ഒടുവിൽ ശ്രുതിയെ തനിച്ചാക്കി ഭാവി ഭർത്താവും ജെൻസനും യാത്രയായി. നാടിന്റെ നോവായി ജെൻസൻ മാറുമ്പോൾ ശ്രുതിയ്ക്ക് ഇനി വേണ്ടത് നാടിന്റെ കൈതാങ്ങ്. കാലിന്റെ ശസ്തക്രിയ്ക്ക് ശേഷം, കൽപ്പറ്റയിലെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി മേപ്പാടി വിങ്സ് ആശുപത്രിയിൽ എത്തിയാണ് ജെൻസനെ അവസാനാമായി കണ്ടത്. ബന്ധുക്കൾ തന്നെയാണ് മരണവിവരം ശ്രുതിയെ അറിയിച്ചത്. ഹൃദയഭേദകമായ കാഴ്ചകളാണ് മേപ്പാടി വിങ്സ് ആശുപത്രിയിൽ ബുധനാഴ്ച രാത്രി അരങ്ങേറിയത്. വിധിയുടെ ക്രൂരത കണ്ടവരും കേട്ടവരും എല്ലാം കണ്ണീരണിഞ്ഞ കാഴ്ചകൾക്കാണ് ആശൂപത്രി വേദിയായത്.
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛന്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻ.എം.എസ്. എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ.
ജെൻസനുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തമുണ്ടായത്. മാതാപിതാക്കളും സഹോദരിയും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയതോടെ ഒറ്റയ്ക്കായിപ്പോയ ശ്രുതിയെ ജെൻസൻ കൈപിടിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ചൂരൽമലയിലെ ദുരന്തത്തിൽ നിന്ന് ശ്രുതി കരകയറി വരുന്നതിനിടെയാണ് കൽപറ്റയിൽ ഇരുവരെയും വിധി കാത്തിരുന്ന് ആക്രമിച്ചത്.
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.
ഡിഎൻഎ പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിയപ്പെട്ട ശേഷം ആദ്യമായി അമ്മയെ അടക്കിയ സ്ഥലം കാണാൻ പുത്തുമലയിലെ പൊതുശ്മാശാനത്തിൽ എത്തിയതായിരുന്നു ശ്രുതിയും ജെൻസനും. ഇവിടെ നിന്നു കോഴിക്കോട് ബന്ധുവീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.
Recent Comments