ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് കഴിഞ്ഞയാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍തന്നെ മണത്തതാണ് ചിലരുടെ പുറത്താകല്‍. അതിപ്പോള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചേര്‍ന്ന് ഒരുമിച്ചൊരു തീരുമാനം എടുത്തിരിക്കുന്നു. ഷെയ്ന് നിഗത്തെയും ശ്രീനാഥ് ഭാസിയെയും ഇനിയൊരു കാലയളവിലേയ്ക്ക് സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം. അത് വിലക്കല്ലെന്നാണ് സംഘടനകളുടെ വ്യാഖ്യാനമെങ്കിലും പ്രയോഗത്തില്‍ അത് വിലക്കിന് തുല്യംതന്നെയാണ്.
ഈ രണ്ട് താരങ്ങള്‍ക്കെതിരെയും നിരവധി പരാതികളാണ് സംഘടകളിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ തന്റെ ബന്ധുക്കള്‍കൂടി കാണണമെന്ന നിലപാടാണ് ഷെയ്ന് നിഗത്തിനെതിരെരായ വിലക്കിലേയ്ക്ക് നയിച്ചത്. ശ്രീനാഥ് ഭാസിയാകട്ടെ ഒന്നിലധികം സിനിമകള്‍ കമ്മിറ്റ് ചെയ്യുകയും അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പേര് ഏതാണെന്നുപോലും അറിയാത്ത അവസ്ഥയിലാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് തല്ക്കാലം ഇവരെവച്ച് സിനിമ ചെയ്യേണ്ടതില്ലെന്നാണ് സംഘടനകള്‍ ഒത്തുകൂടി തീരുമാനമെടുത്തിരിക്കുന്നത്. ഇവരുടെ നിര്‍ദ്ദേശത്തെ മറികടന്ന് ആരെങ്കിലും ഈ താരങ്ങളെവച്ച് സിനിമ ചെയ്യാന്‍ തയ്യാറായാല്‍ സംഭവിക്കാവുന്ന എല്ലാ ബാധ്യതകളും ആ സിനിമയുടെ നിര്‍മ്മാതാവ് തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് ഉണ്ട്. ചുരുക്കത്തില്‍ ഉപരോധത്തിന് തുല്യമായ സ്ഥിതിവിശേഷമാണ് ഈ രണ്ട് താരങ്ങള്‍ക്ക് നേരെയും ഉണ്ടായിരിക്കുന്നത്.
രാസ-ലഹരിവസ്തുക്കളുടെ ഉപയോഗം ചെറുപ്പക്കാരായ താരങ്ങള്‍ക്കിടയില്‍ കൂടുതലാണ്. ഇവരുടെ പേര് വിവരങ്ങള്‍ തല്ക്കാലം പറയുന്നില്ല. പക്ഷേ, ഇവരെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുന്നതിനുവേണ്ടി സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനോട് സംസാരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംഘടനാഭാരവാഹികള്‍ പറഞ്ഞു.
പ്രശ്നക്കാരായ താരങ്ങളെവച്ച് സിനിമ ചെയ്യുന്നതിന് പകരം അവരെ ഒഴിവാക്കുന്നതാണ് ഇതിനുള്ള പരിഹാരമെന്ന് കാന്‍ ചാനല്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ഏതാണ്ട് സമാനമായ തീരുമാനമാണ് സിനിമാ സംഘടനാഭാരവാഹികളില്നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും.
Recent Comments