റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഒടിടിയില്‍ റിലീസിനെത്താന്‍ രണ്ട് ദിവസങ്ങള്‍കൂടി ശേഷിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനടനുമായ ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫാററിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫിയോക്ക്. തീയേറ്റര്‍ റിലീസിനൊരുക്കിയ ചിത്രം ഒടിടിക്ക് നല്‍കിയതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയെന്നാണ് ഔദ്യോഗികഭാഷ്യം.
ഫിയോക്കിന് ഇതെന്ത് പറ്റിയെന്ന് അറിയില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്തവരെയെല്ലാം വിലക്കുന്നത് ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്. വിലക്കിന് വേണ്ടിയും ഒരു സംഘടനയോ? പണ്ട് ഇത്തരം ഒരുപാട് വിലക്കുകള്‍ കണ്ട് വലഞ്ഞതാണ് ഈ ഇന്‍ഡസ്ട്രി. അന്ന് വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് ചൊറിയുംകുത്തി വീട്ടിലിരിപ്പാണ്. അല്ലെങ്കിലും വിലക്കെന്നത് ഒരു പ്രാകൃത ശിക്ഷാരീതിയാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളാത്തവരാണ് ഇത്തരം ‘അനുഷ്ഠാന’ങ്ങള്‍ക്ക് പിന്നില്‍.
രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കുശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ അന്ന് ‘കുറുപ്പ്’ പോലൊരു ഹൈ ബഡ്ജറ്റ് ചിത്രവുമായി തീയേറ്ററുകളുടെ രക്ഷയ്ക്കെത്തിയ കമ്പനിയാണ് ദുല്‍ഖറിന്റെ വേഫാറര്‍. അന്ന് ഫിയോക്കിന് ദുല്‍ഖര്‍ മിശിഹയായിരുന്നു. തോളത്തെടുത്താണ് നടന്നിരുന്നത്. ഇന്നിപ്പോ സല്യൂട്ട് ഒടിടിക്ക് നല്‍കിയതിന്റെ പേരിലാണ് അതേ ദുല്‍ഖറിനെ വലിച്ചെറിഞ്ഞിരിക്കുന്നതും.
മാറുന്ന കാലഘട്ടത്തെക്കുറിച്ച് വലിയ പിടിപാടുകളൊന്നും ഫിയോക്കിന് ഇല്ലെന്ന് തോന്നുന്നു. അവരിപ്പോഴും ആ പഴയ കാലഘട്ടത്തിലാണോ ജീവിക്കുന്നത്? പണ്ടൊരു ആഡിയോ വീഡിയോ റൈറ്റ്സുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാളസിനിമ ഇന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സില്‍നിന്ന് ഡിജിറ്റല്‍ റൈറ്റ്സിലേയ്ക്ക് വരെ അതിന്റെ ബിസിനസ്സ് സാധ്യതകള്‍ കൂടി. ഈ കോവിഡ് കാലത്ത് സിനിമ ഇന്‍ഡസ്ട്രി തകരാതെ നിന്നതിന് പിന്നില്‍ ഡിജിറ്റല്‍ റൈറ്റ്സ് നല്കിയ കരുത്ത് ചെറുതല്ല. ഇനിയും അതിന്റെ സാധ്യതകള്‍ മലയാള സിനിമ ഉപയോഗപ്പെടുത്തുകതന്നെ വേണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പണം മുടക്കുന്നവന്റെയും. അതുകൊണ്ടാണ് കൂടുതല്‍ തൂക ഒടിടിയില്‍നിന്ന് കിട്ടിയപ്പോള്‍ അവര്‍ സല്യൂട്ട് സോണിലിവ്ന് വിറ്റത്. നിലനില്‍പ്പാണ് പ്രധാനം, അല്ലാതെ ഫിയോക്കിന്റെ പ്രീതി തേടലല്ല.
നിലവില്‍ പ്രദര്‍ശനത്തിനെത്തിയ ഭീഷ്മപര്വ്വത്തിനൊഴികെ ഒരു തീയേറ്ററുകളിലും ആളുകളില്ല. ഈ സാഹചര്യവും നിലവിലുണ്ട്. അപ്പോള്‍ റിസ്ക്ക് ഏറ്റെടുക്കാന്‍ ഒരു നിര്‍മ്മാണക്കമ്പനിയും തയ്യാറാകുകയില്ല. അതിനൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ് ഫിയോക്ക് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ തങ്ങള്‍ക്ക് അപ്രിയമായതെന്തിനെയും വിലക്കേര്‍പ്പെടുത്തുന്ന ഈ രീതിയുണ്ടല്ലോ, അത് അത്യാപത്തിന്റെ സൂചനയാണ്.
Recent Comments