പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പി.വി. ഗംഗാധരന് അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.
1977 ല്‍ ഹരിഹരന് സംവിധാനം ചെയ്ത സുജാത എന്ന ചലച്ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ എന്നായിരുന്നു നിര്‍മ്മാണ കമ്പനിയുടെ പേര്. മനസാ വാചാ കര്‍മ്മണ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, ഏകലവ്യന്, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ തുടങ്ങി ഇരുപത്തിരണ്ടോളം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.
കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകന്‍, പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി 1943 ല്‍ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമിയുടെ ഡയറക്ടറുമായിരുന്നു. സിനിമാ നിര്‍മ്മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായും കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന് മൂത്ത സഹോദരനാണ്. ഷെറിനാണ് ഭാര്യ. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളുമാണ്. മക്കളുടെ നേതൃത്വത്തില്‍ എസ് ക്യൂബ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും സ്ഥാപിച്ചിരുന്നു. ഉയരെ, ജാനകി ജാനെ എന്നിവ ആ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്. ശാന്തം, കാണാക്കിനാവ് എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരവും ഒരു വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നിവയ്ക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Recent Comments