കുറ്റമറ്റ തിരക്കഥകള്‍ എണ്ണത്തില്‍ വളരെ വിരളമായെ ഉണ്ടാകാറുള്ളു. അത് വലിയ വാണിജ്യ വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നതും മറ്റൊരു അപൂര്‍വതയാണ്. പപ്പന് പ്രിയപ്പെട്ട പപ്പന് കഴിഞ്ഞ് സിദ്ദിഖ് ലാല്‍ സഖ്യം സൃഷ്ടിച്ചത് അത്തരം അപൂര്‍വമായ മൂന്ന് പാഠപുസ്തകങ്ങളാണ്. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍. സിനിമയുടെ മര്‍മ്മം ആഴത്തില്‍ അറിഞ്ഞുളള എഴുത്ത്. ആ എഴുത്ത് സഖ്യത്തിലെ സിദ്ദിഖ് എന്ന കണ്ണി മലയാള സിനിമയോട് വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.
സൗമ്യതയുടെ മുഖമായിരുന്നു സിദ്ദിഖ്. സരസമായ ചിരി, ലളിതമായ ശബ്ദം. ചില പ്രശ്നങ്ങള്‍ കാരണം തന്റെ നിര്‍മാതാവിന് പണം തിരികെ കൊടുക്കാനുള്ള വിശാല മനസ്സ് സിദ്ദിഖിനെ പോലെ വേറെയാര്‍ക്കും ഇന്നേവരെ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. ബോളിവുഡില്‍ പണക്കിലുക്കം സൃഷ്ടിക്കാന്‍ കഴിയുമ്പോഴും സിദ്ദിഖ് സാധാരണ മനുഷ്യനായി കേരളത്തില്‍ തന്നെ തുടര്‍ന്നു. ഇവയെല്ലാമാണ് മറ്റുള്ള സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് സിദ്ദിഖിനെ വ്യത്യസ്തനാക്കുന്നത്.
കഥയെ കളിമണ്ണ് പോലെയാണ് സിദ്ദിഖ് കൈകാര്യം ചെയ്തിരുന്നത്. ഇഷ്ടാനുസരണം എങ്ങോട്ടും തിരിച്ചു വിടാന്‍ സിദ്ദിഖിന് കഴിയുമായിരുന്നു. അസംഭവ്യം എന്ന് കരുതുന്ന സന്ദര്‍ഭങ്ങള്‍ പോലും സിദ്ദിഖിന് പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ നിമിഷങ്ങള്‍ മതി. അതിന് ആവശ്യമായ രചനാ വൈഭവം സിദ്ദിഖിന്റെ പേനയില്‍ ആദ്യ കാലം മുതലേ ഉണ്ട്. തിരക്കഥയായിരുന്നു സിദ്ദിഖിന്റെ ശക്തി. സീനുകളില്‍ ഏറ്റ കുറച്ചിലില്ലാതെ എല്ലാം പാകത്തിന് പ്രേക്ഷകന് മുമ്പില്‍ അവതരിപ്പിക്കുന്നു. വളരെ റിലേറ്റബിളായ അന്തരീക്ഷത്തില്‍ നിന്നും നുണയുടെ കൈലാസത്തിലേക്കുള്ള പ്രയാണമായിരുന്നു ആദ്യ കാലത്തെ തിരക്കഥകളെല്ലാം. പക്ഷേ അവയിലെല്ലാം പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളുടെ ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു.
റാംജി റാവുവില്‍ തൊഴിലില്ലായ്മ ആണെങ്കില്‍, ഗോഡ്ഫാദറില് പകയില്‍ ഞെരിഞ്ഞമങ്ങുന്ന കുടുംബ ബന്ധങ്ങളിലെ സംഘര്‍ഷങ്ങളും, വിയറ്റ്നാം കോളനിയില്‍ ഭൂമാഫിയയുടെ ആപത്കരമായ ഇടപെടലുകളും ആയിരുന്നു. അങ്ങനെ പ്രശ്നങ്ങളുടെ ഒരു രണഭൂമിയായിരുന്നു ആ തിരക്കഥകളെല്ലാം. എന്നാല്‍ മഴവെള്ള പാച്ചിലായി വന്ന കോമഡിയില്‍ ഇവയൊന്നും വേണ്ട പോലെ ശ്രദ്ധിക്കാന്‍ പ്രേക്ഷകന് കഴിഞ്ഞില്ല. എന്നാല്‍ സിദ്ദിഖിന്റെ കഥകള്‍ക്കെല്ലാം വ്യത്യസ്തമായ ലോകോത്തര മാനവും ഉണ്ടായിരുന്നു. അതിന് ഉദാഹരണമാണ് തമാശയ്ക്കെങ്കിലും പറയുന്ന വിയറ്റ്നാം കോളനിയും അവതാറും തമ്മിലുള്ള സാമ്യം.
പ്രിയന്റെ സ്ലാപ്സ്റ്റിക്കിനും ശ്രീനിയുടെ വിറ്റുകള്ക്കും ഇടയില്‍ ഹ്യൂമര്‍ എന്ന പാത മലയാള സിനിമയില്‍ വെട്ടിയുണ്ടാക്കിയതും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടായിരുന്നു. ഒന്നാം വട്ടം വായിച്ച് ചിരിച്ച്, രണ്ടാം വട്ടം വായിച്ച് ചിരിച്ച്, മൂന്നാം വട്ടവും ചിരി നിലനില്ക്കുന്നുണ്ടെങ്കില് മാത്രമെ അവര്‍ സിനിമയില്‍ ഒരു തമാശ ഉപയോഗിക്കുകയുള്ളു. കഥകളുടെ അവിശ്വസിനീയത മാറ്റാന്‍ ഈ തമാശകളും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
1993-ല്‍ കാബൂളിവാലയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ ഒന്നിച്ചത് 1995-ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നു.
പിന്നീടിങ്ങോട്ടുള്ള മൂന്ന് പതിറ്റാണ്ട് സിദ്ദിഖ് ഒറ്റയ്ക്ക് ചിത്രങ്ങളൊരുക്കി. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര് തുടങ്ങിയ ഹിറ്റുകള്‍ പിന്നാലെയെത്തി. 2004-ല്‍ വിജയകാന്ത് നായകനായ എങ്കള്‍ അണ്ണയുമായി തമിഴിലേക്കും പ്രവേശിച്ചു.
മലയാള ചിത്രം ബോഡി ഗാര്‍ഡിന് തമിഴ്, ഹിന്ദി പതിപ്പുകളുണ്ടായി. സല്മാന് ഖാന് നായകനായ ഹിന്ദി ചിത്രം ബോഡി ഗാര്‍ഡും വിജയ് ചിത്രം കാവലനും പണംവാരിയ ചിത്രങ്ങള്‍ ആയി. ഹിന്ദി ചിത്രം ബോഡി ഗാര്‍ഡിലൂടെ ബോളിവുഡിലെ നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളിയായി മാറി. 2005-ല്‍ മാരോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തി. രണ്ട് പതിറ്റാണ്ടിനുശേഷം 2016-ല്‍ കിങ് ലയര്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിദ്ദിഖ്-ലാല്‍ സഖ്യം വീണ്ടുമൊന്നിച്ചു.
2020-ല്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ബിഗ് ബ്രദറാണ് സിദ്ദിഖിന്റെ അവസാനചിത്രം. ഹിന്ദിയിലടക്കം ചില ചിത്രങ്ങളുടെ ചര്‍ച്ചയ്ക്കിടെയാണ് സിദ്ദിഖിന്റെ അപ്രതീക്ഷിത മടക്കം ഉണ്ടായത്.
മലയാളത്തിന്റെ ജെന്റില്മാന് സിദ്ദിഖിന് ഓര്‍മ്മ പൂക്കള്‍.
Recent Comments