പോസ്റ്ററുകളില്‍ ആര് നടുക്ക് എന്ന് ചൂഴ്ന്ന് നോക്കുന്നതു മുതല്‍ അസ്വസ്ഥതകള്‍ തുടങ്ങിയിരുന്നു. സുരേഷ് ഗോപിയാണ് ആദ്യം സ്കോര്‍ ചെയ്തത്. പുറകെ അഡ്വക്കേറ്റ് രമേശ് നമ്പ്യാരായി മമ്മൂട്ടിയുടെ സ്റ്റൈലന്‍ ഇന്‍ട്രോ. ദ്രുതഗതിയില്‍ പോയിരുന്ന സിനിമ ജയിലില്‍ അകപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രം കടന്നുവരുന്നതോടെ വേഗത കുറയുന്നു. പിന്നീട് കോടതി വരാന്തയിലൂടെ ‘കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിക്കുന്നതാണ് എന്റെ ശീലം’ എന്നും പറഞ്ഞു ദേവരാജ പ്രതാപവര്‍മ്മ മുണ്ടും മടക്കി കൂളിംഗ് ഗ്ലാസും വെച്ചു നടന്നു വരുമ്പോള്‍ തിയറ്ററില്‍ ആരാധകരുടെ ആവേശം അലതല്ലി. മലയാളം അന്നേവരെ കണ്ടതില്‍ ഏറ്റവും മികച്ച ഇന്റര്‍വല്‍ പഞ്ച്. ഒപ്പം ഒരു ഐക്കോണിക്ക് ബിജിഎമ്മും. ഇന്റര്വലോടെ എല്ലാ ഫാന്‍സുകാരും ഒരുപോലെ ഹാപ്പി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ട്വന്റി 20 സിനിമ പ്രേമികള്‍ സ്വീകരിച്ചത് ഇങ്ങനെയാണ്. പക്ക മാസ് എന്റര്‍ടെയിനറായി ഒരുങ്ങിയ സിനിമ തിയറ്ററുകളില്‍നിന്നും വലിയ വിജയമായിരുന്നു നേടിയത്. 2008 നവംബര്‍ 5 നാണ് ട്വന്റി 20 തിയറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമ പുറത്തിറങ്ങി ഇന്നേക്ക് 15 വര്‍ഷം ആവുകയാണ്. താരസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപാണ് അമ്മയ്ക്ക് വേണ്ടി ചിത്രം നിര്‍മ്മിച്ചത്.
മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ മലയാള സിനിമയിലെ അമ്പതിലധികം മുന്‍ നിര താരങ്ങളും മുതിര്‍ന്ന താരങ്ങളും അണിനിരന്നിരുന്നു. താരങ്ങളാരും തന്നെ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ വന്ന സിനിമ കൂടിയായിരുന്നു ട്വന്റി 20.
ഇത്രയധികം താരങ്ങളെവെച്ച് ചിത്രം ഒരുക്കാന്‍ ജോഷിയല്ലാതെ മറ്റൊരു ഓപ്ഷന് ഇല്ലായിരുന്നു. ജോഷിയുടെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം വ്യക്തമാണ്. ഉദയകൃഷ്ണ, സിബി കെ. തോമസിന്റെയാണ് തിരക്കഥ. ഇത്രയധികം താരങ്ങളെ ഒരു കഥയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് തന്നെ ശ്രമകരമാണ്. മറ്റൊരു തിരക്കഥാകൃത്തിന് ചിന്തിക്കാന്‍പോലും കഴിയാത്ത വിധത്തിലാണ് താരങ്ങളെ ഉദയനും സിബിയും കഥയില്‍ പ്ലെയ്സ് ചെയ്തത്. അതുകൂടാതെ ഓരോ നടനും അര്‍ഹിക്കുന്ന പ്രാധാന്യം തിരക്കഥയില്‍ കൊടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞു.
ആദ്യമായിട്ടാണ് രാജാമണി ഒരു ജോഷി ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പക്ഷേ അത് എക്കാലവും ഓര്‍ത്ത് വെക്കാവുന്ന ഒരു ഒത്തു ചേരലായി മാറി. ജോഷിയുടെ സീന്‍ ബില്ഡപ്പിനൊപ്പം രാജാമണിയുടെ പശ്ചാത്തല സംഗീതം വന്നപ്പോള്‍ സ്ക്രീനിലെ ആവേശം പ്രേക്ഷകനിലേക്കും പടര്‍ന്നു.
കൊച്ചിയിലെ പൂമ്പാറ്റ സ്റ്റുഡിയോ ഫുള്‍ എ.സി. ചെയ്താണ് പാട്ട് ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് ഒരു മലയാള സിനിമ ഒരു ഫ്ളോര്‍ മൊത്തം എസി ചെയ്ത് ഷൂട്ട് ചെയ്യുകയെന്ന് പറഞ്ഞാല്‍ പ്രാക്ടിക്കല്‍ അല്ല. എല്ലാവരും സെലിബ്രിറ്റികളായ സൂപ്പര്‍സ്റ്റാറുകളായത് കാരണം ട്വന്റി 20 യുടെ ഇന്‍ഡോറില്‍ വരുന്ന എല്ലാ സീനുകളിലും എ.സി ഉണ്ടായിരുന്നു.
എന്നാല്‍ പെരുമകള്‍ക്ക് അപ്പുറം ട്വന്റി 20 യുടെ ഷൂട്ട് അത്ര സുഖകരമായിരുന്നില്ല. ഒന്നര വര്‍ഷം കൊണ്ടാണ് ട്വന്റി 20 പൂര്‍ത്തികരിച്ചത്. ആദ്യം പതിനെട്ട് ദിവസം അടുപ്പിച്ചായിരുന്നു ഷൂട്ട്. ആ ഒറ്റ ഷെഡ്യൂള്‍ വളരെ സ്മൂത്ത് ആയിപ്പോയി. അതിന് ശേഷം പിന്നീട് ആര്‍ട്ടിസ്റ്റുകളെ ലഭിക്കുന്നത് അനുസരിച്ചായിരുന്നു. അന്നെടുക്കേണ്ട സീന്‍ മഴ ആയാലും വെയിലായാലും തീര്‍ത്തില്ലെങ്കില്‍ നാളെ ആര്‍ട്ടിസ്റ്റ് ഇല്ല എന്ന അവസ്ഥ. ഇത്രയും താരങ്ങളുടെ ഡേറ്റുകളുടെ പ്രശ്നം തീര്‍ക്കാന്‍ സാക്ഷാല്‍ ഇന്നസെന്റ് തന്നെ ഏകോപിപ്പിക്കേണ്ട ഗതി വന്നു. യുദ്ധാകാലാടിസ്ഥാനം പോലെയാണ് ഷൂട്ട് ചെയ്തത്.
6-7 ദിവസം പ്ലാന്‍ ചെയ്തിരുന്ന ക്ലൈമാക്സ് രംഗം ഡേറ്റിന്റെ ലഭ്യത കുറവ് കാരണം നാല് ദിവസമായി ചുരക്കപ്പെട്ടു. അവസാനം അഞ്ച് ക്യാമറ വെച്ചാണ് ജോഷി ആ ഗോഡൗണ്‍ ഫൈറ്റ് ചിത്രീകരിച്ചത്. ഇത്രയധികം വെല്ലുവിളി നിറഞ്ഞ ക്ലൈമാക്സ് ഭംഗിയായി എഡിറ്റ് ചെയ്തതില്‍ രഞ്ജന്‍ എബ്രഹാം കൈയടി അര്‍ഹിക്കുന്നു.
മറ്റു ഭാഷകളില്‍ ഈ സിനിമ എടുക്കാനായി പലരും കഥയുടെ അവകാശം വാങ്ങി. പക്ഷെ ഒരു ഭാഷയിലും ഇത് എടുക്കാന്‍ സാധിച്ചിട്ടില്ല. റോളിന്റെ വലിപ്പത്തെ ചൊല്ലി നടന്മാര് തമ്മിലുള്ള പ്രശ്നമാണ് കാരണം. അവിടെയാണ് മലയാളം മാതൃകയാകുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും ട്വന്റി 20 സിനിമ പ്രേമികള്‍ക്ക് ഇന്നും ഒരു അത്ഭുതം തന്നെയാണ്.
Recent Comments