പഠനനിലവാരത്തിലും മറ്റു കലാകായികരംഗങ്ങളിലും ഏറെ മികവ് പുലര്‍ത്തി പോരുന്നതും മനോഹരവുമായ മദ്ധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്. ഈ കാംബസ് പടക്കളം എന്ന ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുകയാണിപ്പോള്. സെപ്റ്റംബര്‍ പത്തിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ ആരംഭിച്ചു. മലയാള സിനിമയില്‍ വലിയ പുതുമകള്‍ സമ്മാനിച്ചുപോരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു. ബേസില്‍ ജോസഫിനോടൊപ്പം സഹായിയായി പ്രവര്‍ത്തിക്കുകയും പ്രശസ്ത തിരക്കഥാകൃത്ത് ജസ്റ്റിന് മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചു പോന്നതിനു ശേഷമാണ് മനുസ്വരാജ് ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകു
ന്നത്.
പുതിയ സംവിധായകരെ ഏറ്റവും കൂടുതല്‍ മലയാള സിനിമക്കു നല്കിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. മനുസ്വരാജിനെ പടക്കളം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ അവതരിപ്പിക്കുന്ന പതിനാറാമത് പുതുമുഖ സംവിധായകനാണ് മനുരാജ്. ഇതോടെ പതിതാറ് പുതുമുഖ സംവിധായകരെ അവതരിപ്പിച്ച ക്രെഡിറ്റ് ഫ്രൈഡേ ഫിലിംസിന് മാത്രമായിരിക്കും.
പൂര്‍ണ്ണമായും ഒരു കാംബസ് ചിത്രമാണിത്. ചിത്രത്തിന്റെ തൊണ്ണൂറുശതമാനം രംഗങ്ങളും ഈ കാംബസ്സില്ത്തന്നെയാണ് ചിത്രീകരിക്കുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.
രണ്ടു ഷെഡ്യൂളുകളിലായി എഴുപതു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് കംബസ്സില് മാത്രം ചിത്രീകരിക്കുന്നത്.
ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു കാംബസ് എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ പെട്ടെന്ന് കടന്നുവരുന്ന പല മുന്‍വിധികളേയും തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിത്. ഫുള്‍ ഫണ്‍, ഫാന്റസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറഞ്ഞു. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു കാംബസാണിത്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പുതിയ തലമുറക്കാരും ഉയര്‍ന്ന ചിന്താഗതികളുമൊക്കെയുള്ളവര്. ശാസ്ത്രയുഗത്തില്‍, കോമിക്സും, സൂപ്പര്‍ ഹീറോയുമൊക്കെ വായിച്ച് അതില്‍ ആകൃഷ്ടരായ കുട്ടികളാണ്. അവരുടെ വീഷണങ്ങളിലും ചിന്തകളിലുമൊക്കെ ഇതിന്റെ പ്രതിഫലനങ്ങള്‍ ഏറെയുണ്ട്. ഇവിടെ ബുദ്ധിയും കുശലവുമൊക്കെ കൈമുതലായിട്ടുള്ള ഈ വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. വിദ്യാര്‍ത്ഥികളെ നേരിടുന്ന പ്രശ്നത്തെ തരണം ചെയ്യാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഏറെ തികഞ്ഞ ഹ്യൂമര്‍ മുഹൂര്‍ത്തങ്ങളിലൂടെ അവരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇതാണ് മറ്റു കാംബസ് ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്.
നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി, വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് ബോയ്( വാഴ ഫെയിം),
അരുണ്‍ അജികുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്സ് ഫെയിം), യു ട്യൂബറായ അരുണ്‍പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാംബസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീന് എന്നിവരും ഈ ചിത്രത്തിലെ തിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹന്‍ രാജാണ് മറ്റൊരു പ്രധാന താരം. ഇവര്‍ക്ക് പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു.
തിരക്കഥ- നിതിന്‍ സി. ബാബു, മനുസ്വരാജ്, സംഗീതം- രാജേഷ് മുരുകേശന് (പ്രേമം ഫെയിം), ഛായാഗ്രഹണം- അനു മൂത്തേടത്ത്, എഡിറ്റിംഗ്- നിതിന്‍രാജ് ആരോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, കലാസംവിധാനം- മഹേഷ് മോഹന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശരത് അനില്‍, ഫൈസല്‍ഷാ, പ്രൊഡക്ഷന്‍ മാനേജര്‍- സെന്തില്‍ കുവാര്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പി.ആര്.ഒ വാഴൂര്‍ ജോസ്, ഫോട്ടോ- വിഷ്ണു എസ്. രാജന്.
Recent Comments