ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അഖില്‍ സത്യന്റെ മനസ്സിലേക്ക് ആ കഥയുടെ മിന്നല്പിണര് ആദ്യമായി വീശുന്നത്. ആ സിനിമയില്‍നിന്ന് ബ്രേക്ക് കിട്ടിയപ്പോള്‍ എഴുതാന്‍ തുടങ്ങി. മൂന്നു വര്‍ഷം എടുത്താണ് എഴുതിയത്. കഥ എഴുതുന്ന വിവരം അച്ഛനോട് പറഞ്ഞില്ല. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി, അതിന്റെ പ്രിന്റെടുത്ത് ബൈന്‍ഡ് ചെയ്ത് അച്ഛനെ വായിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. വായിച്ച് കഴിഞ്ഞിട്ടും അച്ഛന് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. നന്നായിരിക്കുമെന്ന് ആ മനസ്സ് മന്ത്രിക്കുന്നതുപോലെ അഖിലിന് തോന്നി. ആ മനസ്സ് മറ്റാരേക്കാളും അഖിലിന് നന്നായി അറിയാമായിരുന്നു. അതയാള്‍ക്ക് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
പറഞ്ഞുവരുന്നത് അഖില്‍ സത്യനെക്കുറിച്ചാണ്. പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാടിന്റെ ഇരട്ടകുട്ടികളില്‍ ഒരാളാണ് അഖില്‍ സത്യന്. രണ്ടാമന് അനൂപ് സത്യന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സംവിധായകനായിക്കഴിഞ്ഞു. പക്ഷേ അഖിലിന്റെ ആദ്യ സംരംഭമാണ്. എഴുത്തും സംവിധാനവും മാത്രമല്ല എഡിറ്റിംഗും അഖിലാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും. ടൈറ്റിലില്പോലും അസാധാരണത്വമുണ്ട്. അത് അവിടംകൊണ്ടും അവസാനിക്കുന്നില്ലെന്ന് അഖിലുമായുള്ള സംഭാഷത്തില്നിന്ന് ഞങ്ങള്‍ക്കും ബോദ്ധ്യപ്പെടുകയായിരുന്നു.
കഥ എഴുതുന്ന വിവരം അച്ഛനില്‍നിന്ന് മറച്ചുവച്ചത് എന്തിനായിരുന്നു?
അച്ഛന്റെ കീഴില്‍ സംവിധാന സഹായിയായിട്ടായിരുന്നു എന്റെ തുടക്കം. സ്വാഭാവികമായും അച്ഛന്റെ സ്വാധീനം എന്നിലുണ്ട്. കഥാകാര്യങ്ങള് കൂടി ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അച്ഛന്റെ അഭിപ്രായംകൂടി സ്വീകരിക്കേണ്ടി വന്നേക്കാം. ആ ഷെയ്ഡ് ഒഴിവാക്കാനായി ബോധപൂര്‍വ്വം എടുത്ത തീരുമാനമായിരുന്നു അത്.
ഈ സിനിമയുടെ എഡിറ്ററും അഖിലാണല്ലോ?
ഞാന്‍ എഡിറ്റിംഗ് പഠിച്ചിട്ടില്ല. പഴയ കംപ്യൂട്ടറില്‍ ഞാനും അനൂപും സ്വന്തമായി പഠിച്ച അറിവുകളേയുള്ളൂ. അനൂപ് ചെയ്ത ഡോക്യുമെന്ററിക്കുവേണ്ടി എഡിറ്റ് ചെയ്തത് അവന്‍തന്നെയാണ്. അതുപോലെ കഴിഞ്ഞ അഞ്ച് വര്‍ഷമായി അച്ഛന് ചെയ്യുന്ന ചിത്രങ്ങളുടെ ട്രെയിലറും ടീസറും ഞാന്‍ തന്നെയാണ് എഡിറ്റ് ചെയ്തിരുന്നത്. ഈ സിനിമയില്‍ എഡിറ്റര്‍ എന്ന നിലയില്‍ എന്റെ സാന്നിദ്ധ്യം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരു സിനിമയില്‍ അതുണ്ടായില്ലെങ്കിലും.
അച്ഛനെപ്പോലെ ഷോട്ടുകളെ മനസ്സില്‍ വച്ചുകൊണ്ടാണ് ഞാനും തിരക്കഥ എഴുതിയിട്ടുള്ളത്. അതുകൊണ്ട് അനാവശ്യ രംഗങ്ങള്‍ മുറിച്ചു കളയേണ്ട ജോലി ഇതിലില്ല. അല്‍പ്പം ശ്രദ്ധ വേണമെന്നുമാത്രം.
പാച്ചുവും അത്ഭുതവിളക്കിന്റെയും പോസ്റ്റര്‍ കണ്ടു. നമ്മുടെ പതിവ് സിനിമാപോസ്റ്ററുകളെ അത് ഓര്മ്മിപ്പിക്കുന്നില്ലല്ലോ?
അതുതന്നെയാണ് മനസ്സില്‍ ആഗ്രഹിച്ചതും. അതിനുവേണ്ടി കുട്ടികളുടെ അമര്‍ചിത്രകഥകള്‍ക്ക് വരയ്ക്കുന്ന അഭിലാഷ് നാരായണനെക്കൊണ്ട് പോസ്റ്റര്‍ ആര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു. പിന്നീട് അനൂപിന്റെ സുഹൃത്ത് ജസിന്താണ് ഡിസൈന്‍ ചെയ്തത്.
പോസ്റ്ററില്‍ കാണുന്ന സാങ്കേതിക പ്രവര്‍ത്തകരില്‍ പാണ്ഡ്യനെയും (മേക്കപ്പ്) മോമിയേയും (സ്റ്റില്‍സ്) ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് പേരുകാരെല്ലാം മലയാള സിനിമയ്ക്ക് ഏതാണ്ട് അപരിചിതരാണ്?
ശരിയാണ് ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവനാണ്. കാക്കെ കാക്കെ, വാരണം ആയിരം, ജില്ല, വിണ്ണൈതാണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം കലാസംവിധായകനാണ്. സാബു സിറിള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രോമിസ്സിംഗായിട്ടുള്ള പ്രോജക്ട് ഡിസൈനര്‍. ഈ പ്രോജക്ടിനുവേണ്ടി പ്രതിഫലംപോലും നോക്കാതെയാണ് അദ്ദേഹം വര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചത്. വളരെ വ്യത്യസ്തമായൊരു സ്കെയിലില്‍ പറയുന്ന കഥയാണിത്. അതുകൊണ്ടുതന്നെ ആര്‍ട്ട് വര്‍ക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രാജീവന്റെ സാന്നിദ്ധ്യം മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നു. അതുപോലെ കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോനാണ്. സംവിധായകന് ഗൗതം മേനോന്റെ സഹോദരിയാണ് അവര്‍. അമിതാഭ്ബച്ചന്, ചിരഞ്ജീവി, അജിത്ത് തുടങ്ങിയ അഭിനേതാക്കളുടെ കോസ്റ്റ്യൂം സ്റ്റൈലിംഗിനെ മാറ്റിമറിച്ച ഡിസൈനറാണ് ഉത്തര.
സിങ്ക് സൗണ്ടാണ് ചിത്രത്തില്‍ പരീക്ഷിക്കുന്നത്. ‘ഞാന്‍ പ്രകാശനു’ശേഷം സിങ്ക് സൗണ്ടിന്റെ ആരാധകനാണ് ഞാനും. സിങ്ക് സൗണ്ടിലെ മജീഷ്യനാണ് അനില്‍ രാധാകൃഷ്ണന്.
തമിഴില്‍ അനവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ജസ്റ്റിന് പ്രഭാകരന്. അദ്ദേഹത്തെയാണ് സംഗീതച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അതുപോലെ ക്യാമറാമാന് ശരണ്‍ വേലായുധന്. അമ്പിളി എന്ന സിനിമ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ വളരെ റിയലിസ്റ്റിക്ക് അപ്രോച്ചുള്ള ചെറുപ്പക്കാരനാണ് ശരണ്‍ വേലായുധന്.
ഈ സിനിമയുടെ ക്യാമറാമാനായി ആദ്യം കേട്ടിരുന്നത് കെ.യു. മോഹന്റെ പേരായിരുന്നല്ലോ?
എന്റെ ആദ്യ സിനിമ മോഹന്‍സാര്‍ വര്‍ക്ക് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി സമീപിച്ചപ്പോഴൊക്കെ തിരക്കുകള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ കഥ പറയാന്‍ അവസരം കിട്ടിയപ്പോള്‍ സിനിമ ചെയ്യാനായി സ്വയം മുന്നോട്ട് വന്ന ക്യാമറാമാനാണ് അദ്ദേഹം. ഈ സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി ഞാനതിനെ കാണുന്നു. പക്ഷേ പിന്നീടുണ്ടായ ഡേറ്റ് ക്ലാഷുകളാണ് അദ്ദേഹത്തിന്റെ സേവനം ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയത്. സമാനമായ അനുഭവമാണ് ക്യാമറാമാന് തിരുവിന്റെ കാര്യത്തിലും സംഭവിച്ചത്.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഈ പുതുമ നിലനിര്‍ത്തിയിട്ടുണ്ടോ?
തീര്‍ച്ചയായും. ഫഹദ് ഫാസിലിനെയും വിനീതിനെയും ഇന്നസെന്റ് അങ്കിളിനെയും വിജയരാഘവന് ചേട്ടനെയും അല്‍താഫിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ഡെല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍നിന്നുള്ള സ്റ്റേജ് ആര്‍ട്ടിസ്റ്റുകളാണ് അവരിലേറെപ്പേരും.
ഇക്കാര്യത്തില്‍ ഞാനൊരു കാസ്റ്റിംഗ് ഡയറക്ടറുടെ സേവനം തേടിയിരുന്നു. ഗായത്രി സ്മിത. ഇന്ത്യയിലെ അറിയപ്പെടുന്ന കാസ്റ്റിംഗ് ഡയറക്ടറന്മാരിലൊരാളാണ് ഗായത്രി. അവരാണ് എനിക്ക് വിജി വെങ്കിടേഷിനെയും അഞ്ജന ജയപ്രകാശിനെയുമടക്കം സമ്മാനിച്ചത്.
ഒരുപക്ഷേ 70 വയസ്സുള്ള ആദ്യത്തെ പുതുമുഖമായിരിക്കും വിജി വെങ്കിടേഷ്. മലയാളിയാണ്. മലയാളമറിയാത്ത മലയാളി. കഴിഞ്ഞ 45 വര്‍ഷമായി അവര്‍ മുംബയിലാണ് താമസം. ഒരു നോണ്‍ ഗവണ്മെന്റല് ഓര്‍ഗനൈസേഷന്റെ സൗത്ത് ഏഷ്യാ ഹെഡ്ഡാണ് അവര്‍. സല്മാന്ഖാന് നടത്തുന്ന ജീവകാരുണ്യപ്രവര്ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് വിജിയുടെ നേതൃത്വത്തിലാണ്. ഫഹദ് കഴിഞ്ഞാല്‍ ഈ ചിത്രത്തിലെ ശക്തമായ വേഷം ചെയ്യുന്നത് വിജി വെങ്കിടേഷാണ്.
ഗൗതംമേനോന്റെ ക്യൂന്‍ എന്ന വെബ്സീരീസില്‍ അഭിനയിച്ച കുട്ടിയാണ് അഞ്ജന ജയപ്രകാശ്. ഞാന്‍ കണ്ടെത്തുമ്പോള്‍ അഞ്ജന ക്യൂനില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ജനയാണ് ചിത്രത്തിലെ നായിക.
പാച്ചുവും അത്ഭുതവിളക്കിന്റെയും ആദ്യ ഷെഡ്യൂള്‍ മുംബയില്‍ പൂര്‍ത്തിയായ വിവരം നിര്‍മ്മാതാവ് കൂടിയായ സേതു മണ്ണാര്കാടിനെ വിളിച്ചപ്പോഴാണ് ഞങ്ങള്‍ പോലും അറിഞ്ഞത്?
അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കോവിഡിന് മുമ്പ് അവിടെ പോയി ഷൂട്ട് ചെയ്യാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഇപ്പോഴാണെങ്കില്‍ ഷൂട്ട് ചെയ്യാന്‍ പെര്മിഷന്പോലും കിട്ടില്ലായിരുന്നു. വിനീതും വിജി വെങ്കിടേഷുമൊക്കെ പങ്കെടുത്ത ഷെഡ്യൂളായിരുന്നു അത്. ഫഹദിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഫഹദ് പങ്കെടുക്കുന്ന രംഗങ്ങള്‍ ഹൈദരാബാദിലും ഗോവയിലും കേരളത്തിലുമായിട്ടാണ് ഷൂട്ട് ചെയ്യുന്നത്.
പാച്ചുവും അത്ഭുതവിളക്കും പറയുന്ന കഥയെന്താണ്?
ഒരു മിഡില്‍ക്ലാസ് ഫാമിലിയില്‍നിന്നുള്ള അംഗമാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം. അദ്ദേഹം തീര്‍ത്തും അപരിചിതമായ ഒരു സാഹചര്യത്തില്‍ ചെന്നുപെടുകയാണ്. അവിടെ വളരെ വൈകാരികമായ ചില മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമാണ് ഫഹദിന്റേത്. സിനിമയുടെ നെടുംതൂണാണ് ആ കഥാപാത്രം. അദ്ദേഹത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അടിസ്ഥാനപരമായി ഇതൊരു ഫാമിലി ഡ്രാമയാണെങ്കിലും ആക്ഷനും ത്രില്ലറും ഒക്കെയുണ്ടാകും. പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്ന രഹസ്യമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പാച്ചുവും അത്ഭുതവിളക്കിന്റെയും ഷൂട്ടിംഗ് ഏപ്രില്‍ ആദ്യം ആരംഭിക്കും.
Recent Comments