മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ ജനറല്‍ പിക്ച്ചേഴ്സ് ഉടമയായ ‘അച്ചാണി രവി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ നവതിയിലേയ്ക്ക്.
വിദ്യാഭ്യാസത്തിനുശേഷം വ്യവസായത്തിലേയ്ക്ക് കടന്ന അദ്ദേഹം വിജയലക്ഷ്മി കാഷ്യു കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ്. കലയെ അതിരറ്റ് സ്നേഹിക്കുന്ന അദ്ദേഹം 1967 ലാണ് ചലച്ചിത്ര നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നുവരുന്നത്. ജനറല്‍ പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ തുടക്കമായിരുന്നു അത്. പി. ഭാസ്കരന് സംവിധാനം ചെയ്ത ആദ്യ ചിത്രമായ അന്വേഷിച്ചു കണ്ടെത്തിയില്ല മികച്ച ചിത്രത്തിനുള്ളദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 1973 ല്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത അച്ചാണി എന്ന ചിത്രം അന്നത്തെ കാലത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാമതായിരുന്നു. ആ ചിത്രത്തിനുശേഷം അദ്ദേഹം ‘അച്ചാണി രവി’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജി. അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ജനറല്‍ പിക്ച്ചേഴ്സിനോടൊപ്പം ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകള്‍ പിറന്നുവീണു. അരവിന്ദന് സംവിധാനം ചെയ്ത കാഞ്ചനസീത, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന് എന്നിവയൊക്കെ സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ കരസ്തമാക്കുകയും നിരൂപക പ്രശംസയും നേടിയെടുക്കുകയും ചെയ്തു. പരേതയായ ഭാര്യ ഉഷാരവി പിന്നണി ഗായികയായിരുന്നു. തമ്പിലെ കാനകപ്പെണ്ണ് എന്ന് തുടങ്ങുന്ന ഗാനം ഏറെ പ്രശസ്തമാണ്.
കൊല്ലത്തിന്റെ സാമൂഹ്യസാംസ്കാരിക മേഖലകളിലും രവീന്ദ്രനാഥന്‍ നായര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അച്ചാണി എന്ന ചിത്രത്തിന്റെ ലാഭമാണ് കൊല്ലത്തെ പബ്ലിക് ലൈബ്രറിക്ക് തുടക്കമിടാന്‍ രവിയെ ഏറെ സഹായിച്ചത്. മാത്രമല്ല സോപാനം ആഡിറ്റോറിയം, ആര്‍ട്ട് ഗ്യാലറി തുടങ്ങിയവയൊക്കെ രവീന്ദ്രന്‍നായരുടെ സംഭാവനകളാണ്.
Recent Comments