ഇക്കഴിഞ്ഞ മാര്‍ച്ച് 28 നായിരുന്നു എന്റെ രണ്ടാമത്തെ മകള്‍ സിത്താരയുടെ വിവാഹം. നേരത്തേ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് രണ്ടാം കോവിഡ് വ്യാപനത്തിന്റെ വരവ്. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഫണ്ടുകളെല്ലാം ബ്ലോക്കായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവിലായി. പണം കണ്ടെത്താനാവാതെ പാടുപെട്ടു. ഈയവസരത്തില്‍ ആരോട് പോയി ചോദിക്കും? പെട്ടെന്ന് ഓര്‍മ്മയിലെത്തിയത് മോഹന്‍ലാല്‍ സാറിന്റെയും ആന്റണിയുടെയും മുഖമാണ്. എന്റെ ആദ്യ മകളുടെ വിവാഹത്തിനും അവര്‍ കയ്യയച്ച് സഹായിച്ചിരുന്നു. അന്ന് നേരിട്ട് പോയി ലാല്‍സാറിനെയും ആന്റണിയെയും കല്യാണത്തിന് ക്ഷണിച്ചിരുന്നതാണ്. ഒപ്പത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്ന സമയത്ത്. തിരക്കായതിനാല്‍ വരാന്‍ കഴിയില്ലെന്ന് ലാല്‍സാര്‍ പറഞ്ഞിരുന്നു. കുട്ടികളെ മനസ്സുകൊണ്ട് അനുഗ്രഹിക്കണമെന്നുമാത്രം പറഞ്ഞു. കല്യാണത്തിനുമുമ്പ് എന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ലാല്‍സാറും ആന്റണിയും നല്ലൊരു തുക അയച്ചുതന്നിരുന്നു.
അവരോട് ഇനിയും പോയി എങ്ങനെ സഹായം ആവശ്യപ്പെടും. എന്റെ സുഹൃത്തുകൂടിയായ മുരളിയോട് (ലാലിന്റെ പേഴ്സണല്‍ കോസ്റ്റ്യൂമര്‍) സങ്കടം പറഞ്ഞു. മുരളി ആന്റണിയോട് വിവരം പറഞ്ഞിട്ടുണ്ടാവണം. കല്യാണത്തലേന്നാണ് ആന്റണി എന്നെ വിളിച്ചത്. വിവാഹം അറിയാന്‍ വൈകിയെന്നും ഒരു ദിവസത്തെ സമയംകൂടി അനുവദിക്കണമെന്നും ആന്റണി എന്നോട് ക്ഷമാപണത്തോടെ പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞുപോയി. കല്യാണം ഒരു ഞായറാഴ്ചയായിരുന്നു. തലേന്ന് ബാങ്ക് അവധിയായിരിക്കണം. അതുകൊണ്ടാവാം ആന്റണി ഒരു ദിവസംകൂടി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ലാല്‍സാറും ആന്റണിയും ഒരു വലിയ തുക എന്റെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതന്നു. ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു. കടക്കെണിയില്‍നിന്ന് എനിക്കങ്ങനെ മോചിതനാകാന്‍ കഴിഞ്ഞു.
എന്നെ സഹായിക്കേണ്ട ആവശ്യവും അവര്‍ക്കില്ല. വേണമെങ്കില്‍ നിഷ്കരുണം ഉപേക്ഷിക്കാം. എന്നിട്ടും സഹായിക്കാന്‍ മുന്നോട്ട് വന്നു. വലിയ മനസ്സുള്ളതുകൊണ്ടാണ്. അതിലൊരിടം എനിക്കുമുണ്ടെന്നുള്ളത് സന്തോഷിപ്പിക്കുന്നു.
2006 ലാണ് ലാല്‍സാറുമായി ഞാന്‍ പിണങ്ങിയിറങ്ങുന്നത്. എന്റെ ജീവിതത്തില്‍ ഞാനെടുത്ത മോശപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു അത്. അതിന്റെ ഹൃദയവേദന ഞാനിപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റ് എന്റെ ഭാഗത്താകാം. പക്ഷേ അവര്‍ക്കത് ക്ഷമിക്കാമായിരുന്നു. ചിലതൊക്കെ സംഭവിക്കണമെന്ന് എഴുതിവച്ചിട്ടുണ്ടാവും. അത് ആരെക്കൊണ്ടും തടുക്കാനാകില്ലല്ലോ. ഇക്കാര്യംകൊണ്ടുമാത്രം അവര്‍ക്കെന്നെ സഹായിക്കാതിരിക്കാം. പക്ഷേ ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് അവര്‍ എന്നെ പഠിപ്പിച്ചു.
എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഭദ്രന്‍സാറിന്റെ അങ്കിള്‍ബണ്‍ എന്ന ചിത്രത്തിലെ ലാല്‍സാറിന്റെ സ്പെഷ്യല്‍ മേക്കപ്പിനുവേണ്ടിയാണ് എന്നെ ആദ്യമായി വിളിച്ചുവരുത്തിയത്. ഞാന്‍ അതിനുമുമ്പ് കമല്‍സാറിന്റെ (കമലഹാസന്) പേഴ്സണല്‍ മേക്കപ്പമാനായിരുന്നു. ഇന്ദ്രന് ചന്ദ്രന് എന്ന ചിത്രത്തിനുവേണ്ടി കമല്‍സാറിന്റെ സ്പെഷ്യല്‍ അപ്പിയറന്‍സൊക്കെ ചെയ്തത് ഞാനായിരുന്നു. ആ എക്സ്പീരിയന്‍സിന്റെ അടിസ്ഥാനത്തിലാവണം എന്നെ അങ്കിള്‍ബണ്‍ ചെയ്യാന്‍ വിളിക്കുന്നത്. വര്‍ക്ക് എല്ലാവര്ക്കും ഇഷ്ടമായി. തൊട്ടടുത്ത സിനിമയിലേയ്ക്കും ലാല്‍സാര്‍ എന്നെ ക്ഷണിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ പേഴ്സണല്‍ മേക്കപ്പ്മാനായിട്ടായിരുന്നു. കമല്‍സാറുമായി ഞാന്‍ മാനസികമായി അകന്നുനില്ക്കുന്ന സമയംകൂടിയായിരുന്നു അത്. ലാല്‍സാറിന്റെ ക്ഷണം ഞാന്‍ സ്വീകരിച്ചു. അങ്ങനെ കിഴക്കുണരും പക്ഷിയിലൂടെ ഞാനദ്ദേത്തിന്റെ പേഴ്സണല്‍ മേക്കപ്പ്മാനായി. മഹാസമുദ്രംവരെ ഒപ്പം ഉണ്ടായിരുന്നു. 2006 ലാണ് അവിടെനിന്നിറങ്ങിയത്.
കുറച്ചു കാലത്തിനുശേഷം കമല്‍സാര്‍ എന്നെ വീണ്ടും വിളിപ്പിച്ചു. പാപനാശത്തിലെയും പൂങ്കാവനത്തിലെയും കമ്പനി മേക്കപ്പ്മാനാക്കി. ഈ സിനിമകളില്‍ കമല്സാറിനുവേണ്ടി പേഴ്സണല്‍ മേക്കപ്പ് ചെയ്തതും ഞാനായിരുന്നു. ഇപ്പോള്‍ തമിഴ് തെലുങ്ക് ചിത്രങ്ങളുടെ കമ്പനി മേക്കപ്പ്മാനായി പ്രവര്‍ത്തിക്കുകയാണ്.
എനിക്ക് കിട്ടിയ വലിയ സൗഭാഗ്യം ലാല്‍സാറിനും കമല്‍സാറിനുമൊപ്പം വര്‍ക്ക് ചെയ്യാനായി എന്നുള്ളതാണ്. ആ ക്രെഡിറ്റ് മതി ഇനിയുള്ള കാലം മുഴുവനും ജീവിക്കാന്‍. സലിം പറഞ്ഞു.
Recent Comments