യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കുറിലോസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത രീതിയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക സൈബര്‍ തട്ടിപ്പുകള്‍. പാലക്കാട് നഗരത്തിലെ ഡോക്ടര്‍മാരും വ്യവസായിയും ഉള്‍പ്പെടെ മൂന്നു പേരാണ് നിലവില്‍ പരാതിയുമായി രംഗത്ത് വന്നത്. ഒരൊറ്റ കോളിലൂടെയാണ് തട്ടിപ്പു സംഘം ആളുകളെ മാനസിക സമ്മ4ദ്ധത്തിലാക്കുന്നത്. ഇല്ലാത്ത പാഴ്സലിന്റെ പേരില്‍ പ്രമുഖ കൊറിയര്‍ കമ്പനിയില്‍ നിന്നെന്നു വിശ്വസിപ്പിച്ചെത്തുന്ന വീഡിയോ കോളിലൂടെയാണു തട്ടിപ്പ്.
ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തില്‍ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കൊറിയര്‍ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ഫോണ്‍ കോള്‍ തുടങ്ങുന്നത്. ഫോണ്‍ കസ്റ്റംസ്, പൊലീസ്, സൈബര്‍ സെല്‍ പോലുള്ള അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്കു കൈമാറുന്നുവെന്നു വിശ്വസിപ്പിച്ച് മറ്റൊരാള്‍ സംഭാഷണം തുടങ്ങുന്നതാണു രണ്ടാം ഘട്ടം. യൂണിഫോം ധരിച്ച് ഉദ്യോഗസ്ഥന് ചമഞ്ഞെത്തുന്നയാളാണ് താങ്കള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന നിലയില്‍ ഇരയെ തെറ്റിധരിപ്പിക്കുന്നത്.
കോള്‍ കട്ട് ചെയ്യരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ നിയമക്കുരുക്കില്പ്പെടുമെന്നുമാണു ഭീഷണി. ഇതേ തന്ത്രം പ്രയോഗിച്ചാണ് ഒറ്റപ്പാലത്തും തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. പലതവണ പരീക്ഷിച്ച തട്ടിപ്പുരീതികള്‍ ജനം തിരിച്ചറിഞ്ഞതോടെയാണ് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കി പണം തട്ടുത്ത വെര്‍ച്വല്‍ അറസ്റ്റ് എന്ന പുതിയ മാര്‍ഗവുമായി രംഗത്തുവന്നത്.
പാലക്കാട് ജില്ലയിലെ നഗരത്തിലെ വ്യവസായിയെ കബളിപ്പിച്ച് കൈക്കലാക്കിയത് 29.70 ലക്ഷം രൂപയാണ്. ഒരു ഡോക്ടറില്‍നിന്ന് ആറ് ലക്ഷം രൂപയും മറ്റൊരു ഡോക്ടറില്‍ നിന്ന് മൂന്ന് ലക്ഷവുമാണ് തട്ടിയത്. വീഡിയോ കോളിലൂടെ വെര്‍ച്വല്‍ അറസ്റ്റിലായെന്ന നിലയില്‍ തട്ടിപ്പു സംഘം കബളിപ്പിക്കാന്‍ ശ്രമിച്ചത് തിരിച്ചറിഞ്ഞു പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ പേരില്‍ പണം നഷ്ടമാകാതെ രക്ഷപ്പെട്ടത് നാലുപേര്‍. പണം നഷ്ടപ്പെട്ടതും അല്ലാത്തവരും ഉള്‍പ്പെടെ ഏഴുപേര്‍ക്കും ഒരാഴ്ചയ്ക്കിടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വലവിരിച്ചത്.
Recent Comments