ദൃശ്യത്തിന്റെ രണ്ടാംഭാഗം കണ്ടത് നാല് ചുവരുകള്‍ക്കുള്ളില്‍ ശീതീകരിക്കപ്പെട്ട ഇരുട്ടിലിരുന്നുകൊണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ തുറന്ന ജനാലകള്‍ക്ക് ചുവടെയായിരുന്നു. ദൃശ്യാനുഭവത്തിന്റെ ആ ന്യൂനത ഒഴിവാക്കിയാല്‍ ഒറ്റയിരിപ്പില്‍ ഒട്ടും മുഷിയാതെ ദൃശ്യം 2 കണ്ടുതീര്ക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു.
തുടക്കത്തില്‍ സിനിമ ഇഴഞ്ഞു നീങ്ങുന്നതുപോലൊരു ഫീല്‍. കരണ്ടിയില്‍ വിളമ്പിത്തരുന്ന അനുഭവം. സംഭാഷണങ്ങളില്‍പോലും നാടകീയത. എന്താണ് സംഭവിക്കുന്നതെന്നോര്ത്തപ്പോള് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് സംവിധായകന് ഫാസില്‍ പറഞ്ഞ വാക്കുകളാണ്.
മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ് സമയം. ഗംഗയാണ് (ശോഭന) യഥാര്‍ത്ഥ മനോരോഗി എന്ന് വെളിപ്പെടുത്തുന്ന രംഗത്തില്‍ ഡോ. സണ്ണി (മോഹന്‍ലാല്‍) ആവശ്യത്തില്‍കൂടുതല്‍ സമയമെടുത്ത് ഡയലോഗ് പറയുന്നതായി ഫാസിലിന് തോന്നി. ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുമ്പോള് അദ്ദേഹത്തിനുപോലും ലാഗ് അനുഭവപ്പെട്ടു. അത് പറയാന്‍ ശ്രമിച്ചെങ്കിലും ലാലിന്റെ ഒറ്റ മറുപടിയില്‍ ആ ടേക്ക് ഓക്കെയാക്കുകയായിരുന്നു. സ്ക്രീനില്‍ കണ്ടപ്പോഴാണ് ആ പ്രസന്റേഷന്റെ മനോഹാരിത ഫാസിലുപോലും തിരിച്ചറിഞ്ഞത്. പ്രേക്ഷകരെ തിര്യപ്പെടുത്താന് അതാവശ്യമായിരുന്നു.
ദൃശ്യം 2 ന്റെ ആദ്യഭാഗത്തെ സ്പൂണ്ഫീഡിംഗും പ്രേക്ഷകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനുള്ള ജീത്തു എന്ന മിടുക്കനായ തിരക്കഥാകൃത്തിന്റെ തന്ത്രമായിരുന്നുവെന്നറിയുന്നത് പിന്നീടങ്ങോട്ടുള്ള കാഴ്ചാനുഭവങ്ങളിലാണ്. ടേക്കോഫിന് മുമ്പുള്ള ശാന്തത മാത്രമായിരുന്നു അത്.
സിനിമ പൂര്‍ത്തിയാകുമ്പോള്‍ ജോര്‍ജ്ജുകുട്ടി എന്ന നായകനെ നമ്മള് ഒരിക്കല്‍കൂടി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുറപ്പിച്ചിരിക്കും. നായകന് തോല്‍വി അറിയാത്ത ഒരാളായിരിക്കണം എന്ന മാമൂലുകളില്‍ ചുറ്റിത്തിരിയുന്നുവെന്ന് തോന്നാമെങ്കിലും നായകന്റെ ഹീറോയിസത്തെ ഇഷ്ടപ്പെടുന്നവര്‍ അദ്ദേഹത്തെ തോളില്‍ ഏറ്റുകതന്നെ ചെയ്യും.
ജോര്‍ജ്ജുകുട്ടി ക്രിമിനല്‍ മൈന്‍ഡുള്ള ഒരു കഥാപാത്രമാണെന്ന് അടിച്ചുറപ്പിക്കുകയാണ് സംവിധായകന് രണ്ടാംഭാഗത്തും ചെയ്യുന്നത്. പോലീസിനെയും നീതിപീഠത്തെയും സമര്‍ത്ഥമായി തോല്‍പ്പിക്കുന്ന ഒരാള്‍. അവിടെയാണ് നായകന്റെ ഹീറോയിസം ആകാശത്തോളം ഉയരുന്നത്. ഇതിന്റെ ശരിതെറ്റുകളെക്കുറിച്ച് പതിവുപോലെ വിവാദങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ശരിയാണ്. നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ജോര്ജ്ജുകുട്ടിയും കുറ്റക്കാരനല്ലാതാകുന്നില്ല. പക്ഷേ ജോര്ജ്ജുകുട്ടിക്ക് ഒരു തീരുമാനമുണ്ട്. തന്റെ കുടുംബത്തെ രക്ഷിക്കണം. ആ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ മറ്റൊന്നിനുമുന്നിലും കീഴടങ്ങാന്‍ അയാള്‍ തയ്യാറല്ല. മനസ്സുകൊണ്ട് ഗീതയുടെയും (ആശാശരത്ത്) പ്രഭാകരന്റെയും (സിദ്ധിക്ക്) മുന്നിലല്ലാതെ. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ആ നിലപാടുകളെ അംഗീകരിച്ചേ മതിയാകൂ.
ഇത്തവണ ക്രിയേറ്റര്‍ എന്നതിനെക്കാള്‍ ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ ജീത്തു ജോസഫ് ഒരു പടി മുന്നില്‍ നില്ക്കുന്ന അനുഭവത്തിനാണ് ദൃശ്യം 2 സാക്ഷ്യം വഹിക്കുന്നത്. കാരണം ചിത്രത്തിന്റെ ക്ലൈമാക്സിനേയും ടെയ്ല് എന്റിനേയും ജീത്തുജോസഫ് എന്ന എഴുത്തുകാരന് സമര്‍ത്ഥമായി പ്രതിഷ്ഠിക്കുന്നത് ഒരു സിനിമാകഥയ്ക്ക് മേലാണ്. അതിന്റെ സ്വാതന്ത്ര്യം ആവോളം ആഘോഷിക്കുന്നുമുണ്ട്. സിനിമ കണ്ടിറങ്ങുന്ന ആര്‍ക്കെങ്കിലും ഉള്ളതിലും വലുതാക്കി പറഞ്ഞു എന്നൊരു തോന്നല്‍ ഉണ്ടാക്കിയെങ്കില്‍ സിനിമാക്കഥയല്ലേ എന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ഒരു വഴി തെളിച്ച് വൃത്തിയാക്കിയിട്ടിരിക്കുകയാണ് ജീത്തു ജോസഫ്.
ദൃശ്യത്തിന്റെ ആദ്യഭാഗമാണോ രണ്ടാം ഭാഗമാണോ മുന്നിലെന്ന് ചോദിച്ചാല്‍ ഒന്നും ഒന്നിനെക്കാള്‍ മുന്നിലുമല്ല പിന്നിലുമല്ല എന്ന് സമ്മതിക്കേണ്ടിവരും. എന്നാല്‍ ചേരുംപടി ചേര്‍ത്ത് പരിശോധിച്ചാല്‍ കുറവുകളുടെ ഒരു നേരിയ നിഴലെങ്കിലും രണ്ടാംഭാഗത്തെ പിന്തുടരുന്നുണ്ട്. പ്രത്യേകിച്ചും അഭിനേതാക്കളുടെ പ്രകടനങ്ങളില്‍. ചിലയിടങ്ങളിലെങ്കിലും അവര്‍ അഭിനയിക്കുന്നതായി തോന്നുകയാണ്.
ആകെ ഒരു ദുഃഖം ദൃശ്യം 2 തീയേറ്ററുകളിലെത്തിയില്ല എന്നതാണ്. കോവിഡ് ഉണ്ടാക്കിയ തീയേറ്ററുകളിലെ ശൂന്യതയെ ദൃശ്യത്തിന്റെ അസാമാന്യ ചാരുതകൊണ്ട് നിറയ്ക്കാമായിരുന്നു. അവിടേയ്ക്കുള്ള ഒഴുക്ക് കൂട്ടാമായിരുന്നു.
Recent Comments