മലയാള സിനിമയിലെ എണ്ണം പറഞ്ഞ നിര്‍മ്മാതാക്കളില്‍ ഒരാളും സംവിധായകനുമായ എം. മണി (ആരോമ മണി) നിര്യാതനായി. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.10 ഓടു കൂടിയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. സംസ്കാരം നാളെ അരുവിക്കരയിലുള്ള ആരോമ ഗാര്‍ഡന്‍സില്‍ നടക്കും. ആരോമ മണിയുടെ ഭാര്യ കൃഷ്ണമ്മയെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. നാളെ രാവിലെ 10 മണിയോടുകൂടി ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തൊട്ടതെല്ലാം പൊന്നാക്കിയ നിര്‍മ്മാതാവും സംവിധായകനും വിതരണക്കാരനുമാണ് ആരോമ മണി. നടന് മധു സംവിധാനം ചെയ്ത ധീരസമീരേ യമുനാതീരേ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. മകള്‍ സുനിതയുടെ പേരിലാണ് അദ്ദേഹം നിര്‍മ്മാണ കമ്പനി സ്ഥാപിച്ചത്. സുനിത പ്രൊഡക്ഷന്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 62 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2013 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റാണ് ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം. ഇരുപതാം നൂറ്റാണ്ട്, സിബിഐ ഡയറികുറിപ്പ്, എഫ്.ഐ.ആര്. ബാലേട്ടന്, കമ്മീഷണര്‍, ധ്രുവം, കോട്ടയം കുഞ്ഞച്ചന് തുടങ്ങിയവയെല്ലാം ആരോമ മണി നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ എണ്‍പത് ശതമാനത്തോളവും വിജയചിത്രങ്ങള്‍ ആയിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കടുത്ത നിയന്ത്രണവും അച്ചടക്കവും നിര്‍മ്മാണ രംഗത്ത് കര്‍ശനമായി പാലിച്ചുപോന്നിരുന്ന അപൂര്‍വ്വ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുന്‍നിര താരങ്ങള്‍ അദ്ദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിരുന്നുവെന്നതും ആ നിര്‍മ്മാതാവിനോടുള്ള ആദരവ് ഒന്നുകൊണ്ട് മാത്രമായിരുന്നു. മലയാളത്തില്‍ 62 ചിത്രങ്ങള്‍ നിര്‍മ്മിച്ച മറ്റൊരു നിര്‍മ്മാതാവും ഇല്ലെന്നതും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു.
ചിത്രങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, അത് വിതരണം നടത്തുകയും ചെയ്തിരുന്നു. പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തിലൂടെയാണ് വിതരണരംഗത്തേയ്ക്ക് കടക്കുന്നത്. ആരോമ എന്നായിരുന്നു വിതരണ കമ്പനിയുടെ പേര്. എം. മണി പിന്നീട് ആരോമ മണിയായി തീര്‍ന്നതും അതിനുശേഷമാണ്.
ആ ദിവസം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും തുടങ്ങി പത്തോളം ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ നാല് ചിത്രങ്ങളാണ് നിര്‍മ്മിച്ചത്.
പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രം നിര്‍മ്മിച്ചതും മണിയായിരുന്നു. 1985 ല്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അത് സ്വന്തമാക്കിയിരുന്നു. സിബിമലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നിര്‍മ്മാതാവ് എന്ന നിലയില്‍ ആരോമ മണിയെ തേടിയെത്തിയിരുന്നു.
Recent Comments