മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക വാര്‍ത്ത സമ്മേളനം നടത്തി. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക യൂണിയന്.
പി.വി.ആര് കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പുതിയ സിനിമകള്‍ക്കും സംവിധായകര്‍ക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടിയാണ്. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആര്‍ ഏപ്രില്‍ 11-ന് ബഹിഷ്കരിച്ചത്.ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു ബഹിഷ്കരണം.
യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.ഫോറം മാളില്‍ പിവിആര്‍ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാന്‍ സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.
പിവിആര്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി വാദിക്കുന്നത് ശുദ്ധ ഭോഷ്കാണ്. ഈ കമ്പനികളുടെ ചൂട്ട് പിടിച്ചു കൊണ്ട് മലയാള സിനിമയെ പിപ്പിടി കാണിച്ച് വിരട്ടാനാണ് പി വി ആര് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് തീര്‍ത്തും അപലപനിയമാണ്. മലയാള സിനിമയെ തന്നെയാണ് ഈ നീക്കത്തിലൂടെ പി വി ആര് തകര്‍ക്കുന്നത്. പി വി ആറിന്റെ സ്ഥാപിത താല്പര്യങ്ങള്ക്കെതിരെ ചെറുത്ത് നില്ക്കുന്ന ഫെഫ്ക ഈ കാര്യത്തില്‍ കൈയടി അര്‍ഹിക്കുന്നു.
Recent Comments