വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്നും വാസ്യയോഗ്യമല്ലെന്നും സംസ്ഥാന സർക്കാർ നിയോഗിച്ച പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സർക്കാരിനു റിപ്പോർട്ട് നൽകി. 104 ഹെക്ടർ പ്രദേശമാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഇതിനോടുചേർന്നുള്ള 3.5 ഹെക്ടർ സ്ഥലംകൂടി അപകടകരമാണെന്നാണ് സമിതിയുടെ റിപ്പോർട്ടിലുള്ളത്. ഉരുൾപൊട്ടലിൽ ഒഴുകി പോയ വഴിയും അതിനോടുചേർന്ന് 300 മീറ്ററോളം വരുന്ന സ്ഥലവുമാണിത്.
ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അൻപതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. മൂന്നുലക്ഷം ടൺ മേൽമണ്ണുമാത്രം ഒലിച്ചുപോയി. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് പ്രഭവകേന്ദ്രം. ഇവിടെ പാറയിൽ വിള്ളലുകൾവീണ് പാളികളായാണ് ഇരിക്കുന്നത്. പ്രഭവകേന്ദ്രത്തിൽ ഏഴ് ഹെക്ടറോളം സ്ഥലമാണ് ഇത്തരത്തിൽ പാളികളായും വിള്ളലുകളോടെയും കാണുന്നതെന്നും റിപ്പോർട്ടിലുണ്ട്. അതിമഴപെയ്താൽ വീണ്ടും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഉരുൾപൊട്ടൽസാധ്യതാ മേഖലകൾ അടയാളപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. പുന്നപ്പുഴയുടെ നദീതടസംരക്ഷണം സംബന്ധിച്ച നിർദേശങ്ങൾ, കെട്ടിടനിർമാണത്തിലെ നിർദേശങ്ങൾ എന്നിവയും സമിതി റിപ്പോർട്ടിലുണ്ട്.
36 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മുന്നൂറുമീറ്ററിലധികം ഉയരമുള്ള പ്രദേശം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രണ്ടുദിവസങ്ങളിലായി പെയ്ത 572.8 മില്ലിമീറ്റര്‍ മഴ, ദുരന്തമുണ്ടായ 30-ന് രണ്ട് മണിക്കൂറില്‍ 50 മില്ലിമീറ്റര്‍ മഴ ലഭിച്ചത്, കാറ്റിന്റെ ഗതിമാറ്റം തുടങ്ങിയ ഘടകങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നിലെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത് . അതേസമയം പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ക്വാറികളില്ലെന്നും സമീപത്ത് ചെക്ക് ഡാമുകൾ പോലുള്ളവ ഇല്ലെന്നും ഇവയൊന്നും ദുരന്തത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.സുരക്ഷിതവും വാസ്യയോഗ്യമല്ലാത്തതിനാൽ ദുരന്ത ബാധിതരെ പുനധിവസിപ്പിക്കുവാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തേണ്ടി വരും .
Recent Comments