സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ വാഴയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. വാഴ 2 – ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന പേരിലാണ് സിനിമ എത്തുന്നത്. ഏപ്രിൽ 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഔദ്യോഗികമായി ആരംഭിക്കും. പൂജാചടങ്ങുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
2024 ആഗസ്റ്റിലാണ് ആദ്യ ഭാഗമായ വാഴ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണവും വലിയ സ്വീകാര്യതയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ ഏകദേശം 40 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ കൂടുതൽ സോഷ്യൽ മീഡിയ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഹാഷിർ ഉൾപ്പെടെയുള്ള ‘ബില്യൺ ബ്രോസ്’ ടീം പ്രധാന കഥാപാത്രങ്ങളാണ് ഈ ഭാഗത്തിൽ. ഇതു നേരത്തെ തന്നെ തിരക്കഥാകൃത്തായ വിപിൻ ദാസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സവിൻ എസ് എ ആണ്. അൽഫോൺസ് പുത്രൻ സിനിമയുടെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. ആദ്യ ഭാഗത്തിൽ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ തുടങ്ങിയ സാമൂഹ്യമാധ്യമ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൂടാതെ ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
വിപിൻ ദാസ് പ്രൊഡക്ഷൻസ്യും ഇമാജിൻ സിനിമാസ്യും ചേർന്നാണ് വാഴ 2 നിർമ്മിക്കുന്നത്. നിർമാതാക്കളിൽ വിപിൻ ദാസിനൊപ്പം ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവരും ഉൾപ്പെടുന്നു. ഛായാഗ്രഹണം അഖിൽ ലൈലാസുരൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റിംഗ് കണ്ണൻ, പ്രൊഡക്ഷൻ കൺട്രോൾ റിന്നി ദിവാകർ, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, വേഷം അശ്വതി ജയകുമാർ, സ്റ്റിൽസ് ബിജിത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ, പി.ആർ.ഒ എ.എസ്. ദിനേശ് തുടങ്ങിയവരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്.
Recent Comments