ദൃശ്യം 2 ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നാലെ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ആശിര്‍വാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂര്‍. ആന്റണി നന്ദികേട് കാട്ടിയെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും വഞ്ചന കാട്ടിയെന്ന് ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാട് ആദ്യം മുതല്‍ സ്വീകരിച്ച ഒരാള്‍ ആന്റണി പെരുമ്പാവൂരായിരുന്നു. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടിക്ക് നല്കുന്നുണ്ടെന്നറിഞ്ഞ ശക്തമായി പ്രതികരിച്ചതും അദ്ദേഹമായിരുന്നു.
എന്നാല്‍ ആ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് വിജയ് ബാബു സൂഫിയും സുജാതയും ഒടിടിയില്‍ റിലീസ് ചെയ്തു. തൊട്ടുപിന്നാലെ ഫഹദ് ഫാസിലും (സി യു സൂണ്‍) ആന്റോ ജോസഫും (കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്) അവരുടെ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ് ഫോമിന് നല്കി. അവരെടുത്ത നിലപാടാണ് ശരിയെന്ന് ഏതാണ്ട് എല്ലാവരും മൗനംകൊണ്ടുപോലും സമ്മതിച്ച നാളുകളായിരുന്നു അത്.
ശരിയാണ്, ലോക്ക് ഡൗണ്‍ അനിയന്ത്രിതമായി നീണ്ടുപോവുകയും കോവിഡ് നിയന്ത്രണങ്ങള്‍ അതിശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തീയറ്ററുകള്‍ എന്ന് തുറക്കുന്നുവെന്നതിനെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. അത്രയും കാലം പൂര്‍ത്തിയായൊരു ചിത്രം ഹോള്‍ഡ് ചെയ്തുവയ്ക്കുന്നതില് ഒരര്‍ത്ഥവുമില്ലെന്ന് കണ്ടപ്പോഴാണ് വിജയ് ബാബു അടക്കമുള്ളവര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിനെ ശരണം പ്രാപിച്ചത്.
അപ്പോഴും നൂറു കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഒരു ആന്റണി പെരുമ്പാവൂര്‍ ചിത്രം പെട്ടിക്കുള്ളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. സ്വന്തം നിക്ഷേപത്തില്‍നിന്ന് അണാ പൈസ ലാഭമെടുക്കാനാവാതെ ലക്ഷങ്ങള്‍ പലിശയിനത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്ന അത്യപൂര്‍വ്വ സാഹചര്യത്തിലും ആന്റണി മറിച്ചൊരു തീരുമാനം എടുക്കാതിരുന്നത് മരക്കാര്‍ തീയേറ്റര്‍ കമ്മിറ്റ്മെന്റ് ഉള്ള ചിത്രമായിരുന്നതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞുകഴിഞ്ഞു.
സ്വാഭാവികമായും മരക്കാര്‍ പോലൊരു താരനിബിഢ ബഹുഭാഷാചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്ഫോമുകാര് നല്കാവുന്ന മോഹവില നമുക്കൂഹിക്കാവുന്നതേയുള്ളൂ. ലോക് ഡൗണ്‍ കാലമാണ്. ആളുകള്‍ പൂര്‍ണ്ണമായും വീടുകളില്‍ കഴിഞ്ഞുകൂടിയ സമയവും. എത്ര വില കൊടുത്തും മരക്കാര്‍ പോലൊരു ചിത്രം സ്വന്തമാക്കാന്‍ ഒ.ടി.ടി ക്കാര് പതിനെട്ടടവും സ്വീകരിക്കും. പക്ഷേ ആ പ്രലോഭനങ്ങളില്‍ ആന്റണി വീണില്ല. അതുവരെ ആന്റണി മഹത്വപ്പെട്ടവനായിരുന്നു. പക്ഷേ ദൃശ്യം 2 ആമസോണിന് നല്‍കിയതോടെ ആന്റണി വഞ്ചകനും ഒറ്റുകാരനുമായി.
കോവിഡ് ഇളവുകള്‍ക്കുശേഷം തീയേറ്റര്‍ തുറക്കുമ്പോള്‍ ദൃശ്യം പോലൊരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം കാണാന്‍ ആളുകള്‍ ഇരച്ചുകയറുമെന്ന പ്രതീക്ഷയാണ് തീയേറ്റര്‍ ഉടമകള്‍ക്കുണ്ടായിരുന്നത്. അവരുടെ അനുമാനം ഏറെക്കുറെ ശരിയാണ്. പക്ഷേ അതിന് ചില മറുവശങ്ങള്‍ കൂടിയുണ്ട്. ഇനി ഈ സിനിമ മോശമാണെന്നിരിക്കട്ടെ, ഹോള്‍ഡ് ഓവര്‍ ആവാന്പോലും കാത്തുനില്‍ക്കാതെ തീയേറ്ററുടമകള്‍ അത് മാറ്റി പുതിയ സിനിമ കളിക്കും. നിര്‍മ്മാതാവിന് ഉണ്ടാകുന്ന ഈ നഷ്ടം തീയേറ്റര്‍ ഉടമകള്‍ തിരിച്ചു കൊടുക്കുമോ.
ഇനി സിനിമ ഗംഭീരമാണെന്നിരിക്കട്ടെ, അപ്പോഴും അനിശ്ചിതത്വങ്ങള്‍ ഏറെയാണ്. കേരളത്തിലെ ഏതെങ്കിലും തീയേറ്ററുകളില്‍ എവിടെയെങ്കിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ തീയേറ്ററുകള്‍ വീണ്ടും അടച്ചിടേണ്ടി വരില്ലേ? അപ്പോഴും നഷ്ടപ്പെടാനുള്ളത് നിര്‍മ്മാതാവിന് മാത്രമാണ്.
ദൃശ്യം 2 ന്റെ കാര്യത്തില്‍ ഒരു തീയേറ്ററുകളുമായി കമ്മിറ്റ്മെന്റ് ഇല്ലെന്നാണ് കേള്‍ക്കുന്നത്. ആ നിലയില്‍ നോക്കിയാലും തന്റെ ഉല്‍പ്പന്നം ഏതുതരത്തില്‍ വിറ്റഴിക്കണമെന്ന്് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നിര്‍മ്മാതാവിനാണ്.
മരക്കാറിനുമുമ്പേ ഒപ്പവും ലൂസിഫറും പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ആന്റണിയാണ് നിര്‍മ്മിച്ചത്. മരക്കാര്‍ പോലൊരു സിനിമയ്ക്കുവേണ്ടി സ്വന്തം നിലയില്‍ നൂറു കോടി നിക്ഷേപിച്ച ആന്റണിയെപ്പോലൊരു നിര്‍മ്മാതാവ് മലയാള സിനിമയില്‍ നിലനിന്നേ മതിയാകൂ. എങ്കില്‍മാത്രമേ എമ്പുരാനും ബറോസും പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ മലയാളസിനിമയില്‍ യാഥാര്‍ത്ഥ്യമാകൂ. ആളുകളെ തീയേറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കാന്‍ പാകത്തിലുള്ള അത്തരം സിനിമകളും മലയാളസിനിമയ്ക്ക് ആവശ്യമാണ്. തീയേറ്ററുകളുടെ നിലനില്‍പ്പിന് അതും അതത്യന്താപേക്ഷിതമാണ്. ഇന്നത്തെ പരിസ്ഥിതിയില്‍ അതിന് കെല്‍പ്പുള്ള ഒരേയൊരു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറാണെന്ന് സമ്മതിക്കേണ്ടിവരും.
Recent Comments