വാരിയംകുന്നനില്‍നിന്നുള്ള ആഷിക്ക് അബുവിന്റെയും പൃഥ്വിരാജിന്റെയും പിന്മാറ്റമാണ് സോഷ്യല്മീഡിയടക്കം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകളില്‍, നിര്‍മ്മാതാക്കളുടെ പിന്മാറ്റം മൂലം വാരിയംകുന്നന് ഉപേക്ഷിച്ചുവെന്നാണ്. ഒപ്പം വാരിയംകുന്നിനെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളും അതുപേക്ഷിക്കാന്‍ കാരണമായെന്ന് പറയാതെ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന് ആഷിക്ക് അബുവില്നിന്നോ വാരിയംകുന്നനാകാന്‍ സമ്മതിച്ച പൃഥ്വിരാജില്നിന്നോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കാന്‍ ചാനല്‍ ഒരന്വേഷണം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ആഷിക്കും പൃഥ്വിരാജും തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെ വാരിയംകുന്നന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യമെന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേയ്ക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പും ആ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്ന് ശക്തമായ സൈബര്‍ ആക്രണമാണ് ആഷിക്കിനും പൃഥ്വിരാജിനും നേരിടേണ്ടിവന്നത്. മലബാര്‍ കലാപത്തില്‍ വാരിയംകുന്നന്റെ പങ്കെന്തായിരുന്നു എന്ന വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇത്തരം വിവാദങ്ങളില്‍നിന്നൊക്കെ പക്ഷേ ആഷിക്കും പൃഥ്വിയും കൃത്യമായ മൗനം പാലിച്ചു.
സത്യത്തില്‍ വാരിയംകുന്നന് ആദ്യം സംവിധാനം ചെയ്യാനിരുന്നത് അന്‍വര്‍ റഷീദാണ്. ഇതിന്റെ നിര്‍മ്മാതാക്കളായ സിക്കന്ദറും മൊയ്ദീനും ആദ്യം സമീപിക്കുന്നതും അന്‍വറിനെയായിരുന്നു. അന്‍വര്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചുവെന്ന് മാത്രമല്ല അതിനെ ഇപ്പോഴത്തെ വലിപ്പത്തിലേയ്ക്ക് മാറ്റിയതും അദ്ദേഹമായിരുന്നു. പക്ഷേ ഫഹദിനെ നായകനാക്കി അന്‍വന്‍ റഷീദ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ട്രാന്‍സിന്റെ പരാജയം വാരിയംകുന്നനില്‍നിന്ന് പിന്മാറാന് അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. അന്‍വര്‍ തന്നെയാണ് ഈ പ്രോജക്ട് ആഷിക്കിന്റെ അടുത്ത് എത്തിക്കുന്നതും.
ആഷിക്കിന്റെ കൂടി നിര്‍മ്മാണ പങ്കാളിത്തമുള്ള ഒപിഎം വഴി ഈ സിനിമ ചെയ്തുതരണമെന്നൊരു ആവശ്യം ഇതിന്റെ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വച്ചെങ്കിലും ആ നീക്കം തുടക്കത്തില്‍ന്നെ പരാജയപ്പെട്ടു. അതിന് നിര്‍മ്മാതാക്കളും വഴങ്ങിയതോടെയാണ് വാരിയംകുന്നന് അനൗന്‍സ് ചെയ്യപ്പെടുന്നത്. തൊട്ടുപിന്നാലെ വിവാദപ്പെരുമഴകളുമുണ്ടാകുന്നു. പക്ഷേ അതൊന്നും ആഷിക്കിനെയോ പൃഥ്വിയെയോ ഒരു തരത്തിലും ബാധിച്ചിരുന്നതായി സൂചനകളില്ല.
സിനിമ തുടങ്ങുന്നതിനുമുമ്പ് ബഡ്ജറ്റിന്റെ പകുതിയെങ്കിലും ബാങ്കില്‍ നിക്ഷേപിക്കണമെന്നൊരു ആവശ്യം നിര്‍മ്മാതാക്കളോട് ആഷിക്ക് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ആ സമയത്ത് നിര്‍മ്മാതാക്കളില്‍നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ലെന്ന് മാത്രമല്ല, പലരും ഫണ്ട് ചെയ്യുന്ന ഒരു പ്രൊജക്ട് ആയതിനാല്‍ അതിനുവേണ്ടി കാത്തിരിക്കണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് തുടക്കത്തിലേ കല്ലുകടിയായി. ആദ്യം ചര്ച്ചകള്ക്കെത്തിയിരുന്നത് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നെങ്കില്‍ പിന്നീട് അവരുടെ എണ്ണം കൂടുന്നതാണ് കണ്ടത്. കൃത്യമായ ഒരു തീരുമാനം എടുക്കുന്നതില്‍ പാളിച്ചകളുമുണ്ടായി.
50 കോടി ബഡ്ജറ്റിലാണ് ഈ സിനിമ ചെയ്യാനിരുന്നത്. വലിയ മുതല്‍മുടക്ക് വരുന്ന സിനിമയായതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലായിരുന്നു ആഷിക്ക് അബു. വിദേശ ഫണ്ടിംഗ് ആയതിനാല്‍ സംശയത്തിന്റെ നിഴലില്‍ പോകാന്‍ ആഷിക്കും തയ്യാറായില്ലെന്നാണ് അറിയുന്നത്.
അതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍തന്നെ സിനിമയില്‍നിന്ന് പിന്മാറുകയാണെന്ന് ആഷിക്ക് അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് അഡ്വാന്‍സും തിരികെ നല്കി. അതിനുമുമ്പ് അദ്ദേഹം പൃഥ്വിരാജുമായി ചര്‍ച്ച നടത്തിയിരുന്നു. രാജുവും അഡ്വാന്‍സ് തിരിച്ചുനല്‍കി പ്രോജക്ടില്‍നിന്ന് പിന്മാറി. പക്ഷേ അത് വാര്‍ത്തയായത് ഈ കഴിഞ്ഞ ദിവസങ്ങളിലാണെന്നുമാത്രം.
ജന്മംകൊണ്ട് മുസ്ലീമാണെങ്കിലും യാഥാസ്ഥിതിക വിശ്വാസപ്രമാണക്കാരനല്ല ആഷിക്ക്. പഠനകാലത്തുതന്നെ അദ്ദേഹം ഇടതുപക്ഷ ആശയങ്ങളോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളാണ്. അദ്ദേഹം വിവാഹം ചെയ്തത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. ആഷിക്ക് ഇപ്പോഴും പള്ളിയില്‍ പോകാറില്ല. തീവ്ര മുസ്ലീം നിലപാടുകളില്നിന്നൊക്കെ കൃത്യമായ അകലം പാലിക്കുന്ന ആളുമാണ്. പക്ഷേ തന്റെ സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്ന ആളുകളുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിന് സംശയമുണ്ടായിട്ടുണ്ടെങ്കില്‍ സ്വാഭാവികമാണ്. അതിന്റെകൂടി പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്മാറിയതും. അതല്ലാതെ ഭീഷണികളില്‍ ഭയന്നിട്ടാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സത്യമല്ല.
പുതിയ വാരിയംകുന്നന്മാരെ സൃഷ്ടിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. ചിലര്‍ ആവേശത്തോടെ പാഞ്ഞടുത്തിട്ട് പിന്മാറുന്ന ലജ്ജാവഹമായ കാഴ്ചകള്‍ക്കും പോയവാരം സാക്ഷിയായി. നിങ്ങള്‍ എത്രതന്നെ ശക്തമായ കഥാപാത്രത്തെ വേണമെങ്കിലും അവതരിപ്പിച്ചുകൊള്ളൂ. പക്ഷേ അവര്‍ ചരിത്ര പുരുഷന്മാരാണെങ്കില്, ചരിത്രത്തോട് നീതി പുലര്‍ത്തുകതന്നെ വേണം. അല്ലാത്തപക്ഷം ജനംതന്നെ ആ കലാസൃഷ്ടിയെ പുച്ഛിച്ച് തള്ളിയിരിക്കും. അതുകൊണ്ടുതന്നെ മറ്റു വിവാദങ്ങളെയെല്ലാം നമുക്ക് മാറ്റിനിര്‍ത്താം.
Recent Comments