‘സുരേഷ് ഗോപിയെ നായകനാക്കി ഞാന്‍ ഒരു ചിത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ- യുവതുര്‍ക്കി. അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. അതിലൊരു ജയില്രംഗമുണ്ട്. സുരേഷിന്റെ വായിലേയ്ക്ക് ഒരു ചത്ത എലിയെ വെച്ചുകൊടുക്കുന്ന ഷോട്ടാണ്. അതിനുവേണ്ടി ഒരു ഡമ്മി എലിയെത്തന്നെ കലാസംവിധായകന്‍ ഉണ്ടാക്കി. അതിനെ സുരേഷിന്റെ വായിലേയ്ക്ക് വച്ചുകൊടുക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായില്ല. ഞാന്‍ ഷോട്ടിന് കട്ട് പറഞ്ഞു. എന്നിട്ട് സുരേഷിനെ അടുത്തേയ്ക്ക് വിളിപ്പിച്ചു. ഒരു ജീവനുള്ള എലിയെ വച്ച് നമുക്ക് ഈ രംഗം പകര്‍ത്താമെന്ന് പറഞ്ഞു. സുരേഷ് വിസ്സമ്മതമൊന്നും പ്രകടിപ്പിച്ചില്ല. ഒരു എലിയെ ഡെറ്റോള്‍ കൊണ്ട് നന്നായി കഴുകിയെടുത്തശേഷം അതിനുമേല്‍ കാഡ്ബറീസ് ചോക്ലേറ്റ് പൊതിഞ്ഞു. അതാണ് പിന്നീട് സുരേഷിന്റെ വായിലേയ്ക്ക് തിരുകി വച്ചത്. ഒരു യഥാര്‍ത്ഥ എലിയെ വായിലേയ്ക്ക് തിരികിക്കയറ്റുമ്പോഴുള്ള അറപ്പും വെറുപ്പും സുരേഷിന്റെ മുഖത്ത് തെളിഞ്ഞു. ഞാന്‍ ഷോട്ടിന് ഓക്കെ പറഞ്ഞു. ഒരു പച്ച എലിയെ തീറ്റിച്ചതിന്റെ പേരില്‍ അക്കാലത്ത് ഒരുപാട് പഴി ഞാന്‍ കേട്ടിരുന്നു. വിമര്‍ശനങ്ങളും.’
‘വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി എം.പി. ആയതിനുശേഷം പാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. അന്നദ്ദേഹം എന്നെ വിളിച്ചിരുന്നു. വീട്ടിലേയ്ക്ക് വരുന്നുണ്ടെന്നും ആവി പറക്കുന്ന ഇഡ്ഡലിയും ചമ്മന്തിയും ഒപ്പം പഴംനുറുക്കും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാം ഒരുക്കിവച്ച് കാത്തിരുന്നു. സുരേഷ് ഗോപി എത്തി കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അദ്ദേഹം പൂമുഖത്ത് വന്നിരുന്നു. ആ സമയം ഞാനൊരു പുസ്തകം അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് വച്ചുനീട്ടി. അതിലൊരു ഭാഗം വായിക്കാന്‍ പറഞ്ഞു.’
‘അതിന്റെ പശ്ചാത്തലം ഇതായിരുന്നു. The Revenant എന്ന ചലച്ചിത്രത്തിലൂടെ രണ്ടാമതും മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ ഡികാപ്രിയോയുടെ ഷൂട്ടിംഗ് അനുഭവങ്ങളാണ് അതിലുണ്ടായിരുന്നത്. ആ സിനിമയില്‍ ഒരു മൃഗത്തിന്റെ കരള്‍ ഭക്ഷിക്കുന്ന ഷോട്ടുണ്ട്. അതിനുവേണ്ടി ഒറിജിനലിനെയും വെല്ലുന്ന ഡമ്മി ലിവറാണ് ഉണ്ടാക്കിയിരുന്നത്. പക്ഷേ പച്ച മാംസം കഴിക്കുമ്പോഴുണ്ടാകുന്ന ഭാവവ്യത്യാസങ്ങളൊന്നും ഡികാപ്രിയോയുടെ മുഖത്ത് കണ്ടില്ല. ഉടനെ സംവിധായകന് അലജെന്ഡ്രൊ ഒറിജിനല്‍ കരള്‍തന്നെ കൊണ്ടുവരാന്‍ പറഞ്ഞു. അത് ഭക്ഷിച്ചപ്പോഴുണ്ടായ ഡികാപ്രിയോയുടെ പ്രകടനത്തില്‍ സംവിധായകന് തൃപ്തനായിരുന്നു.’
‘പെര്‍ഫക്ഷനിസ്റ്റ് എന്ന നിലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരാള്‍ എന്ന ദുഷ്പ്പേര് എനിക്കുണ്ട്. അതിന്റെ പേരില്‍ പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. പക്ഷേ പൂര്‍ണ്ണതയ്ക്കുവേണ്ടി ഏതൊരറ്റംവരെയും പോകാന്‍ ഞാന്‍ ഒരുക്കമാണ്. അതിന് തയ്യാറാകുന്ന നല്ല അഭിനേതാക്കളും നമുക്കുണ്ട്. കമല്‍ഹാസനും മോഹന്‍ലാലുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.’
കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് ഗോപിയെക്കൊണ്ട് ജീവനുള്ള എലിയെ തീറ്റിച്ച സംഭവം ഭദ്രന് തുറന്നുപറഞ്ഞത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.
Recent Comments