മാസങ്ങള്‍ക്ക് മുമ്പാണ്, ലതാ ലക്ഷ്മിയുടെ ഒരു കഥയെക്കുറിച്ച് മധുമുട്ടം ഫാസിലിനോട് പറയുന്നത്. അതിന്റെ ത്രെഡ് ഫാസിലിനും ഇഷ്ടമായി. പിന്നീട് ലതാ ലക്ഷ്മിക്കൊപ്പം ഒരു ചര്ച്ചയിലുമിരുന്നു. അതിനു ശേഷമാണ് അതിനൊരു സിനിമാരൂപം കൊടുക്കാം എന്ന തീരുമാനത്തിലേയ്ക്ക് എത്തുന്നത്.
പിന്നീട് നടന്ന ചര്‍ച്ചകള്‍ മുഴുവനും ഫാസിലും മധു മുട്ടവും തമ്മിലായിരുന്നു. എറണാകുളത്ത് തുടങ്ങിയ ആ ചര്‍ച്ചകള്‍ ഒടുവില്‍ ആലപ്പുഴയിലുമെത്തി. അവിടെ അവര്‍ക്ക് പ്രിയപ്പെട്ട ഒരു ഹോട്ടലുണ്ട്- ബ്രദേഴ്സ്. അവിടുത്തെ 19-ാം നമ്പര്‍ മുറി ഇരുവര്‍ക്കും മറക്കാനാവില്ല. മണിച്ചിത്രത്താഴിന്റെ ചര്‍ച്ചകള്‍ മുഴുവനും നടന്നത് അവിടെയാണ്. രാശിയുള്ള സ്ഥലം. അവിടിരുന്നായിരുന്നു പിന്നീടുള്ള ചര്‍ച്ചകളും എഴുത്തും. ഒരു ഘട്ടത്തില്‍ കഥ ലോക്ക് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് അതിനൊരു തിരക്കഥാരൂപം ഉണ്ടാക്കി. ഇപ്പോള്‍ ആ പ്രൊജക്ടാണ് അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 4 ഫാസിലിന്റെ ജന്മദിനമാണ്. 75 വയസ്സാകുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ആ ദിവസം തന്നെയാണ് ഫാസില്‍ തെരഞ്ഞെടുത്തതും.
മണിച്ചിത്രത്താഴിന് ശേഷം കൃത്യമായി പറഞ്ഞാല്‍ മുപ്പത് വര്‍ങ്ങള്‍ക്കിപ്പുറം ഫാസിലും മധുമുട്ടവും വീണ്ടും ഒന്നിക്കുകയാണ്. സ്വാഭാവികമായും അത് ഉയര്‍ത്തുന്ന പ്രതീക്ഷകളും ചെറുതല്ല.
ഈ വര്‍ഷം മെയ് അവസാനത്തോടെയോ, ജൂണ്‍ ആദ്യമോ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് ഫാസില്‍ കാന്‍ ചാനലിനോട് പറഞ്ഞു. ഫാസില്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതും. താരനിര്‍ണ്ണയം നടന്നിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ അതും പൂര്‍ത്തിയാകുമെന്ന് ഫാസില്‍ പറഞ്ഞു.
Recent Comments