നീണ്ട ഇടവേളക്ക് ശേഷം നവ്യാനായര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ച് 18ന് റിലീസിനെത്തും. റിലീസിന്റെ ഭാഗമായി പുരുഷന്മാര്ക്ക് മാത്രമായി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സ്ത്രീകളോടൊപ്പം സിനിമ കാണാന്‍ വരുന്ന പുരുഷന്മാര്ക്ക് ചിത്രത്തിന്റെ ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. പുരുഷന്മാര്ക്ക് മാത്രമായി അവതരിപ്പിക്കുന്ന കിടിലന്‍ ഓഫര്‍ എന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. സിനിമ റിലീസ് ആയി ആദ്യത്തെ മൂന്ന് ദിവസം, അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്കാണ് ഈ ഓഫര്‍. സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
മുന്‍പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു വേദി ഒരുക്കിയിരുന്നു. അനീതിക്കും അതിക്രമത്തിനും എതിരെ പ്രതികരിച്ച സാധാരണ സ്ത്രീകളുടെ അസാധാരണമായ ജീവിത കഥ പങ്കുവയ്ക്കന്നവരില് നിന്ന് തിരഞ്ഞെടുക്കുന്നവരെ ആദരിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
കൂടാതെ സംഘമായി വരുന്ന കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ടിക്കറ്റില്‍ പ്രത്യേക ആനുകൂല്യവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
വിനായകനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്.
Recent Comments