നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. പതിനാലാമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തില്‍ അഭിനയിയ്ക്കുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ആദ്യനാടകം. നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും അവര്‍ക്ക് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964 ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്. തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവര്‍ക്ക് അമ്മ വേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്.
സത്യന്, പ്രേംനസീര്‍, മധു, മമ്മൂട്ടി, മോഹന്‍ലാല്‍, സോമന്, സുകുമാരന്‍ എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂര്‍പൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളില്‍ ഭൂരിപക്ഷവും. മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി മാറി കവിയൂര്‍ പൊന്നമ്മ. നാനൂറിലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
ആദ്യമായി നായികയായ റോസി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. മകള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം അമേരിയ്ക്കയില്‍ താമസിക്കുന്ന ബിന്ദുവാണ് ഒരേയൊരു മകള്‍. മകള്‍ ബിന്ദു അമ്മയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ ചെയ്തെന്ന് അറിഞ്ഞ് എത്തിയിരുന്നു. പക്ഷേ അമേരിക്കയിലേയ്ക്ക് അടിയന്തിരമായി അവര്‍ക്ക് മടങ്ങിപോകേണ്ടിവന്നു. അവര്‍ അമേരിക്കയില്‍ എത്തിയതിന് പിന്നാലെയാണ് അമ്മയുടെ വിയോഗവിവരം അറയിന്നത്.
സംസ്കാര ചടങ്ങ് നാളെ വൈകിട്ട് ആലുവയിലെ കുടുംബവീട്ടുവളപ്പില്‍ നടക്കും
Recent Comments