ഒരു മാസമായി സിനിമാമേഖല ഒന്നടങ്കം സ്തംഭനാവസ്ഥയിലാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കാര്യമാണ് തീരെ കഷ്ടം. പലരും പട്ടിണിയിലാണ്. കൊറോണ ബാധിച്ച് കിടപ്പിലായവരും ഏറെയാണ്. മരിച്ചു പോയവരുമുണ്ട്. സ്കൂളുകള്‍ തുറന്നു. കുട്ടികള്‍ക്ക് പുസ്തകം വാങ്ങാനുള്ള പണംപോലും പലര്‍ക്കും സംഘടിപ്പിക്കാനാകുന്നില്ല. തൊഴിലാളികളുടെ ആവലാതികള്‍ നിറഞ്ഞ ശബ്ദസന്ദേശങ്ങള്‍ അവരവരുടെ ഗ്രൂപ്പുകളില്‍ നിറഞ്ഞുകേള്ക്കാനുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഫെഫ്കയിലെ അംഗം കൂടിയായ ഷിബു ജി. സുശീലന് വളരെ ക്രിയാത്മകമായൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
ഫെഫ്ക മുന്‍കൈയെടുത്ത് ഒരു സിനിമ ചെയ്യാന്‍ മുന്നോട്ട് വരണം. ആ സിനിമ ചെയ്തുകിട്ടുന്ന ലാഭം ഫെഫ്കയിലെ മുഴുവന്‍ തൊഴിലാളി യൂണിയനില്‍ പെട്ടവര്‍ക്കും വീതിച്ചുനല്‍കണം. ഇക്കാര്യത്തിനായി ലാഭേച്ഛയില്ലാതെ പത്ത് ലക്ഷം രൂപ മുടക്കാന്‍ തയ്യാറാണെന്നും ഷിബു ജി. സുശീലന് തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഫെഫ്കയിലെ വിവിധ യൂണിയനില്‍പ്പെട്ടവര്‍ ഷിബുവിന്റെ നിര്‍ദ്ദേശങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിച്ചുവെന്നാണ് അറിയുന്നത്. പലരും ഷിബുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകമാത്രമല്ല, പ്രതിഫലം കൂടാതെ വന്ന് പ്രവര്‍ത്തിക്കാമെന്നും വാഗ്ദാനം ചെയ്തത്രെ. താരസംഘടനയായ അമ്മയിലെ ചില അംഗങ്ങളും അനുകൂലമായ നിലപാടുകളുമായി മുന്നോട്ട് വന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.
ഇക്കാര്യത്തില്‍ ഫെഫ്കയുടെ നിലപാടറിയാന്‍ വിളിച്ച മാധ്യമങ്ങളോട് ജനറല്‍ സെക്രട്ടറി പറഞ്ഞത് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ്. സമാനമായ അഭിപ്രായം തന്നെയാണ് വര്‍ക്കിംഗ് സെക്രട്ടറിയും പലരുമായി പങ്കുവച്ചത്. എന്നാല്‍ ഫെഫ്കയ്ക്ക് മുന്നിലുള്ള പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല.
അന്വേഷണത്തില്‍നിന്ന് അറിയാവുന്ന ഒരു കാര്യം മാത്രം പങ്കുവയ്ക്കാം. ഫെഫ്കയിലെ റൈറ്റേഴ്സ് യൂണിയനുവേണ്ടി അമ്മയുമായി ചേര്‍ന്നൊരു സിനിമ ചെയ്യാന്‍ ഫെഫ്ക ഉറപ്പ് നല്കിയിട്ടുണ്ടത്രെ. ഇപ്പോഴത്തെ അവസ്ഥയില്‍ അതൊരു കീറാമുട്ടിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. അല്ലെങ്കിലും ഒരു തൊഴിലാളി യൂണിയനില്‍പ്പെട്ടവര്‍ക്ക് വേണ്ടിയല്ല ഇപ്പോള്‍ ഫെഫ്ക മുന്നിട്ടിറങ്ങേണ്ടത്. മുഴുവന്‍പേര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. ഇക്കാര്യം റൈറ്റേഴ്സ് യൂണിയനിലുള്ളവരുമായി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ.
ഇതല്ലാതെ എന്ത് പ്രായോഗിക ബുദ്ധിമുട്ടാണ് നിലവിലുള്ളതെന്ന് ജനറല്‍ സെക്രട്ടറിതന്നെയാണ് വിശദമാക്കേണ്ടത്. ചുരുങ്ങിയപക്ഷം സ്വന്തം യൂണിയനില്പ്പെട്ടവരോടെങ്കിലും അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറാകണം. മറുപടി അവരെ തൃപ്തിപ്പെടുത്താനും കഴിയണം.
വിവിധ യൂണിയനില്‍പ്പെട്ട അംഗങ്ങളുടെ മുറുമുറുപ്പ് ഉയരുന്നതിനിടയിലാണ് ഫെഫ്ക രണ്ട് ദിവസം മുമ്പ് 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. വളരെ നല്ല കാര്യം. വറുതിയുടെ ഈ കാലത്ത് ഒരു ചെറിയ തുകപോലും അവര്‍ക്ക് വലിയ ആശ്വാസമാണ്. പക്ഷേ വിചിത്രമായ ചില നിര്‍ദ്ദേശമാണ് സഹായം പറ്റേണ്ടവരുടെ കാര്യത്തില്‍ ഫെഫ്ക മുന്നോട്ട് വച്ചത്. കോവിഡ് സാന്ത്വനപദ്ധതിയാണിത്. അതായത് കോവിഡ് ബാധിതരായ ചലച്ചിത്രപ്രവര്ത്തകര്ക്കാണ് അടിയന്തിരസഹായം നല്‍കുന്നത്. പക്ഷേ കോവിഡ് ബാധിതരാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. ഇപ്പോഴത്തെ അവസ്ഥയില്‍ 90 ശതമാനം കോവിഡ് രോഗികളും സ്വന്തം വീടുകളില്‍നിന്നാണ് ചികിത്സ നേടുന്നത്. ഇക്കൂട്ടര്‍ എങ്ങനെ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം സമര്‍പ്പിക്കും. അറിയില്ല. എന്നുമാത്രമല്ല, 2500 രൂപ മാത്രമാണ് ഫെഫ്ക നേരിട്ട് നല്‍കുന്നത്. ബാക്കി തുക അതാത് യൂണിയനുകള്വേണം നല്കാന്.
ഇപ്പോഴത്തെ അവസ്ഥയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ചുരുങ്ങിയത് ഒരുമാസമെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും തൊഴിലാളികളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാകും. അവര്‍ക്ക് അടിയന്തിരമായി തൊഴില്‍സാഹചര്യം ഉറപ്പാക്കാന്‍ ഫെഫ്ക സിനിമ ചെയ്യാന്‍ മുന്നിട്ടിറങ്ങണം. അതുവഴി ലഭിക്കുന്ന ലാഭം യൂണിയനില്‍പ്പെട്ട എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കണം. അതവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. സംഘടനയ്ക്കുമേലുള്ള അവരുടെ വിശ്വാസവും കൂറും കൂടും.
അതിന് ജനറല്‍ സെക്രട്ടറിയുടെ ഒരു ‘yes’ മാത്രമാണ് വേണ്ടത്. ഒരു സിനിമാഡയലോഗ് ഓര്‍മ്മവരുന്നു. നിങ്ങള്‍ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെ ഒരു ‘yes’ ചിലപ്പോള്‍ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേര്‍ക്ക് യെസ് പറയാന്‍ ധൈര്യം പകരുന്ന ചരിത്രം.
ആ ചരിത്രദൗത്യത്തിനായി ഫെഫ്ക മുന്നോട്ട് വരുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയും.
Recent Comments