വളരെ ചുരുങ്ങിയ കാലത്തിനിടെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ ശ്രദ്ധേയനായ നടനാണ് സന്തോഷ് കീഴാറ്റൂര്‍. അദ്ദേഹം ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കുന്ന സിനിമയാണ് അവനോവിലോന. ട്രാന്‍സ്ജെന്‍ഡറുകളുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ അവനോവിലോന. ദേശീയ അവാര്‍ഡ് ജേതാക്കളായ ഷെറിയും ദീപേഷും ചേര്‍ന്നാണ് അവനോവിലോന സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും സന്തോഷ് കീഴാറ്റൂരാണ്. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്റെ പേര്. അവനോവിലോനയുടെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് സന്തോഷ്.
‘കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഷെറി തന്നെ സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒരു ആണ് വേശ്യയുടെയും പെണ് വേശ്യയുടെയും കഥ പറയുന്ന ലഘുചിത്രമായിരുന്നു അത്. ദി റിട്ടേണ്‍ എന്നായിരുന്നു അതിന്റെ പേര്. സംസ്ഥാന ബഹുമതി അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ആ ഷോര്‍ട്ട് ഫിലിമിനെ തേടിയെത്തിയിരുന്നു. അതില്‍നിന്ന് ഒരു സിനിമ ഉണ്ടാക്കണമെന്ന് ഷെറി അന്നേ ആഗ്രഹിച്ചിരുന്നു. പക്ഷേ പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി. ആ സ്വപ്നമാണ് അവനോവിലോനയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.’
‘എഡ്ഢി എന്നാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു സുവിശേഷകന്റെ മകനാണ്. മനസ്സുകൊണ്ട് ട്രാന്‍സായി ജീവിക്കുന്ന കഥാപാത്രമാണ്. ശരീരംകൊണ്ടും ആ പൂര്ണ്ണതയിലേയ്ക്കെത്താന് അയാള്‍ നടത്തുന്ന കഠിനശ്രമങ്ങളുടെ കഥകൂടിയാണ് അവനോവിലോന.’
‘ഒരു നടനെ സംബന്ധിച്ചിടത്തോളം എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. എഡ്ഢിയും അങ്ങനെയൊരു കഥാപാത്രമാണ്. എഡ്ഢിയുടെ പല മേക്കോവറുകള്‍ ചിത്രത്തിലുണ്ട്. പല വെച്ചുകെട്ടലുകള്‍ നടത്തിയാണ് കഥാപാത്രത്തിന്റെ രൂപപരിണാമങ്ങളിലേയ്ക്ക് മാറുന്നത്. അതിരാവിലെ തുടങ്ങി പുലരുവോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഷൂട്ടിംഗ് ഷെഡ്യൂളുകളേറെയും. ഈ വെച്ചുകെട്ടലുകളുമായി നിന്നുവേണം അഭിനയിക്കാന്‍. അതിന്റെ അസ്വസ്ഥതകള്‍ ധാരാളമുണ്ടായിരുന്നു. എന്നോടൊപ്പം അഭിനയിച്ച ആര്‍ട്ടിസ്റ്റുകളേറെയും കണ്ണൂര്‍-കാസര്‍ഗോഡ് പ്രദേശങ്ങളില്‍നിന്നുള്ള ട്രാന്‍സ്ജെന്‍ഡറുകളായിരുന്നു. അവരോടൊപ്പം നില്ക്കുമ്പോള് നമ്മളും അവരിലൊരാളായി മാറുന്ന അനുഭവമാണ്.’
‘നമ്മുടെ പല നടന്മാരും ട്രാന്‍സ് വേഷം കെട്ടിയിട്ടുണ്ട്. അതിന്റെയൊന്നും സ്വാധീനം വരാതെ ശ്രദ്ധിച്ചിട്ടുണ്ട്. അല്ലെങ്കിലും ദിലീപേട്ടന് ചാന്തുപൊട്ടിലോ ജയേട്ടന് മേരിക്കുട്ടിയിലോ അവതരിപ്പിച്ച ട്രാസേയല്ല അവനോവിലോനയില്‍ കാണാന്‍ പോകുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഇരുണ്ട ജീവിതമാണ് ഇതിലുടനീളം വരച്ചു കാട്ടുന്നത്.’
‘എന്റെയും അനുജത്തിയായി വേഷമിടുന്ന ആത്മീയ രാജന്റേയും അച്ഛനായി അഭിനയിക്കുന്നത് കെ.സി. കൃഷ്ണന് എന്ന തീയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സുവിശേഷകനെ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ഗംഭീരപ്രകടനത്തിനും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നു.’
‘ഈ സിനിമയുടെ കഥയുമായി ഞങ്ങള്‍ സമീപിച്ചവരെല്ലാം അതിന്റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചാണ് ചോദിച്ചുകൊണ്ടിരുന്നത്. കലാമൂല്യമുള്ള ചിത്രമെന്ന നിലയില്‍ അവരങ്ങനെ ചിന്തിച്ചുപോകുന്നതില്‍ തെറ്റൊന്നുമില്ല. അത്തരമൊരു അനിശ്ചിതാവസ്ഥയിലാണ് ഞാന്‍ തന്നെ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. എന്നോടൊപ്പം നിര്‍മ്മാണപങ്കാളിയായി സീമ അനിലുമുണ്ട്.’
‘ഈ സിനിമയുടെ മേക്കപ്പ്മാന് മണികണ്ഠന് ചുങ്കത്തറയും കോസ്റ്റ്യൂമര്‍ റിയാ ഇഷയും ട്രാന്സ്ജെന്ഡറുകളാണ്. അതിന്റെ ജനുവിനിറ്റിയും സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജലീല്‍ ബാദുഷയാണ് ക്യാമറാമാന്.’
Recent Comments