സുരേഷ് ഗോപി വീണ്ടും വ്യത്യസ്തനായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്.
സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാംഗമായ സുരേഷ് ഗോപി 2024ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ 74,686 വോട്ടിനാണ് തൃശൂരില്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാമതായ ഏക മണ്ഡലമാണ് തൃശ്ശൂര്‍.
18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും, പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകാനാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ മൂന്നുവട്ടം അധ്വാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് തവണ പാര്‍ലമെന്റംഗമായ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചു. ജൂണ്‍ 26നാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക. ഇക്കുറി 293 സീറ്റുകളുമായി എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 240 സീറ്റുകളാണുള്ളത്. മറുവശത്ത് പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകളാണുള്ളത്.
Recent Comments