ഈ കോവിഡ് കാലത്തായിരുന്നു അജന ജോസിന്റെയും വിയോഗം. വൈദ്യുതാഘാതമേറ്റാണ് ആ കുട്ടി മരിച്ചത്. ഇത് സംബന്ധിച്ച് പത്രവാര്‍ത്തകള്‍ വന്നപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി വിശ്വശാന്തി ഫൗണ്ടേഷന് പ്രവര്‍ത്തകരും അറിയുന്നത്. ടാര്‍പോളിന്‍ കൊണ്ട് മറച്ച, അടച്ചുറപ്പില്ലാത്ത വീടായിരുന്നു അജനയുടേത്.
വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ ശാന്തി ഭവനം പദ്ധതിക്ക് തുടക്കമിട്ട നാളുകളായിരുന്നു അത്. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുക്കുന്ന പദ്ധതിയാണ്. തീര്‍ത്തും അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കണമെന്ന് ഫൗണ്ടേഷന് പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ജോസിന്റെ കുടുംബത്തിനെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
വൈകാതെതന്നെ അവര്‍ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. അതിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത് മോഹന്‍ലാലായിരുന്നു. അജനയുടെ അച്ഛന് ജോസാണ് ലാലില്‍നിന്ന് താക്കോല്‍ ഏറ്റുവാങ്ങിയത്. അജനയുടെ കുടുംബാഗങ്ങളും ചടങ്ങില്‍ പങ്കുകൊണ്ടിരുന്നു.
ശാന്തിഭവനം പദ്ധതിയില്‍ പെടുന്ന രണ്ടാമത്തെ വീട് നിര്‍മ്മിച്ച് നല്‍കുന്നത് കഴിഞ്ഞ പ്രളയത്തില്‍ മരിച്ചുപോയ ലിനുവിന്റെ കുടുംബത്തിനാണ്. കോഴിക്കോട് സ്വദേശിയാണ് ലിനു. പ്രളയരക്ഷാപ്രവര്‍ത്തനങ്ങളില്‍ ലിനുവും പങ്കാളിയായിരുന്നു. അനവധിപ്പേരെ രക്ഷപ്പെടുത്തി. അതിനിടയിലായിരുന്നു മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ട് പോയത്. പ്രളയത്തില്‍ ലിനുവിനും വീട് നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശ്വശാന്തി പ്രവര്‍ത്തകര്‍ ലിനുവിന്റെ കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്കുവാന് തീരുമാനിക്കുന്നത്. പ്രശസ്ത അര്‍ക്കിടെക്ട് ദിനേശിനെയാണ് ലാല്‍ ഈ വീടിന്റെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കോവിഡ് കാലത്തും പ്രളയ കാലത്തും വിശ്വശാന്തി ഫൗണ്ടേഷന് അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചതന്നെയാണ് ശാന്തിഭവനം പദ്ധതിയും. മോഹന്‍ലാല്‍ തന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച ജീവകാരുണ്യസംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷന്.
Recent Comments