കോവിഡ് രണ്ടാംവ്യാപനം രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുകയും മൂന്നാം വ്യാപനം പ്രവചിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളിലേയ്ക്ക് കൂടുതല്‍ സന്ദേശം എത്തിക്കാനായി വിവിധ ഭാഷാചിത്രങ്ങളിലെ താരങ്ങളെക്കൊണ്ട് പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഫിക്കി. (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി). ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്റെ (ഐ.ബി.എഫ്) സഹായത്തോടെയാണ് ഫിക്കി ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്.
ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരങ്ങളെ ഇതിനായി കണ്ടെത്തുകയും അവര്‍ വഴി പരസ്യ ചിത്രങ്ങള്‍ ചെയ്യാനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
മലയാളത്തില്‍നിന്ന് ഈ പരസ്യചിത്രം ചെയ്യുന്നത് നടന് സുരേഷ്ഗോപിയാണ്. നാല് ദിവസം മുമ്പ് തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയില്‍ ഇതിന്റെ ചിത്രീകരണം നടന്നിരുന്നു. വി ടി.വിക്കായിരുന്നു ചിത്രീകരണ ചുമതല.
കോവിഡിന്റെ ടെസ്റ്റ് റിസള്‍ട്ടിനായി കാത്തിരിക്കുകയാണോ? അതോ കോവിഡ് ബാധിതരായിത്തന്നെ ഇരിക്കുകയാണോ? എന്തുമാകട്ടെ നമുക്കൊരുമിച്ച് പൊരുതാം, കൊറോണയെ കീഴടക്കാം. എങ്ങനെ എന്ന ചോദ്യത്തോടെയാണ് പരസ്യചിത്രം ആരംഭിക്കുന്നത്.
ഹിന്ദിയില്‍ ഈ പരസ്യചിത്രം ചെയ്യുന്നത് അക്ഷയ്കുമാറാണ്. തമിഴില്‍ ആര്യയും. കന്നഡത്തില്‍ പുനീതും തെലുങ്കില്‍ വെങ്കിടേഷും ഈ പരസ്യചിത്രത്തിന്റെ ഭാഗമാകുമെന്നറിയുന്നു. പ്രതിഫലം ഒഴിവാക്കിയാണ് താരങ്ങള്‍ ഈ പരസ്യചിത്രം ചെയ്യുന്നത്.
മാധ്യമങ്ങള്‍ വഴി ഈ പരസ്യം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Recent Comments