ഷാര്‍ജ അന്തര്‍ദ്ദേശീയ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ടൊവിനോതോമസ്. അവിടുത്തെ ബാള്‍സ്റൂമിലെ തിങ്ങിനിറഞ്ഞ സദസ്സില്‍വച്ച് ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ടൊവിനോയോട് ചോദിച്ചു.
‘ടൊവിനോ പുസ്തകങ്ങള്‍ വായിക്കാറുണ്ടോ? ഏതു തരത്തിലുള്ള പുസ്തകങ്ങളാണ് വായിക്കാറുള്ളത്? ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതാണ്?’
ടൊവിനോയ്ക്ക് മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം പറഞ്ഞു.
‘കുട്ടിക്കാലത്ത് നിങ്ങളെപ്പോലെതന്നെ ഞാനും വായിച്ചിരുന്നത് പൂമ്പാറ്റയും ബാലരമയും ബാലഭൂമിയും ബാലമംഗളവും ഒക്കെത്തന്നെയാണ്. 2009 വരെ സീരിയസ് വായന എനിക്കുണ്ടായിരുന്നില്ല.’
‘കോയമ്പത്തൂരിലെ തമിഴ്നാട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം. ഹോസ്റ്റലില്‍നിന്നാണ് പഠിച്ചിരുന്നത്. ഹോസ്റ്റല്‍ മേറ്റായി വേറെയും കുട്ടികളുണ്ടായിരുന്നു. ഹോസ്റ്റലിലെ സൗകര്യങ്ങള്‍ പോരാതെ വന്നപ്പോള്‍ ഞങ്ങളൊരു വീട് അന്വേഷിച്ച് ചെന്നു. അവിടെവച്ച് എനിക്കൊരു പുസ്തകം കളഞ്ഞുകിട്ടി. തൊട്ടുമുമ്പ് അവിടെ താമസിച്ചിരുന്ന മലയാളികളായ കുട്ടികള്‍ ആരെങ്കിലും മറന്നു വച്ചതാകാം. അല്ലെങ്കില്‍ ഉപേക്ഷിച്ചതാകാം. ആ പുസ്തകം ഒ.വി. വിജയന് എഴുതിയ ഖസാഖിന്റെ ഇതിഹാസമായിരുന്നു. 1969 ല്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം 1989 ല്‍ ജനിച്ച എനിക്ക് 2009 ലാണ് വായിക്കാന്‍ കിട്ടുന്നത്. ആ പുസ്തകം വായിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് കണക്ട് ചെയ്യാവുന്ന പല കാര്യങ്ങളും അതിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ ആസ്വദിച്ചാണ് പുസ്തകം വായിച്ചത്. ഒരര്‍ത്ഥത്തില്‍ കളഞ്ഞുകിട്ടിയ ആ പുസ്തകത്തില്‍നിന്നാണ് എന്റെ ഗൗരവമുള്ള പുസ്തകവായന ആരംഭിക്കുന്നത്. സീരിയസ് റീഡേഴ്സായ പലരോടും നല്ല പുസ്തകങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആല്‍കമിസ്റ്റ് വായിക്കാന്‍ പലരും ഉപദേശിച്ചു. പുസ്തകം വായിച്ച് തുടങ്ങുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന് അവര്‍ പറഞ്ഞു. അതിനുശേഷം പല ഇന്ത്യന്‍ എഴുത്തുകാരുടെയും പുസ്തകം തെരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി. ചേതന്‍ ഭഗതും അമീഷ് ത്രിപദിയും അവരില്‍ പ്രധാനികളായിരുന്നു.’
‘എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്, പ്രശസ്ത അഫ്ഗാന് അമേരിക്കന്‍ നോവലിസ്റ്റ് ഖാലിദ് ഹുസൈനിയാണ്. അദ്ദേഹത്തിന്റെ A Thousand Splendid Suns ഉം And The Mountain Echoed എല്ലാം ആവേശപൂര്‍വ്വം വായിച്ച പുസ്തകങ്ങളാണ്. വൈകാരികത നിറഞ്ഞ അത്തരം പുസ്തകങ്ങളോടാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.’
‘ഞാനിന്നേവരെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ എടുത്ത് വായിച്ചിട്ടില്ല. സിനിമയില്‍ എത്തുന്നതിനും മുമ്പേ, ഉള്ള പൈസ സ്വരുകൂട്ടി പുസ്കങ്ങള് വാങ്ങി വായിക്കുകയായിരുന്നു പതിവ്. ആ നിലയ്ക്ക് ഒരു കുഞ്ഞ് ലൈബ്രറി എനിക്ക് സ്വന്തമായിട്ടുണ്ട്. വരുംതലമുറയ്ക്കായി ഞാന്‍ കരുതിവച്ചിരിക്കുന്ന നിധിശേഖരമാണത്.’ ടൊവിനോ പറഞ്ഞുനിര്‍ത്തി.
Recent Comments