അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനും നിര്‍മ്മാതാവുമായ രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ദുബായിലെ ജബല്‍ അലി ശ്മശാനത്തില്‍ നടക്കും.
1942 ജൂലൈ 31 ന് തൃശൂര്‍ മധുകര മുത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസകാലശേഷം ബാങ്കിംഗ് മേഖലയിലെത്തി. കാനറാബാങ്കിലും എസ്.ബി.ടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവച്ച് കുവൈറ്റിലേയ്ക്ക് പോയി. അവിടെ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലി ചെയ്തു. 1981 ഡിസംബറിലാണ് രാമചന്ദ്രന് ആദ്യത്തെ ജുവലറി തുടങ്ങിയത്. അറ്റ്ലസ് എന്നായിരുന്നു അതിന്റെ പേര്. അതിനുശേഷമാണ് രാമചന്ദ്രന് അറ്റ്ലസ് രാമചന്ദ്രനായത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 50 ഷോറൂമുകളാണ് അറ്റ്ലസ് ജുവലറിക്ക് ഉണ്ടായിരുന്നത്.
ദുബായിലെ ബാങ്കില്‍നിന്ന് എടുത്തിരുന്ന വായ്പാ തിരിച്ചടവിന് കാലതാമസം നേരിട്ടതോടെയാണ് അറ്റ്ലസ് രാമചന്ദ്രന് ബിസിനസ്സില്‍ തിരിച്ചടികള്‍ ഉണ്ടായത്. 2015 ഓഗസ്റ്റില്‍ അദ്ദേഹം അറസ്റ്റിലായി. ദുബായ് കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ മോചനത്തിനായി പരിശ്രമിച്ചു. 2018 ജൂണ്‍ 9 നാണ് അദ്ദേഹം ജയില്‍ മോചിതനായത്. ബിസിനസ് ജീവിതം പുനരാരംഭിച്ച് എല്ലാം തിരിച്ചുപിടിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുംമുമ്പേ മരണം അറ്റ്ലസ് രാമചന്ദ്രനെ കവര്ന്നുകൊണ്ടുപോവുകയായിരുന്നു.
വ്യവസായത്തോടൊപ്പംതന്നെ സിനിമയും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള മേഖലയായിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ നിര്‍മ്മിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഭരതനുമായി ചേര്‍ന്ന് അദ്ദേഹം നിര്‍മ്മിച്ച ചിത്രമാണ് വൈശാലി. കലാപരമായും സാമ്പത്തികമായും ആ സിനിമ വിജയം നേടി. ചന്ദ്രകാന്ത് ഫിലിംസ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മ്മാണ-വിതരണ കമ്പനിയുടെ പേര്. പിന്നീട് അരവിന്ദന് സംവിധാനം ചെയ്ത വാസ്തുഹാരയും ഹരികുമാറിന്റെ സുകൃതവും ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. അറബിക്കഥ, 2 ഹരിഹര്‍ നഗര്‍, ആനന്ദഭൈരവി, മലബാര്‍ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. വിനു മോഹനെ നായകനാക്കി ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തതും അറ്റ്ലസ് രാമചന്ദ്രനായിരുന്നു. ഇന്ദിരയാണ് ഭാര്യ. ഡോ. മഞ്ജുവും ശ്രീകാന്തും മക്കളാണ്.
Recent Comments