ഇക്കഴിഞ്ഞ ജനുവരി 6-ാം തീയതി മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ ഫെയ്സ്ബുക്കില്‍ ഇരുവരുമുള്ള ഓരോ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.
പൃഥ്വിയുമായി സംസാരിച്ചുനില്ക്കുന്ന പടമാണ് ലാല്‍ പോസ്റ്റ് ചെയ്തതെങ്കില്‍ ലാലിനോടൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. ലാലിന്റെ അടുത്ത സുഹൃത്തുകൂടിയായ സമീര്‍ ഹംസയാണ് ഈ രണ്ട് ചിത്രങ്ങളും പകര്‍ത്തിയത്. ഈ കൂടിക്കാഴ്ച വെറുതെയാകാന്‍ വഴിയില്ലെന്ന് ഞങ്ങളും ഊഹിച്ചിരുന്നു. ചില അന്വേഷണങ്ങളും നടത്തി. ഞങ്ങളുടെ ഊഹം ശരിയായിരുന്നെങ്കിലും വാര്‍ത്ത കൊടുക്കാന്പാകത്തില് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തല്ക്കാലം ആ സ്കൂപ്പ് ഒഴിവാക്കി.
എന്നാല്‍ ഇന്നലെയും ഇന്നുമായി കാക്കനാട്ടെ ഉദയാസ്റ്റുഡിയോയില്‍ നടന്ന ചിര്ച്ചയില് ചില തീരുമാനങ്ങള്‍ ഉണ്ടായതായി അറിയുന്നു. അതനുസരിച്ച് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ പൃഥ്വിരാജും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരി ആറാംതീയതി മോഹന്‍ലാലും പൃഥ്വിരാജും തമ്മില്‍ കണ്ടിരുന്നത് ഇതിന്റെ ചര്‍ച്ചകള്‍ക്കായിട്ടാണ്. ബറോസിലേയ്ക്ക് പൃഥ്വി ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനായി നീക്കിവയ്ക്കാവുന്ന ശക്തമായ കഥാപാത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ അതിനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭത്തിലെ നായകന് മോഹന്ലാലായിരുന്നുവെന്ന കൗതുകവും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
ബറോസിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 20 ന് ഗോവയില്‍ തുടങ്ങും. പല ഷെഡ്യൂളുകളിലായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. കഥയും തിരക്കഥയും സംഭാഷണവും മാത്രമല്ല, ക്രീയേറ്റീവ് ഡയറക്ടറുടെ ചുമതലയും ജിജോ പുന്നൂസിന് ഉണ്ടാകുമെന്നറിയുന്നു. ത്രിഡിയിലാണ് ബറോസ് ഒരുങ്ങുന്നത്.
കലാസംവിധായകന്‍ സന്തോഷ് രാമനാണ്. ഇതിനോടകം സെറ്റുവര്ക്കുകളുടെ പണി ഗോവയില്‍ ആരംഭിച്ചിട്ടുണ്ട്.
ഷെയ്ല മാക്ഫ്രി, പാസ് വേഗ, റാഫെയ്ല് അമാര്‍ഗോ എന്നിവരാണ് ബറോസില്‍ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിദേശതാരങ്ങള്‍. ലിഡിയന് നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്. സിദ്ധു പനയ്ക്കലിനും സജി ജോസഫിനുമാണ് കാര്യനിര്‍വ്വഹണ ചുമതല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാലിന്റെ ഈ സ്വപ്നപദ്ധതി നിര്‍മ്മിക്കുന്നത്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
Recent Comments