ട്. അതൊരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു.
? ഫാമിലിമാനിലേയ്ക്ക് നേരിട്ട് ക്ഷണം ലഭിക്കുകയായിരുന്നോ.
മുകേഷ് ഛബ്ര എന്ന കാസ്റ്റിംഗ് കമ്പനിയില്‍നിന്നാണ് എനിക്ക് ആദ്യത്തെ കോള്‍ വരുന്നത്. 2017 ലാണ്. ആമസോണിനുവേണ്ടി ഒരു വെബ്സീരീസ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതിലൊരു വേഷം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോയെന്നും അന്വേഷിച്ചുകൊണ്ടുമുള്ള കോളായിരുന്നു. ഓഡിഷന് വരേണ്ടിവരുമെന്നും അവര്‍ സൂചിപ്പിച്ചു. ഓഡിഷന് കൊടുക്കുന്നതില്‍ വിഷമമുണ്ടായിരുന്നില്ല. പക്ഷേ അതൊരു ചെറിയ വേഷത്തിനാണെങ്കിലോ? ഈ ആശങ്ക ഉള്ളതുകൊണ്ടാണ് അവരോട് എന്റെ കഥാപാത്രത്തെക്കുറിച്ച് തിരക്കിയത്. കമ്പനിയില്‍നിന്ന് വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ഏതെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്മാരായാരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എന്നെ വിളിച്ചത് സംവിധായകരില്‍ ഒരാളായ ഡി.കെയാണ്. (രാജ് ആന്റ് ഡി.കെ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാജ് നിദിമോരുവും കൃഷ്ണ ദസരി കുത്തപ്പള്ളിയും ചേര്‍ന്നാണ് ഫാമിലിമാന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.) എന്റെ ചില സിനിമകള്‍ തെരഞ്ഞെടുത്ത് കണ്ടിട്ടുണ്ടെന്നും അവരുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്ന നിലയിലാണ് എന്നെ വിളിക്കുന്നതെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. കഥകൂടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഫാമിലിമാനിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. ഇത്രയും നല്ലൊരു വേഷം മലയാള സിനിമയില്‍നിന്നുപോലും ഇക്കാലത്തിനിടയില്‍ എനിക്ക് ലഭിച്ചിട്ടില്ല. ഞാന്‍ പ്രോജക്ട് കമ്മിറ്റ് ചെയ്തു. ഹിന്ദിയിലെ എന്റെ ഉച്ഛാരണത്തെക്കുറിച്ച് അറിയാനാണ് ഓഡിഷന് വേണ്ടതെന്നും ഡി.കെ. പറഞ്ഞിരുന്നു. ഞാന്‍ ഓഡിഷന് കൊടുത്തു. അവരെന്നെ കാസ്റ്റ് ചെയ്തു.
? ഹിന്ദിഭാഷ മുമ്പ് കൈകാര്യം ചെയ്ത് ശീലമുണ്ടായിരുന്നോ.
ഇല്ല. പഴയ സ്ക്കൂള് ക്ലാസുകളില്‍ പഠിച്ച ഹിന്ദി പരിജ്ഞാനമേ എനിക്കുമുണ്ടായിരുന്നുള്ളൂ. അവിടെച്ചെന്ന് ഹിന്ദി പഠിക്കുകയായിരുന്നുവെന്നുവേണം പറയാന്‍. രസം അതല്ല, സിങ്ക് സൗണ്ട് ആയിരുന്നു. ധാരാളം ഡയലോഗ് പറയുന്ന ഒരു കഥാപാത്രമാണ് എന്റേത്. തലേന്ന് സ്ക്രിപ്റ്റ് തരും. അത് വായിച്ച് മനഃപാഠമാക്കിയിട്ടാണ് ഷോട്ടിന് എത്തിയിരുന്നത്. ഭാഗ്യത്തിന് തെറ്റുകുറ്റങ്ങളൊന്നുമുണ്ടായില്ല.
? മനോജ് ബാജ്പേയ് എന്ന അതുല്യ നടനോടൊപ്പമാണ് അതിലെ സ്ക്രീന്‍സ്പെയ്സ് ഏറെയും പങ്കിട്ടിരിക്കുന്നത്. എങ്ങനെയുണ്ടായിരുന്നു ആ അനുഭവങ്ങള്‍.
ഒരുപാട് ക്ലാസിക് സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രതിഭാശാലിയായ നടനാണ് മനോജ് ബാജ്പേയ്. പക്ഷേ അത്തരം താരപരിവേഷമൊന്നും അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ല. വളരെ ലാളിത്യമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തോട് നേരിട്ട് എന്തു കാര്യങ്ങളും സംസാരിക്കാമായിരുന്നു. ഞാനും അദ്ദേഹവുമൊന്നിച്ചുള്ള സീനുകളില്‍ എനിക്കാണ് കൂടുതല്‍ സംഭാഷണങ്ങള്‍ ഉണ്ടായിരുന്നത്. എന്റെ ഹിന്ദി പരിജ്ഞാനമറിയാവുന്ന അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അദ്ദേഹം പറഞ്ഞുതീരുന്നിടത്തുനിന്ന് ഞാന്‍ ഡയലോഗ് പറയാന്‍ തുടങ്ങുംമുമ്പേ അദ്ദേഹമെനിക്ക് അതിനുള്ള സൂചനകള്‍ നല്‍കുമായിരുന്നു.
? ഫാമിലിമാന്റെ തേര്‍ഡ് സീസണ് ഉടനെ ഉണ്ടാകുമോ.
ഉണ്ടാകും. പക്ഷേ ഞാനതില്‍ ഉണ്ടാവില്ല.
? നെറ്റ്ഫ്ളിക്സ് ഇപ്പോള്‍ അനൗണ്‍സ് ചെയ്തിരിക്കുന്ന ഫീല്‍സ് ലൈക്ക് ഇഷ്ക്കും ഒരു വെബ്സീരീസാണോ.
അതൊരു അന്തോളജിയാണ്. ആറ് ലൗസ്റ്റോറി, ആറ് സംവിധായകര്‍. അതാണ് ഫീല്‍സ് ലൈക്ക് ഇഷ്ക്ക്. അതില്‍ ഞാന്‍ ചെയ്യുന്ന കഥയുടെ പേര് ഇന്റര്‍വ്യൂ എന്നാണ്. സെയ്ന് മരിയ ഖാനാണ് എന്റെ ജോഡി.
? ഹിന്ദിസിനിമിയില്നിന്നും ചില ഓഫറുകള്‍ വരുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നല്ലോ.
ഫാമിലിമാന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ഞാന്‍ ഏതാണ്ട് ഏഴെട്ട് മാസത്തോളം മുംബയിലുണ്ടായിരുന്നു. അതായത് ആദ്യ ലോക് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ്. ആ സമയത്ത് ധാരാളം സബ്ജക്ടുകള്‍ ഞാന്‍ കേട്ടിരുന്നു. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മയുടെ ബാനറില്‍ വരുണ്‍ ധവാനെ നായകനാക്കി ചെയ്യുന്നൊരു സിനിമയിലേയ്ക്ക് എന്നെയും കരാര്‍ ചെയ്തിരുന്നു. കോവിഡിനെത്തുടര്‍ന്ന് ആ പ്രൊജക്ട് പലതവണ നീണ്ടു. ഒടുവിലത് ഉപേക്ഷിക്കേണ്ടിവന്നു. അതെനിക്കുണ്ടായ വലിയ നഷ്ടങ്ങളിലൊന്നാണ്. മറ്റുചില ഓഫറുകളും ഹിന്ദിയില്‍നിന്ന് വരുന്നുണ്ട്.
? ഹിന്ദിയുടെ തിരക്കിനിടയില്‍ മലയാളത്തെ മറക്കുമോ.
ഒരിക്കലുമില്ല. ഇതിനിടയിലും ‘ക’ എന്ന സിനിമ ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സലീം അഹമ്മദ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഒരു പുതിയ സിനിമയിലും ഞാന്‍ അഭിനയിക്കുന്നു. ഒരു പുതുമുഖ സംവിധായകനാണ് ആ സിനിമ ചെയ്യുന്നത്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് ഉടനെയുണ്ടാകും.
Recent Comments