ഇന്ന് മുതല്‍(ജൂലൈ 1) വലിയൊരു മാറ്റം രാജ്യത്ത് ഉണ്ടാകാന്‍ പോവുകയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ പേറി നടന്ന ഭാരതത്തിനു ഇന്ന് മുതല്‍ അതില്‍ നിന്നും മുക്തി നേടാന്‍ പോവുന്ന ബില്ലാണ് ഇന്ത്യയില്‍ നടപ്പാകാന്‍ പോവുന്നത്. അതോടെ പുതിയ ക്രിമിനല്‍ തെളിവുനിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ആ ബില്ലാണ് ഭാരതീയ ന്യായ സംഹിത.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാരതീയ ന്യായ സംഹിത വിജ്ഞാപനം ചെയ്തത്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ക്രിമിനല്‍ കോഡാണ് ഭാരതീയ ന്യായ സംഹിത (BNS). ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിലെ ഇന്ത്യന്‍ പീനല്‍ കോഡിന് ( IPC) പകരമായി 2023 ഡിസംബറിലാണ് ആഭ്യന്തര മന്ത്രി അമിത്ഷാ ഇത് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇതോടെ നമ്മുടെ നിയമ സംഹിത അടിമുടി മാറുമെന്നാണ് സൂചനകള്‍. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഒരു ബില്‍ ആണ് ഭാരതീയ ന്യായ സംഹിത.
ന്യായ ഭാരതീയ നിയമ സംഹിതയില്‍ 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും റദ്ദാക്കിയ ഐപിസിയിലെ 19 വ്യവസ്ഥകള്‍ ഒഴിവാക്കുകയും ചെയ്തു. 33 കുറ്റങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ നടപ്പാക്കി. ആറ് കുറ്റങ്ങള്‍ക്കാണ് കമ്മ്യൂണിറ്റി സര്‍വീസ് എന്ന ശിക്ഷ നിലവില്‍ വന്നത്.
2023-ലെ ഭാരതീയ ന്യായ സംഹിത ബില്ലിലൂടെ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വരുത്തുന്ന ചില സവിശേഷതകള്‍ ഇവയാണ്:
ഒന്ന്: ശരീരത്തിനെതിരായ കുറ്റകൃത്യങ്ങള്‍
കൊലപാതകം, ആത്മഹത്യാ പ്രേരണ, ആക്രമണം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ എന്നിവയില്‍ IPC യുടെ വകുപ്പുകള്‍ BNS നിലനിര്‍ത്തുന്നു. സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം അല്ലെങ്കില്‍ ചില കാരണങ്ങളാല്‍ ഒരു കൂട്ടം ഗുരുതരമായ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ പുതിയ കുറ്റകൃത്യങ്ങള്‍ ഇത് ചേര്‍ക്കുന്നു.
രണ്ട്: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍
ബലാത്സംഗം, അതിക്രമം, പിന്തുടരല്, സ്ത്രീയുടെ എളിമയെ അപമാനിക്കല്‍ എന്നിവയില്‍ ഐപിസിയുടെ വകുപ്പുകള്‍ ബിഎന്‍എസ് നിലനിര്‍ത്തുന്നു. കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ ഇരയെ മേജറായി തരംതിരിക്കാനുള്ള പരിധി ഇത് 16-ല്‍ നിന്ന് 18 വയസ്സായി വര്‍ദ്ധിപ്പിക്കുന്നു.
മൂന്ന്: സ്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍
മോഷണം, കവര്‍ച്ച, വഞ്ചന എന്നിവയില്‍ IPC യുടെ വ്യവസ്ഥകള്‍ BNS നിലനിര്‍ത്തുന്നു. സൈബര്‍ കുറ്റകൃത്യം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പുതിയ കുറ്റകൃത്യങ്ങള്‍ ഇതില്‍ ചേര്‍ക്കുന്നു. ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍: ബിഎന്‍എസ് രാജ്യദ്രോഹത്തെ ഒരു കുറ്റമായി നീക്കം ചെയ്യുന്നു. പകരം, ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ഒരു പുതിയ കുറ്റമുണ്ട്.
നാല്: പൊതുജനങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍
പരിസ്ഥിതി മലിനീകരണം, മനുഷ്യക്കടത്ത് തുടങ്ങിയ പുതിയ കുറ്റകൃത്യങ്ങള്‍ കൂടി ഭാരതീയ ന്യായ സംഹിതയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇതൊക്കെയാണ് പ്രധാന മാറ്റങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വിമര്‍ശനങ്ങളുമുണ്ട്. പാര്‍ലിമെന്റില്‍ ഈ നിയമം ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിച്ചപ്പോള്‍ പാര്ലിമെന്റില്നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുകയോ ഫലപ്രദമായി ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതുകൊണ്ട് ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഭാരതീയ ന്യായ സംഹിതയെ അനുകൂലിക്കുന്നവരും സമ്മതിക്കുന്നുണ്ട്. അവ പ്രയോഗത്തിലൂടെ പരിഹരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
ഇന്ത്യന്‍ പീനല്‍ കോഡിലുള്ള പോലെ ചില കുറ്റകൃത്യങ്ങള്‍ ഭാരതീയ ന്യായ സംഹിതയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത ബില്ലില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തെ മുഴുവനായും മാറ്റിസ്ഥാപിക്കാനും പുതിയ മാതൃകയില്‍ നിര്‍വചിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴകള്‍ക്കും ശിക്ഷകള്‍ക്കും പുതിയ സമീപനം നല്കാനുംമാണ് ഈ ബില്‍ ശ്രമിക്കുന്നത്. രാജ്യത്തില്‍ വലിയൊരു മാറ്റത്തിന് നന്ദി കുറിക്കുന്ന ബില്‍ പ്രവര്‍ത്തികമാകുന്ന അവസരത്തില്‍ പോലും സമൂഹത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോ ഇവ ചര്‍ച്ച ചെയ്യുവാന്‍ തായ്യാറാവാത്തത് എന്തുകൊണ്ട്?
Recent Comments