സാമൂഹ്യമാധ്യമങ്ങളിലെ പുതിയ കൂട്ടായ്മയാണ് ക്ലബ്ബ് ഹൗസ്. പ്രത്യേകം ചാറ്റ് റൂമുകള്‍ സൃഷ്ടിച്ച് വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പൊതുയിടം. ചുരുങ്ങിയ നാളുകള്‍കൊണ്ട് വന്‍ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനോടൊപ്പം അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചുവരികയാണ്. സെലിബ്രിറ്റികളുടെ ഫേക്ക് ഐഡികള്‍ സൃഷ്ടിച്ച് ചാറ്റ്റൂമുകളില് എത്തുകയും അവരുടെ സംസാരം മിമിക്ക് ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളും ധാരാളമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഫേക്ക് ഐഡിയിലൂടെ ക്ലബ്ബ്ഹൗസില്‍ ആദ്യമായി അവതരിപ്പിച്ചത് സുരേഷ്ഗോപിയാണ്.
രണ്ട് ദിവസം മുമ്പ് സുരേഷ്ഗോപിയുടെ അനുമതിയോടെ ക്ലബ്ബ്ഹൗസില്‍ ഒരു ചാറ്റ്റൂം സംഭാഷണം നടന്നിരുന്നു. സുരേഷ് ഗോപി സിനിമ- ഇന്നലെ, ഇന്ന്, നാളെ അതായിരുന്നു ചര്‍ച്ചാവിഷയം. സുരേഷ്ഗോപിയുടെ അടുത്ത സിനിമയുടെ സംവിധായകന് രാഹുല്‍ രാമചന്ദ്രനും അതിന്റെ തിരക്കഥാകൃത്തും ചില മാധ്യമപ്രവര്‍ത്തകരും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സുരേഷ്ഗോപിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്ന വിഷ്ണുവും ചര്‍ച്ചയിലെ പ്രഭാഷകനായിരുന്നു.
അതേദിവസംതന്നെ മറ്റൊരു ചാറ്റ്റൂമില്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അതില്‍ സുരേഷ്ഗോപിയുടെ ഫേക്ക് ഐഡി ഉണ്ടാക്കി അദ്ദേഹത്തിന്റെ സംസാരം അനുകരിച്ച് ആ ചാറ്റ് റൂമില്‍ നിറഞ്ഞുനിന്നത് മറ്റൊരാളായിരുന്നു. ഇതറിഞ്ഞ് ആ പേജില്‍ കയറിയ വിഷ്ണു അവരോട് കയര്‍ത്ത് സംസാരിക്കുകയും ഉടനടി ചര്‍ച്ച നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചര്‍ച്ച വീണ്ടും തുടര്‍ന്നപ്പോള്‍ ക്ലബ്ബ്ഹൗസ് അധികൃതര്‍ക്ക് പരാതി കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആ പേജ് പൂട്ടിക്കുകയും ചെയ്തു.
ക്ലബ്ബ് ഹൗസില്‍ താന്‍ ഇന്നേവരെ അംഗമായിട്ടില്ലെന്നും തന്റെ ഫേക്ക് ഐഡിയില്‍ ഇറങ്ങുന്ന വാര്‍ത്തകളെ കരുതിയിരിക്കണമെന്നും ഇനിയും ഇത്തരം നീക്കങ്ങളുണ്ടായായാല് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുരേഷ്ഗോപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതേത്തുടര്‍ന്ന് സമാനമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടന്മാരായ ആസിഫ് അലിയും നിവിന്‍പോളിയും.
ഒരു മികച്ച പ്ലാറ്റ്ഫോമിനെ ഏറ്റവും വികൃതമാക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും ക്ലബ്ബ് ഹൗസില്‍ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു മാധ്യമത്തെ എങ്ങനെ മോശപ്പെടുത്തി ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണങ്ങളായി ക്ലബ്ബ് ഹൗസിലെ ചാറ്റ്റൂമുകളും മാറുകയാണ്.
ഈ സാഹചര്യത്തില്‍ കുടുതല്‍ താരങ്ങള്‍ ക്ലബ്ബ് ഹൗസില്‍നിന്ന് പിന്തിരിയാന് ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.
Recent Comments