‘ഞാന്‍ എറണാകുളത്തുകാരനാണ്. എനിക്ക് പോലും ഇന്നലെവരെ അറിയുമായിരുന്നില്ല, മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നുപോലും വൈകിയാണ് അറിഞ്ഞത്. അതും തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെ. ആ നാടകം എഴുതിയിരിക്കുന്നത് ചിദംബരം മാസ്റ്ററാണ്. എന്റെ സിനിമയ്ക്കു(തുറമുഖം) വേണ്ടി തിരക്കഥയെഴുതിയ ഗോപന്റെ അച്ഛനാണ് ചിദംബരം. ഞാനും ഗോപനും അടുത്ത സുഹൃത്തുക്കളാണ്. ഗോപനിലൂടെയാണ് ഞാന്‍ മട്ടാഞ്ചേരി വെടിവയ്പ്പിനെക്കുറിച്ചും അതിന്റെ ചരിത്ര വിസ്മൃതികളെക്കുറിച്ചും കൂടുതലായി അറിയുന്നത്. അടുത്തിടെ തുറമുഖമെന്ന നാടകം ഞങ്ങള്‍ വീണ്ടും അരങ്ങിലെത്തിച്ചു. നല്ല പ്രതികരണമാണ് നാടകത്തിന് ലഭിച്ചത്. അതാണ് തുറമുഖം സിനിമയാക്കാന്‍ പ്രചോദനമായത്.’ തുറമുഖത്തിന്റെ സംവിധായകന് രാജീവ് രവി കാന്‍ ചാനലിനോട് മനസ്സ് തുറന്നു.
‘1953 ലാണ് മട്ടാഞ്ചേരി വെടിവയ്പ്പ് നടക്കുന്നത്. പോര്‍ട്ടുമായി ബന്ധപ്പെട്ട തൊഴില്തര്ക്കങ്ങളും അതിനോടനുബന്ധിച്ച് നടന്ന സമരങ്ങളുമാണ് വെടിവയ്പ്പിലേയ്ക്ക് കലാശിച്ചത്. മൂന്ന് പേര് മരിച്ചതായിട്ടാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആ സംഭവത്തിന് ദൃക്സാക്ഷികളായ ചിലരെങ്കിലും മട്ടാഞ്ചേരിയില്‍ ഇന്നും ജീവനേെട ഉണ്ട്. അവരുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞതില്നിന്ന് മരണസംഖ്യ ഇതിനും വളരെ കൂടുതലാണ്.’
‘തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുവേണ്ടി നടന്ന സമരമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു സമരത്തെ നയിച്ചത്. എന്നിട്ടും അതിനകത്ത് പല അന്തര്‍നാടകങ്ങളും അരങ്ങേറി. സിനിമ കണ്ടുകഴിയുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാകും.’
‘ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള സമരമായിരുന്നിട്ടും അത് വിസ്മൃതിയിലാണ്ടുപോയത് ദുരൂഹമാണ്. മട്ടാഞ്ചേരി വെടിവയ്പ്പിനെക്കുറിച്ച് ചരിത്രരേഖകളില്‍ എവിടെയും വിശദമായി രേഖപ്പെടുത്തി കണ്ടിട്ടില്ല. അതിനൊരു ഡോക്യുമെന്റേഷന് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ടാണ് തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മുന്നോട്ട് വന്നത്.’
‘ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും സ്ട്രെയിന്‍ വേണ്ടിവന്ന സിനിമയാണ്. ഒന്നാമതായി ഇതൊരു പിരീയഡ് സിനിമയാണ്. 30 ഉം 40 ഉം 50 ഉം കാലഘട്ടങ്ങള്‍ ഇതില്‍ വന്നുപോകുന്നുണ്ട്. ഇതിനെയെല്ലാം പുനഃസൃഷ്ടിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഗോകുല്‍ദാസ് എന്ന കലാസംവിധായകന്റെ മികവ് രേഖപ്പെടുത്തുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാകും ഇത്. കണ്ണൂരിലും തലശ്ശേരിയിലും ബേപ്പൂരിലും എറണാകുളത്തും മട്ടാഞ്ചേരിയിലുമൊക്കെയായി സെറ്റ് വര്‍ക്ക് ചെയ്താണ് ചിത്രീകരണം നടത്തിയത്. നൂറു കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമായിരുന്നു. കൊറോണയും ലോക്ക് ഡൗണും ഷൂട്ടിംഗിന് കടുത്ത വിഖാതം സൃഷ്ടിച്ചു. ഷൂട്ടിംഗ് ദിനങ്ങള്‍ അനവധി വേണ്ടിവന്നു. ബഡ്ജറ്റ് പ്രതീക്ഷിച്ചതിലും കൂടുതലായി. ഈ പ്രതിസന്ധികള്‍ക്കിടയിലും തുറമുഖം പൂര്‍ത്തിയാക്കാനായി എന്നത് സന്തോഷം നല്കുന്ന കാര്യമാണ്.’
‘ഇതൊരു പിരീയഡ് സിനിമയായതുകൊണ്ട് തീയേറ്ററുകളില്പോയിതന്നെ ആളുകള്‍ തുറമുഖം കാണണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് മെയ് 13 ന് പ്രദര്‍ശനം പ്രഖ്യാപിച്ചത്. വി.എഫ്.എക്സുമായി ബന്ധപ്പെട്ട ചില വര്‍ക്കുകള്‍കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ.’
നിവിന്പോളിയെപ്പോലൊരു അഭിനേതാവിനെ തുറമുഖത്തിലേയ്ക്ക് കാസ്റ്റ് ചെയ്യേണ്ടിവന്ന പശ്ചാത്തലമെന്തായിരുന്നു?
ഇതിലെ മൊയ്തു എന്ന കഥാപാത്രത്തിന്റെ ശരീരപ്രകൃതിക്കിണങ്ങുന്ന ഒരാള്‍ നിവിനായതുകൊണ്ടുതന്നെയാണ് കാസ്റ്റ് ചെയ്തത്. മൂത്തോനില്‍ നിവിനോടൊപ്പം വര്‍ക്ക് ചെയ്ത പോസിറ്റീവ് എക്സപീരിയന്‍സും ഉണ്ടായിരുന്നു.
രാജീവിന്റെ തന്നെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ഷൂട്ടിംഗും സമാന്തരമായി നടന്നിരുന്നല്ലോ. അതിന്റെ വര്‍ക്കുകള്‍ എവിടെവരെയായി?
ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുറ്റവും ശിക്ഷയുടെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് രാജസ്ഥാനില്‍ പോയി ഷൂട്ട് തീര്‍ത്തു വന്നു. ആസിഫ് അലിയും സണ്ണി വെയ്നും അലന്‍സിയറും ഷറഫുദിനും ആ ഷെഡ്യൂളില്‍ ഉണ്ടായിരുന്നു.
സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖം നിര്‍മ്മിക്കുന്നത്. നിവിനെ കൂടാതെ ഇന്ദ്രജിത്ത്, പുര്‍ണ്ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്, ജോജു ജോര്‍ജ്, അര്ജുന് അശോകന്, മണികണ്ഠന്, സുദേവ്, സെന്തിന്‍, ദര്‍ശന രാജേന്ദ്രന് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
Recent Comments