മലയാളികള്‍ നിര്‍മ്മിക്കുന്ന ആദ്യ സമൂഹമാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ് ഫോം നൂ-ഗാ!
മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂ-ഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയും. പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നൂ-ഗാ! ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നിവാസികളായ അച്ഛന്റെയും മകളുടെയും ദീര്‍ഘ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് നൂ-ഗാ!.
‘ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ, പെസഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.’ നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന് പറഞ്ഞു. ‘പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നൂ-ഗാ! അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറില്‍ നിന്നോ നൂ-ഗാ!, ഉപകര്‍ത്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്ഥതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ രീതിയില്‍ തടയിടാന്‍ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noo-gah.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Recent Comments